കാവ്
എന്തിനാണ് മകളെ നിന്റെ മുഖം കറുത്തത്, അങ്ങിനെ കറുക്കാൻ പാടില്ല. നിന്റെ പേരെന്തെന്ന് മറന്നോ…. ‘നിതാര’യെന്നാണ്. നിതാരയെന്നാൽ നിത്യവും താരമായിരിക്കുന്നവളെന്നാണ്. താരമായിരി
ക്കുകയെന്നാൽ പ്രകാശിക്കുകയെന്നാണ് അർത്ഥം. അതുകൊണ്ട് എന്റെ മകളുടെ മുഖം കറുക്കാൻ പാടില്ല. ഏതു പ്രതികൂല സാഹചര്യത്തിലും പ്രകാശിച്ചു കൊണ്ടിരിക്കണം. അതാണ് താരകം. ചിലപ്പോൾ മേഘപടലങ്ങൾ താരങ്ങളെ മറയ്ക്കാം. പക്ഷെ, അതൊരു മറമാത്രമാണ്, താരകത്തിന്റെ ശോഭയുടെ മങ്ങലല്ല.
കൊച്ചുമകൾ മുത്തച്ഛന്റെ മുഖത്തു നോക്കി, ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ സന്തോഷ മായി. മുത്തച്ഛന്റെ കണ്ണുകളിൽ അഗ്നിയുണ്ടെന്നവൾ കണ്ടു. ദേഹം ചടച്ചതെങ്കിലും, ചെറിയ കൂനുണ്ടെ
ങ്കിലും ഉള്ളിൽ കരുത്തുണ്ടെന്നറിഞ്ഞു.
ഇല്ല, മുത്തച്ഛാ, എനിക്ക് വിഷമമൊന്നും തോന്നിയില്ല. ഒന്നും തോന്നിയില്ല. ഞാൻ മുത്തച്ഛന്റെ കൂടെയാണെന്ന് നന്നായിട്ടറിയാം… മുത്തച്ഛന്‍ നടന്ന വഴികളെപ്പറ്റിയും അറിയാം….ആ വഴികളൊക്കെ നടന്ന മുത്തച്ഛൻ പതറില്ല എന്നും അറിയാം… അവൾ അങ്ങിനെ പറഞ്ഞില്ല, മനസ്സിൽ മൊഴിഞ്ഞതേയുള്ളൂ… മുത്തച്ഛനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നീട് അവൾ, മുത്തച്ഛന്റെ ആ കൊച്ചുമകൾ ഇത്തിരി തടിച്ച ദേഹമുള്ള പതിനാറുകാരി, നിതാര പരിദ്രമിക്കുകയോ, മ്ലാനയാകുകയോ അല്ല ചെയ്തത്‌എഴുപത്തിയഞ്ചിലും മുത്തച്ഛന്റെ പ്രതിരോധത്തെ കുറിച്ച് ചിന്തിക്കുകയാണുണ്ടായത്. അഞ്ചു നിമിഷം മുമ്പ് ഉണ്ടായ രസകരമായ സംഭവങ്ങൾ ഒരിക്കൽ കൂടി മനക്കണ്ണിൽ കണ്ടു.
താഴെ നിന്നുമാണവർ വന്നത്, താഴെ എന്നു പറഞ്ഞാൽ വളരെ താഴെയാണെന്ന് പറയാൻ കഴിയില്ല, ഇപ്പോൾ. എന്നാൽ കാരണവരുടെ ഏറ്റവും പഴയ ഓർമ്മയിൽ വളരെ താഴെയാണ്. സാമാന്യം വലിയൊരു മലയുടെ താഴെ. ആ മലയാകെ ഇടിച്ചു നിരത്തി മണ്ണെവിടേക്കല്ലാമോ കൊണ്ടു പോയി. നിരപ്പാക്കിയ ഇടത്തൊക്കെ വീടുകൾ വച്ചു. കുഞ്ഞു വീടുകളല്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വലിയ വില്ലകൾ. അഞ്ച്, എട്ട്, പത്ത് സെന്റ് ഇടത്തെല്ലാം ബംഗ്ലാവുകൾ. ബംഗ്ലാവുകളുടെ ഒരു കൂട്ടം. കോൺക്രീറ്റ് എടുപ്പുകളുടെ കൂട്ടം. മരങ്ങളുടെ കൂട്ടത്തെ വനമെന്നു വിളിക്കുന്നുവെങ്കിൽ കോൺക്രീറ്റ് വനമെന്നു വിളിക്കാം. ഒരോ എടുപ്പുകളിലുമെത്താൻ ടാർ വിരിച്ച പാതകൾ. ആ കോൺക്രീറ്റ് എടുപ്പുകളിൽ നിന്നു വിട്ട്, ഒറ്റപ്പെട്ടതുപോലെ നില്‍ക്കുന്ന പഴയൊരു ഓടു വീട്ടിൽ നിന്നുമാണ് പെൺകുട്ടിയും അവളുടെമുത്തച്ഛനും വരുന്നത്. അവർ വന്ന ടാർ പാത അവസാനിക്കുന്നത് കോൺക്രീറ്റ് ചെയ്ത നടയുടെ അടുത്താണ്.
രണ്ട് നടകൾ കയറിയപ്പോൾ അടഞ്ഞു കിടക്കുന്ന ഗെയിറ്റ്. ഗെയിറ്റ് പൂട്ടാത്തതു കൊണ്ട് തള്ളിത്തുറന്ന് ഉള്ളിലെ കോൺക്രീറ്റ് കട്ടകൾ പാകിയ മുറ്റത്തേയ്ക്ക് കയറി.
“അരുത്, ചെരുപ്പൂരിയിട്ട് കയറണം.”
പെട്ടന്ന്, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന് ചിന്തിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയും ചെരുപ്പ് പുറത്ത് ഈരുയിട്ടില്ല. ഇപ്പോൾ ശ്രദ്ധിച്ചപ്പോഴാണ് പുറത്ത് നാലു ജോഡി ചെരുപ്പുകൾ കാണുന്നത്. അതും അയാൾ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകൾ. എന്നാലും അയാളും കൂട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ് ഈരിയിടുന്ന തിനോ ശ്രമിച്ചില്ല. അകത്തേക്ക് തന്നെ നടന്നു.
“നിങ്ങളോടല്ലേ പറഞ്ഞത്, ചെരുപ്പ് പുറത്തിടാൻ ….”
ഒരു ചെറുപ്പക്കാരൻ അവർക്ക് മുന്നിലേയ്ക്ക് വന്നു, കാവി മുണ്ടും കൈത്തണ്ടയിൽ ചരടുകളും, വെളുപ്പും ചുവപ്പും കറുപ്പും വ്യക്തമാക്കുന്ന കുറിയും. അവൻ ചെരുപ്പ് ധരിച്ചിട്ടില്ലെന്ന് അവർ കണ്ടു. പക്ഷെ, അവൻ നിന്നിടത്ത് കെട്ടിടത്തിന്റെ നിഴലുണ്ട്. കാലുകളെ തറയില്‍ പാകിയിരിക്കുന്ന കട്ടകൾ പൊള്ളിക്കുന്നില്ല.
“നീയീ വെയിലത്തേക്ക് ഇറങ്ങി നിന്നു നോക്ക് അപ്പോൾ ചെരുപ്പിടുന്നതെന്തിനെന്ന് മനസ്സിലാകും…”
“പുറത്തെഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ ദേവാങ്കണത്തിൽ ചെരുപ്പ് ധരിച്ചു കൊണ്ട് പ്രവേശിക്കരുതെന്ന്….”
“ഉവ്വ്,…. കണ്ടു പക്ഷെ. ഇത്ര ചൂടത്ത് ചെരുപ്പിടാതെനിക്ക് നില്ക്കാനാവില്ല….”
“വേണ്ട, പുറത്തിറങ്ങി പോകണം…”
“അതു പറയാൻ നീയാരെടാ……?”
ചെറുപ്പക്കാരന്റെ മുഖം ചുവന്നു, ദേഹമാകെ ഒരു വിറയൽ കയറുന്നത് അയാൾ കണ്ടു. അയാൾക്കതിൽ പരിഭ്രമമല്ല തോന്നിയത്, പരിഹാസമാണ്. അയാൾ ഒന്നു ചിരിച്ചു. ആപ്പോള്‍ ദൃശ്യത്തിലില്ലാത്തൊരു ശബ്ദം കൂടി അവർ കേട്ടു.
“വിട്ടേരെടാ….അയാള് കേറീട്ടു പോകട്ടെ…”
മുത്തച്ഛൻ ചോദിച്ചു.
“നീയാ രാജന്റെ മോനല്ലേ…”
“അതെ”
“നിന്റെ തന്തയോടു ചോദിച്ചാൽ ഞാനാരാണെന്ന് പറയും…”
വൃദ്ധന്റെ ധിക്കാരം അവനെ ചൊടിപ്പിച്ചു. പക്ഷെ, അവന്റെ പ്രായത്തിലുള്ള മറ്റ് രണ്ടു പേർ കൂടി ദൃശ്യത്തിലേക്ക് വരികയും അവനെ ആംഗ്യം കാണിച്ച് പിന്തിരിപ്പിച്ച് അവരുടെ കൂടെ കുട്ടി അയാളുടെ കൺ വെളിച്ചത്തിൽ നിന്ന് മറയുകയും ചെയ്തു. അവരും കാവി മുണ്ടും കൈയ്യിൽ ചരടുകളും കുറികളും ധരിച്ച്……..
എടാ ചെറുക്കനെ നിന്നേക്കാൾ ചെറിയ പ്രായത്തില്, നടന്നു തുടങ്ങിയ കാലം തൊട്ട്, ഇവിടെ ചെരുപ്പിട്ടും ഇടാതെയും ഉടുതുണി പോലുമില്ലാതെയും ഓടിച്ചാടി കളിച്ച് തിമർത്ത്, വിയർപ്പിൽ കുളിച്ച്….
ഇവിടെ ഉണ്ടായിരുന്ന മരങ്ങളിൽ കയറിയിറങ്ങി കണ്ട കായ്കനികൾ പറിച്ചു തിന്ന്, ഈ പ്രതിഷ്ഠകളുടെയൊക്കെ മേലേ ഉരുണ്ടു മറിഞ്ഞ് വലുതായതാണ് ഞാൻ. അന്നിവിടെ പട്ടിക്കുടു പോലത്തെ വീടുകളില്ലായിരുന്നു, കാലും മേലും പൊള്ളിക്കാൻ തറയോടുകളും. മണ്ണായിരുന്നു, മണ്ണിനെ പുതച്ച് കരിയിലയും. എന്നെ പഠിപ്പക്കല്ലേ…..
അയാൾ പറഞ്ഞത് ചെറുപ്പക്കാർ കേട്ടിട്ടുണ്ടാകില്ല. പക്ഷെ, അയാളുടെ ചെറുമകൾക്ക് അത്
അത്ഭുതമായി തോന്നി.
“സത്യമാണോ മുത്തച്ഛാ… ഇതൊക്കെ…”
“അല്ലാതെ…..മോൾക്ക് കാണേണ്ടെ ഇതൊക്കെ… കാണ്… അക്കഥകളൊക്കെ പിന്നെ പറഞ്ഞു
തരാം….”
കുട്ടി അയാളുടെ മുഖത്ത് ആകാംക്ഷയോടെ നോക്കി നിന്നു. പിന്നീട് കാഴ്ചകൾ കാണാനായിട്ട് മുത്തച്ഛനു പിന്നാലെ നടന്നു.
അവൾ അമ്മയുടെ കൂടെ കഴിഞ്ഞ സന്ധ്യക്ക് വിളക്ക് വക്കാൻ വന്നതായിരുന്നു. ഇരുട്ടായിരുന്നതു കൊണ്ട് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പണ്ടൊരിക്കൽ വന്നിരുന്നപ്പോൾ തീരെ ചെറിയ കുട്ടിയായിരുന്നു. അന്ന് ഇതിലൊന്നും ആകാംക്ഷയുമുണ്ടായിരുന്നില്ല.
വലിയ വീട്ടിൽ ദേവി. ദേവിയുടെ വീടിന്റെ മുൻ വാതിൽ അടച്ചിരിക്കുന്നതു കൊണ്ട് തുറന്നു കിടക്കുന്ന ജനാല വഴി വേണം കാണാൻ. അടുത്തടുത്ത് അഞ്ച് ചെറിയവീടുകൾ അതിനൊന്നും വാതിലുകളില്ല, ജനാലകളും. അതുകൊണ്ട് നേരെ തന്നെ കാണാം. ദേവിക്കടുത്ത് കരിങ്കാളി, പിന്നെ കാപ്പിരി, വിഷ്ണുമായ, വീരഭ്രദൻ, ഒരു വീട്ടിൽ രണ്ടു പ്രതിഷ്ഠകൾ, പിതൃക്കൾ. പിന്നീട് വീടില്ലാതെ തുറസ്സായ തറയിൽ മൂന്നു പേര്‍, നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും. അവർ വെയിലും മഴയും കൊണ്ട്…..
വീടുകൾക്ക് ശേഷമുള്ളയിടമെല്ലാം അലൂമിനിയ ഷീറ്റുകൾ മേഞ്ഞ പന്തൽ. വീടുകളുടെ ചുവരുകൾ കാവിയല്ലെങ്കിൽ വെളുത്ത നിറത്തിലും. തറകല്ലുകൾ കടുത്ത മഞ്ഞയിലും ചുവപ്പിലും കറുപ്പിലും മനോഹരമാക്കിയിരിക്കുന്നു.
പെൺകുട്ടി അയാളുടെ മകന്റെ മകളാണ്. പത്താം ക്ലാസ്സിലെ പ്രധാന പരീക്ഷക്ക് മുമ്പ് കുടുംബ കളരിയിലെ ദേവതകളുടെ അനുഗ്രഹം തേടിയെത്തിയതാണ്. അതാണ് സന്ധ്യയ്ക്ക് വിളക്ക് വച്ച് തൊഴുത്‌പ്രാർത്ഥിച്ചത്. അവളുടെ അമ്മയ്ക്ക് അതിത്ര താല്പര്യമില്ലായിരുന്നു. ഗുരുവായുരാണ് അവൾക്ക് വിശ്വാസം. പെൺകുട്ടിയുടെ അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങിയാണ് എത്തിയത്. ഇതിനു ശേഷം ഗുരുവായൂരും പോകന്നുണ്ട്. ഗൾഫിലെ ബാങ്ക് ഉദ്യോഗസ്ഥന് കൂടെയെത്താൻ അവധി കിട്ടിയില്ല. നേഴ്‌സായ അമ്മ എങ്ങിനെയോ സംഘടിപ്പിച്ചു. കുട്ടിയുടെ അച്ഛൻ എല്ലാ വർഷവും കളരിയിലെ തോറ്റം പാട്ടിനു വരും. അപ്പോഴൊന്നും കുട്ടിക്കും അമ്മയ്ക്കും അവധിയില്ല.
കളരിയിലെ കാഴ്ചകൾ കണ്ട്, തിരിച്ചു നടക്കവെ മുത്തച്ഛൻ കളരിയുടെയും കാവിന്റെയും കഥ പറഞ്ഞു.
“മോൾക്കറിയോ… കാവിന് മുത്തച്ഛന്റെ തണ്ടപ്പേരിൽ അമ്പത് സെന്റ് സ്ഥലമുണ്ടായിരുന്നു. ഇപ്പോൾ അത് അഞ്ച് സെന്റായി കുറഞ്ഞു. കാവിനെ ചുറ്റി പത്തേക്കറോളം പുരയിടവും, കൃഷിസ്ഥലം. തെങ്ങും കമുകും വാഴയും കപ്പയും ചേനയും ചേമ്പും കുരുമുളകും കൃഷികളൊക്കെയായിട്ട്…..
അങ്ങ് താഴത്ത് പാടവും, മുന്നു പൂ കൃഷി ചെയ്തിരുന്ന നെൽ വയല്.
എല്ലാം അവകാശികൾക്ക് വീതം വച്ചു പോയതാണ്. വീതം കിട്ടിയവരൊക്കെ വിറ്റ് മറ്റിടങ്ങളിൽ ചേക്കേറി. ഒടുവിൽ കളരി അവകാശികളിൽ അടുത്തുള്ളത് മുത്തച്ഛനും മുത്തശ്ലിയുമാത്രം. കളരി ഇപ്പോൾ ട്രസ്റ്റാണ് ഭരിക്കുന്നത് മുത്തച്ഛന്റെ പേരിലാണ് കരമടയ്ക്കുന്നതെങ്കിലും. അവരുടെ വിശ്വാസവും വീക്ഷണവുമൊക്കെ മാറിയിരിക്കുന്നു. മുത്തച്ഛനിതിലൊന്നും താല്പര്യമില്ലാത്തതു കൊണ്ട് ഒന്നും ശ്രദ്ധിക്കാറില്ല. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പാണ് നമ്മുടെ പൂർവ്വികർ ഇവിടെ വന്നിട്ടുള്ളതെന്നാണ് മുതുമുത്തച്ഛന്മാര്‍ പറഞ്ഞിട്ടുള്ളത്. അന്യംനിന്നു പോയ മനയില്ലെ, അവർ അറുനൂറു കൊല്ലങ്ങൾക്ക് മുമ്പ് നമ്മുടെ രണ്ടു കാരണവന്മാരെ ഇവിടെ കൊണ്ടു വന്ന് പാർപ്പിച്ചാതാണെന്നാണ് കഥ,
കാവലിന്. വീടു വക്കാൻ ഇടവും കൃഷിക്ക് സ്ഥലവും നല്‍കി. ഈ
പത്തേക്കറോളം സ്ഥലം, മൊട്ട കുന്നായിരുന്നു. വെട്ടിയും കിളച്ചും കൃഷികൾ ചെയ്തു. കൃഷിക്കായിട്ടും വീടുണ്ടാക്കുന്നതിനും മരങ്ങൾ വെട്ടിയെടുത്തപ്പോൾ തകർന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏറ്റവും ഉയർന്നയിടത്ത് പുതിയ മരങ്ങൾ വച്ചു പിടിപ്പിച്ചു. അതായിരുന്നു കാവ്. അമ്പത് സെന്റ് സ്ഥലത്ത് ഒരു കൊച്ചു വനം.
താഴെ നിന്ന് ഒരു മരം വെട്ടിയെടുത്താൽ കാവിൽ ഒരു തൈ നട്ടു
പരിപാലിച്ചിരുന്നു. അങ്ങിനെ കാടു വളർന്നു. കൃഷിയും വളർന്നു. അവിടെ പിതൃക്കളെ കുടിയിരുത്തി. കളരി തീർത്തു. കളരിത്തറ തീർത്തു. പന്തീരടിത്തറ, ആയുധാഭ്യാസത്തിന്, ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നതിന്. വടക്കു നിന്നു വന്ന ആ കാരണവന്മാർ അഭ്യാസികളായിരുന്നു. ഗുരുക്കളായിരുന്നു. കളരി കഴിഞ്ഞുള്ള ഇടം കാടായിരുന്നു. ഇടതൂർന്ന വനം.
ആഞ്ഞിലിയും പ്ലാവും മാവും പാലയും
കരിമ്പനയും വള്ളിപ്പടപർപ്പുകളും പേരമരങ്ങളും അത്തിയിത്തി പേരാലും നിറഞ്ഞൊരു കാട്. നാനാതരം ജീവജാലങ്ങൾ, ചെടി വർഗ്ഗങ്ങൾ, ഓഷധച്ചെടികൾ ഒക്കെ നിറഞ്ഞ്… പാമ്പും കീരിയും ഓന്തും, അരണയും അവകൾക്കൊക്കെ തീറ്റയായിരുന്നവരും, അവരെയൊക്കെ ഭക്ഷണമാക്കിയിരുന്നവരും അടക്കി വാണിരുന്ന വാസഗൃഹം. ദേശാടനക്കാരും നാട്ടുകാരുമായ പക്ഷിജാലങ്ങളും കാട്ടിൽ നിന്നെത്തുന്ന വിരുന്നുകാരുമുണ്ടായിരുന്നു. മ്ലാവും മയിലും കിഴക്കൻ മലയിൽ നിന്ന് വിരുന്നു വന്ന് പാർത്തിരുന്നു. പാല പൂക്കുമ്പോളുള്ള മാദകഗന്ധമേറ്റ് രാപ്പാടികളും രാത്രിഞ്ചരന്മാരും ഒളിപാർക്കാനെത്തിയിരുന്നു. ഈ അയലത്തു നിന്നും കുറെ അകലത്തുനിന്നും വൈദ്യന്മാര്‍ ഓഷധച്ചെടികൾ എടുത്തിരുന്നു. മറ്റെങ്ങും കിട്ടാതിരുന്ന മരുന്നുകൾ മോഷ്ടിക്കാൻ പലരും എത്തിയിരുന്നു. ഓരോ വൻ മരങ്ങളുടെയും ചുവടുകളിലായിരുന്നു ദേവിയും ഭദ്രകാളിയും കാപ്പിരിയും വീരഭദ്രനും പിതൃക്കളും വസിച്ചിരുന്നത്. മുത്തപ്പന്മാരായ കോമപ്പനും കുഞ്ഞുകൃഷ്ണനും ആഞ്ഞിലി മരച്ചുവട്ടിലായിരുന്നു. അടുത്തടുത്ത്. അവര്‍ രണ്ടു സ്വഭാവക്കാരായിരുന്നെങ്കിലും സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത്. കോമപ്പൻ സസ്യഭുക്കും കുഞ്ഞുകൃഷ്ണൻ മിശ്രഭുക്കുമായിരുന്നു.
കുറ്റിക്കാട് കിളച്ച് തൊടികള്‍ തിരകിച്ച് നിരത്തി കയ്യാലകൽ വച്ച് കൃഷിയിറക്കി. ഭക്ഷണസാധനങ്ങൾ മാത്രം. അല്ല ഒന്നുണ്ട്, വെറ്റിലക്കൊടിയും. ശർക്കരയും പുകയിലയും മാത്രം ചന്തയിൽ നിന്ന്‌വാങ്ങിയിരുന്നെന്ന് ഈ മുത്തച്ഛന്റെ മുത്തച്ഛൻ പറഞ്ഞതോർമ്മയുണ്ട്. നട്ടുനനച്ച് പരിചരിച്ചിരുന്നതൊന്നും ഒരിക്കൽപ്പോലും ചതിച്ചെന്ന കഥ പറഞ്ഞിട്ടില്ല. അങ്ങ് താഴെ വലിയൊരു കുളമുണ്ടായിരുന്നു, ഒരിക്കലും വറ്റാത്ത തെളിനീരുമായിട്ട്. മഴ പെയ്ത് കാവിൽ താഴുന്ന വെള്ളമാണ് ഉറവായിട്ടെത്തയിരുന്നത്. കുളിയും നനയുമൊക്കെ ആ വെള്ളം കൊണ്ടായിരുന്നു. കൂടിക്കാൻ വിടിന്റെ അടുത്തുള്ള കിണർ വെള്ളവും. കാവിന്റെ ജൈവസത്ത നിറഞ്ഞ ഊയറ്റുറവ് കിണറിലേക്കുമുണ്ടായിരുന്നു. കാവ് നശ്ശിപ്പിക്കാതിരിക്കാൻ കരിമ്പനയിൽ ഒരു യക്ഷിയെക്കൂടി കുടിയിരുത്തി.
* അത്
വെറും കഥയെന്നാണ് അച്ഛൻ പഞ്ഞിട്ടുള്ളത്…..”
“വെറും കഥ തന്നെ, പക്ഷെ, ആ കഥകേട്ടിട്ട് കള്ളന്മാര്‍ അവിടെ കയറാൻ ഭയന്നിരുന്നു… കള്ളന്മാർ മാത്രമല്ല, അവിടത്തെ തടികൾ മോഹിച്ചിരുന്ന അവകാശികളും അകന്നു നിന്നിരുന്നു… ഭാഗം വയ്പു കഴിഞ്ഞപ്പോൾ അവകാശികൾ ഭൂമി പുജ നടത്തിയും, മരങ്ങളോട് സമ്മതം ചോദിക്കുന്ന ചടങ്ങുകൾ നടത്തിയും യക്ഷിയെ മാറ്റി പാർപ്പിക്കുന്ന കർമ്മങ്ങൾ ചെയ്തും കാടു മുഴുവൻ വെട്ടി വിറ്റു കുഞ്ഞുകുഞ്ഞു
കോൺക്രീറ്റ് വീടുകളിൽ പ്രതിഷ്ഠകളെ ഒതുക്കി, ഇരുത്തി.”
അവർ ടാർ വിരിച്ച പാതയിൽ നിന്നും ചെറിയൊരു പച്ചപ്പിലേക്ക് കയറി. മണ്ണിൽ നില്‍ക്കുന്ന ചെമ്പരത്തിയും ചെത്തിയും നന്ദ്യാർവട്ടവും ഗന്ധരാജനും അവരെ ഉൾക്കൊണ്ട് ചിരിച്ചു കൊണ്ടു നില്ക്കുന്നു. വെയിൽ ഏല്പിച്ച ക്ഷീണത്തിൽ അയാൾ വരാന്തയിൽ കിടന്ന ചാരു കസാരയിൽ കിടന്ന് മയങ്ങി.
ഉച്ചയൂണിന് പുളിപ്പു പാകമായ തൈരു ചേർത്ത്, ചാറു കൂട്ടി വച്ച അവിയലും മുരിങ്ങയിലത്തോരനും പെൺകുട്ടിക്ക് ഏറെ പഥ്യമായി തോന്നി. ഭക്ഷണം ആസ്വദിച്ച് കഴിച്ചെങ്കിലും പെൺകുട്ടിക്ക് പഴങ്കഥയുടെ കൂടെ ഉണ്ടായിരുന്ന മിത്തിനെ കൂടി അറിയണമെന്ന് മോഹമുണ്ടായി.
“മുത്തച്ഛാ… മുത്തച്ഛൻ പറഞ്ഞതല്ലാത്തൊരു കഥ കൂടിയില്ലേ……. വടക്കൊരു നാട്ടിൽ നിന്നും വന്ന രണ്ടഭ്യാസികളുടെ കൂടെയുണ്ടായിരുന്ന നമ്പൂരി സ്ത്രീയുടെ കഥ…”
“അതൊരു മോഹകഥയാണ്…”
“മോഹകഥയോ…?”
“അതെ, ഇതേ പോലെ കളരിയും പതിയും കുടുംബ ആരാധനയുമുള്ള ദ്രാവിഡ ഗോത്രങ്ങളുടെ മോഹകഥ….. ദേവി ആരാധന ദ്രാവിഡമല്ല, ബ്രാഹ്മണീയമാണ്, ആര്യമാണ്, കാളി ആരാധന അനാര്യവും.അക്കഥ പറയാം… പണ്ട്, പണ്ട്…. വടക്കുനിന്ന്……….”
“ഒരു ദേശമില്ലേ……?”
“ഏതോ ഒരു ദേശമെന്ന് കരുതിയാൽ മതി….. അറുനൂറു കൊല്ലങ്ങൾക്ക് മുമ്പെന്നാണ് പറയുന്നത് അതുകൊണ്ട് ദേശത്തിന്റെ പേരു വേണ്ട….. ഏതോ മന്നവന്റെ അധീനതയിൽ ഉണ്ടായിരുന്ന ദേശം.
മന്നവൻ ബ്രാഹ്മണൻ. വെളുത്ത് സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ വലിയൊരു മന.
മുട്ടുവരെയുള്ള വെളുത്ത മുണ്ടുടുത്ത സുന്ദരന്മാരും, ഒറ്റമുണ്ടുടുത്ത് മാറു മറക്കാതെ മറക്കുട ചൂടി നടന്നിരുന്ന ആത്തേമാരും. അവർ അധികമെന്നും പുറത്തിറങ്ങി നടന്നിരുന്നില്ല. അവർക്ക് വേണ്ടതെല്ലാം അവടെ എത്തിച്ചു കൊടുക്കാൻ വാല്യക്കാരുണ്ടായിരുന്നു. പണികൽ ചെയ്യുന്നതിന് പുലക്കുടികളും പറക്കുടികളും കമ്മാളക്കുടികളും. കാര്യസ്ഥപ്പണിക്ക് നായന്മാരും സംബന്ധത്തിന് നായർ തറവാടുകളും. കങ്കാണികളും വർത്തകരും അടിമകളും, അടമവ്യാപാരവും മനുഷ്യ വേട്ടയും, കള്ളന്മാരും കൊലപാതകികളും കുതികാല്‍ വെട്ടുകാരും, അവരെയൊക്കെ നിയന്ത്രിക്കാൻ കാവൽക്കാരും പോരാളികളും ചേകവന്മാരും കുറുപ്പന്മാരും ഉണ്ടായിരന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കുടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ നശിച്ചു പോകുന്നവരും അടങ്ങിയെ ഒരു വലിയ സമൂഹം. ഗോത്രത്തനിമയും ദ്രാവിഡ മഹിമയും സവർണ്ണ പെരുമയും കാത്തു പോന്നിരുന്ന ഒരു ദേശം. ചരിത്രത്തിലും കഥകളിലുമില്ലാത്ത മനുഷ്യ സമൂഹങ്ങൾ. കുഴലൂത്തുകാരും ആട്ടക്കാരും പുകഴ്ത്ത് പാട്ടുകാരും ഉണർത്തുപാട്ടുകാരും, യാത്രചെയ്ത് വാർത്ത അറിയിച്ചിരുന്ന പാണരും അവിടെ കുടി വച്ചിരുന്നു. അങ്ങിനെ കുടിയിരുന്ന എന്തു വേലയും സേവയും ചെയ്തിരുന്നവരായിരുന്നു ആ കാരണവന്മാരുടെ കുലം. പാടത്ത് പണിയെടുത്തും പറമ്പിൽ കൃഷിയിറക്കിയും കാടുകയറി മരം വെട്ടിയും ജീവിച്ചിരുന്നവർ. കളരിയിൽ യോദ്ധാക്കളായി, വില്ലുകൊട്ടി ഉണർത്തു പാടു പാടി, പുകഴ്ത്ത് പാട്ട് ചമച്ച്… അങ്ങിനെ മന വളപ്പിലെ വേലകൽ ചെയ്ത്, ഒളിഞ്ഞും പാത്തും തൊട്ടും തൊടാതെയും ആത്തേമാരെ കണ്ടും വന്നിരുന്നു കാലം. പിതൃദായകമായ കുലം മുറ്റി വളർന്ന് ആവശ്യത്തിന്‍
അന്നം കിട്ടാതെ, ഇണയില്ലാതെ കുലം വിട്ട് പോയിരുന്ന മക്കളും അന്നുണ്ടായിരുന്ന… കരുത്തരായ യുവാക്കളെ അടിമകളാക്കി പിടിച്ചു കെട്ടി കൊണ്ടു പോയിരുന്നു ചില കഥകളിൽ… നമ്മുടെ കാരണവർമാരെ കങ്കാണികൾ പറഞ്ഞ് പ്രലോഭിപ്പിച്ച് നാടുകടത്തി കൊണ്ടു പോരുകയായിരുന്നു. മൈവഴക്കം വന്ന പോരാളികളായിരുന്നു രണ്ടുപേരും. ഒന്നു കൊടുക്കാനും രണ്ടു കൊള്ളാനും കരുത്തുണ്ടായിരുന്ന
വർ. മരം കേറാനും വിറകു വെട്ടാനും പറമ്പ് കിളക്കാരാനും തടം കോരാനും കന്നു പൂട്ടാനും വിതയ്ക്കാനും പഠിച്ചിരുന്നു. ഒരു രാത്രി കങ്കാണികളുടെ കൂടെ യാത്രയായി. ഉടുതുണിക്ക് മറുതുണിയില്ലാതെ, കൈയ്യിൽ ഒന്നും കരുതാനില്ലാതെ…. വീട്ടുകാരെ മാത്രം അറിയിച്ച്… അല്ലെങ്കിൽ അവർക്ക് അറിയിക്കാൻ മറ്റാരാണ് ഉണ്ടായിരുന്നത്…… മറ്റാരും അറിഞ്ഞാൽ ഒറ്റു കൊടുക്കുകയും ചെയ്യാം. മുട്ടും കാലും ഉറച്ച ചെറുപ്പക്കാർ നാടു വിടുന്നത് അറിഞ്ഞാൽ മന്നവർക്ക് സഹിക്കില്ല. ശിക്ഷകിട്ടും…ചിലപ്പോൾ അടിമകളാക്കി വില്പന നടത്തും. രായ്ക്കുരാമാനം നാടുവിട്ടു.
പക്ഷെ, അവർ രണ്ടു പേര്‍ മാത്രമായിരുന്നില്ല. കുടെ കുമ്പാള പോലെ വെളുത്ത് കൊലുന്നനെയിരുന്ന ഒരു പെണ്ണുമുണ്ടായിരുന്നു. ഒരു ആത്തേമാര്. കോമപ്പൻ മന വളപ്പിൽ വേല ചെയ്യവെ കണ്ട് മതി മറന്നു, മോഹിച്ചു പോയ ഒരു പെണ്ണ്. അവൾക്ക് ഉടുതുണി കൂടാതെ മാറു മറയ്ക്കാൻ ഒരു മേൽ മുണ്ടു കൂടി ഉണ്ടായിരുന്നു……..
ഇവിടെ വന്ന് വീട് വച്ച്, കൃഷികൾ ചെയ്ത്, കാവ് വച്ച്, ആരാധനാ മൂർത്തികളെ കുടിയിരുത്തി, രണ്ട് കാരണവന്മാർക്കും മക്കൾ പിറന്നു… ആ നമ്പൂരി സ്ത്രീയിൽ തന്നെ…..അന്ന് അതൊക്കെ വഴക്കമായിരുന്നു, തെറ്റില്ലാത്തതായിരുന്നു….കുലം വളർന്ന് തലമുറകൾ പിന്നിട്ടപ്പോൾ, പിതൃക്കളായി ആ കാരണവന്മാരെ കുടിയിരുത്തി, കൂടെ ആ അമ്മയെയും ഇരുത്തുകയായിരുന്നു. ആ അമ്മയാണ് ദേവി…”
മുത്തച്ഛൻ ഉച്ച മയക്കത്തിൽ അകപ്പെട്ടപ്പോൾ നിതാരക്കാവ് പുറപ്പെടാനള്ള ഒരുക്കത്തിലായി. ഒരുങ്ങിയിറങ്ങി അവൾ മുത്തച്ഛന്റെ കാൽക്കൽ നിന്നു വിളിച്ചു.
“മുത്തച്ഛാ…”
“മോളിനി എന്നാ ഇങ്ങോട്ട്…?”
“പ്ലസ്ടു പരീക്ഷക്ക് കളിരിയിൽ വിളക്കു വയ്ക്കാൻ…”
മുത്തച്ഛന്റെ കണ്ണുകളിൽ ഈറൻ…
മകൾ മുത്തച്ഛന്റെ കാൽക്കൽ നിന്ന് വിങ്ങിപ്പൊട്ടി…
“അരുത് മോളെ… നിന്റെ മുഖം ഇരുളരുത്…. നിന്റെ പേര്
നിതാരയെന്നാണ്…..”
മുത്തച്ഛൻ അവളുടെ ശിരസ്സിൽ മുകർന്നു. മകളുടെ മുഖം പ്രസന്നമായി.
@@@@@@@