ഒരു നേതാവിന്റെ ജന്മം

സതീശന്റെ സ്നേഹിതർ കേട്ടത്‌
നാട്ടിൽ പാട്ടാക്കിയില്ല.
ഒരാൾ എന്റെ ചെവിയിൽ ഓതുക
മാത്രം ചെയ്തു. അതുകൊണ്ട്‌ ആ ഉറ്റ
സ്നേഹിതരെ കൂടാതെ ഞാൻ മാത്രമേ സത്യം അറിഞ്ഞുള്ളൂ.

പക്ഷെ,
നാട്ടിൽ പല
ഊഹാപോഹങ്ങളും പരന്നു. സതീശനെ
തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും
ലക്ഷപ്രഭുവാക്കാമെന്ന്‌ വാഗ്ദാനങ്ങൾ കൊടുത്തെന്നും, സ്റ്റാന്റിംഗ്‌
കമ്മിറ്റി, ഫൈനാന്‍സിംഗ്‌ കമ്മിറ്റി, പൊതുമരാമത്ത്‌
കമ്മിറ്റി എന്നിവയിലേതിന്റെയെങ്കിലും
ചെയർമാനാക്കാമെന്നും, ആറു മാസം ഉറങ്ങിയാലും
വാർഡിലെ കാര്യങ്ങൾ ഭംഗിയായി
നോക്കിക്കൊള്ളാമെന്നും, എന്നും പരിഗണനയിൽ
സതീശന്റെ വാർഡ് ഒന്നാം
സ്ഥാനത്തായിരിയ്ക്കുമെന്നും ഒക്കെ………

എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും കൊണ്ടിപ്പാടത്തുകാർ മുഴുവനും,
മങ്കാവുടിക്കാരിൽ അവനെ കാണുന്നവരൊക്കെയും ചോദിച്ചിട്ടും സതീശൻ ഉത്തരങ്ങളൊന്നും പറഞ്ഞില്ല.
അവൻ മെറിറ്റിന്റെ
അമ്പർളാ മെഷീനിലെ സൂചി
ഒടിയാതെ നോക്കി കൊണ്ട്‌
ബ്ലൌസ്സുകളും,
നൈറ്റികളും അടിപ്പാവാടയും
തയിച്ചു കൊണ്ടിരുന്നു.

അതുവഴി പുതിയ പുതിയ ത്രിമാനങ്ങളും,
അംഗവടിവുകളും അരവണ്ണങ്ങളും അറിഞ്ഞു
കൊണ്ടിരുന്നു.

ഒരു ദിവസം ലളിതാമണി തയ്യൽ
കടയിലെ കർട്ടന് പിറകിൽ നിന്ന്‌
ബ്ലൌസൂരിയിട്ട്‌
പാകം നോക്കുമ്പോൾ ……..

“സതീശഞ്ചേട്ടൻ നഗര
പിതാവാകുമെന്നാണല്ലോ എല്ലാവരും പറയുന്നേ……………“

“ഏതെല്ലാരും….
?”

അവൻ കർട്ടൻ ലേശം നീക്കി,
മിഷ്യന്റെ സ്റ്റൂളിൽ ഇരുന്നു
തന്നെ അകത്തേയ്ക്കു നോക്കി,

ലളിതാമണി വെളുത്ത ബ്രായിൽ ജ്വലിയ്ക്കുകയായിരുന്നു.
ബ്രായുടെ മദ്ധ്യത്തിൽ തുന്നിപ്പിടിപ്പിച്ചിരുന്ന ചുവന്ന പൂവിന്റെ നിറം മങ്ങിയിട്ടില്ലായിരുന്നു.
ആ പൂവ്‌,
കണ്ണുവയ്ക്കാതിരിയ്ക്കാനുള്ള നോക്കു
കുത്തിയാവുമെന്ന്‌ സതീശൻ കരുതി. അവൾക്ക്
നാണം തോന്നിയില്ല.
കാണുകയെന്നത്‌
അവന്റെ അവകാശമാണെന്ന ഭാവമായിരുന്നു മുഖത്ത്‌.
കൂടാതെ അവന്‍
ജയിക്കാൻ ഒരു വോട്ടു കൊടുത്തതിന്റെ അധികാരവുമുണ്ടായിരുന്നു.

  • ലളിതാമണി ബ്ലൌസ്സിട്ട് താഴേയ്ക്ക്‌
    ഊർന്ന് കിടന്നിരുന്ന സാരി ഉയർത്തി തോളത്തു
    കൂടിയിട്ട്‌, കർട്ടന് പുറത്തേയ്ക്കു വന്നു. അവളുടെ
    മുഖത്ത്‌
    ഒരു കുട്ടനിറച്ച്‌
    പ്രകാശം……
    സതീശൻ അഭിമാനം കൊണ്ടു.
    തെരഞ്ഞെടുപ്പിന്റെ തിരക്കിൽ,
    വശീകരണത്തിൽ പെട്ടിട്ടും സ്വന്തം
    തൊഴിലിൽ പിറകോട്ട്‌ പോയിട്ടില്ല.
  • “ഞാൻ ചെയർമാനാകുന്നത്‌ നെനക്കിഷ്ടമാണോ?”

“പിന്നെ ഇഷ്ടമാണോന്ന്‌,
എനിക്ക്‌
മാത്രമല്ല,
എല്ലാവർക്കും……കുഞ്ഞുമോൾക്കും,
മേരിക്കുംകമലൂനും
പങ്കജത്തിനുംഎല്ലാർക്കും”
“നിങ്ങക്കൊക്കെ ഇഷ്ടാണേല്‍
ഞാൻ ഒരു
കൈനോക്കിക്കളയാം……

“എന്നാലും ഈ തയ്യക്കടേം
തയ്യലും ഒന്നും കളഞ്ഞിട്ടു വേണ്ടാട്ടോ…………. ഞങ്ങളു പിന്നെ നല്ല
ബ്ലൌസ്സിടാൻ, അടിപ്പാവാടയിടാൻ ആരുടെ
അടുത്താണ്‌
പോകുക……………!”
“യേയ്‌…… ഇത്‌ നിർത്തൊന്നൂല്ല. ഇതല്ലെ
എന്റെ ചോറ്‌………….. എന്നെ ജയിപ്പിച്ചെ………?”

  • “ചെയർമാനായാല്‍ പങ്കജം ഏതാണ്ട്‌ തരാനിരിക്ക്വാ…”

“എന്നാ ലളിതയ്ക്കൊന്നും
തരാനില്ലേ…?”

“ഊം……എന്നാവേണ്ടേ…”
“വേണ്ടതെന്തെന്ന്‌
അവൻ പറഞ്ഞില്ല.

“പക്ഷെ,
അവനൊത്തിരി കടമ്പൾ
കടക്കേണ്ടിവരും.”

വാർത്തകൾ കേട്ടിട്ട്‌
കൊച്ചൊറൊത അങ്ങിനെയാണ്‌
പറഞ്ഞത്‌.

റൊട്ടിക്കച്ചവടക്കാരൻ കുഞ്ഞവറാന്റെ ഭാര്യയാണ്‌
കൊച്ചൊറോത.
കുഞ്ഞവറാൻ മങ്കാവുടിയാകെ
പേരെടുത്ത ആളായിരുന്നു.
കുട്ടയിൽ റൊട്ടിയും ബണ്ണും,
റസ്ക്കും വീടു വീടാന്തരം കയറി ഇറങ്ങി
വിൽപ്പന നടത്തുന്നതായിരുന്നു അയാളുടെ തൊഴിൽ.
പക്ഷെ,
അയാൾ കത്തോലിക്കരുടെ വീടുകളിൽമാത്രമേ വിൽപ്പന നടത്തുകയുളളായിരുന്നു.
അതിനു മങ്കാവുടിക്കാർ പറഞ്ഞു പരത്തിയത്‌
അയാളൊരു മൌലീകവാദിയാണെന്നാണ്‌.
എന്നാൽ അയാൾ പറഞ്ഞിരുന്നത്‌
കത്തോലിക്കരുടെ വീട്ടിൽ കച്ചോടം
നടത്തിയാലേ കൃത്യമായിട്ട്‌ പണം
കിട്ടുകയുളളൂ എന്നാണ്‌,
കൂടാതെ സൌജന്യമായിട്ട്‌
ഭക്ഷണവും
നടക്കും.
എന്താകിലും അവറാൻ ടീബി വന്ന്‌
മരിച്ചശേഷം കൊച്ചൊറോത കഷ്ടപ്പെടുക തന്നെ ചെയ്തു.
ഒരാണും,
പെണ്ണുമായ രണ്ടു മക്കളെ
പോറ്റിവളർത്താൻ അയൽ വീടുകളിലെ
പാത്രം മോറിയും
മുറ്റമടിച്ചും തുണി തിരുമ്പിയും അവളുടെ ദേഹത്തെ സ്നിഗ്ദ്ധതയാകെ ഒഴുകിപ്പോയി.
സ്നിഗ്ദ്ധതപ്പോയെങ്കിലും ചടച്ചിട്ടാണെങ്കിലും കൊച്ചൊറോത ഇന്നും കാണാൻ സുന്ദരിയാണ്‌.
പക്ഷെ,
അവൾക്ക് പുരുഷന്മാരെ ഭയമായിരുന്നു.
അവരോട്‌
അധികം സംസാരിക്കാനോ ഇടപഴകുവാനോ
തുനിഞ്ഞില്ല.
അവൾ സ്വയമൊരു മൂക്കു കയർ കൊരുത്തിട്ട്‌
അടങ്ങിയൊതുങ്ങിക്കഴിയുകയാണെന്ന്‌ കൊണ്ടിപ്പാടത്തുകാരു പറയുന്നു.
അല്ലെങ്കിൽ കൊണ്ടിപ്പാടത്തെ ഒരു പക്ഷെ മങ്കാവുടിയിലെ തന്നെ
സകല വേലികളും, മതിലുകളും
അവള്‍
പൊളിച്ചേനെ……

കൊച്ചൊറോത മൂക്കുകയറിട്ട്‌
ഒതുങ്ങിക്കഴിയുന്നതു
കൊണ്ട്‌ സതീശനെക്കൊണ്ട്‌ അളവെടുപ്പിച്ച്‌ ബ്ലൌസ്സ്‌
തയ്പ്പിച്ചിട്ടില്ല.
അതുകൊണ്ട്‌
അവൻ തയ്ച്ചു കൊടുക്കുന്ന ബ്ലൌസ്സുകളൊന്നും അവളുടെ
ദേഹത്തിനു യോജിക്കാതെ വന്നു. ആ വിയോജിപ്പ്‌
അവൾ മനസ്സിൽ
സൂക്ഷിച്ചിരിക്കുകയാണെന്ന് ഇപ്പോൾ
തെളിയുകയാണ്‌.
എങ്കിലും നമുക്ക്‌
അവൾ പറയുന്ന കഥ
കേൾക്കണം.

ഞാൻ ചോദിച്ചു.

“അതെന്നാ ചേടത്തിയേ….
?”

എന്റെ ചോദ്യം അവ പ്രതീക്ഷിച്ചിരുന്നില്ല,
അവളുടെ മുഖം കണ്ടാലറിയാം.
അവൾ പറഞ്ഞതൊരു ആത്മഗതമായിട്ട്‌ കണ്ട്‌ ഞാൻ
പിന്മാറാൻ വേണ്ടിയായിരിയ്ക്കണം കുറെ
സമയം മിണ്ടാതിരുന്നു.

ആ ധാരണയിൽ ഞാൻ പോകില്ലെന്ന്‌
മനസ്സിലായപ്പോൾ കഥ പറഞ്ഞു.

“നെനക്ക്‌
ഓർമ്മയൊണ്ടാകും അവനെ അവറാച്ചനെ,
എന്റെ കെട്ടിയോൻ കുഞ്ഞവറാച്ചനെയല്ല, തോലാംകുഴിയിലെ
ഇന്നത്തെ അവറാച്ചനെയല്ല,അന്ന്‌ നമ്മുടെ അടുത്തുണ്ടായിരുന്ന സാറാമ്മച്ചേടത്തീടെ
ആശാൻ കളരീൽ പഠിക്കാൻ
വന്നിരുന്ന അവറാച്ചനെ……“

“ഒണ്ട്‌………… എനിയ്ക്കോർമ്മയൊണ്ട്‌. ഞാനന്ന്‌ രണ്ടിലോ, മൂന്നിലോ പഠിയ്ക്കാർന്നു.വെളുത്തൊരു സുന്ദരനാർന്നു. പക്ഷെ, കുളിയ്ക്കാതെ,
നനയ്ക്കാതെ,
മൂക്കികൂടി രണ്ടു കൊമ്പുകളൊക്കെയായിട്ട്‌… വള്ളിനിക്കറുമിട്ട്‌…

അവറാച്ചനെന്ന അബ്രാഹത്തിന്റെ അപ്പൻ തോമായെന്ന തോമസ്കുട്ടിയ്ക്ക്‌
തോലിന്റെ കച്ചവടമായിരുന്നു.
മങ്കാവുടിയിലും അടുത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇറച്ചിക്കായിട്ട്‌ അറക്കുന്ന
പോത്തിന്റേയും കാളയുടേയും തുകല്‍
വാങ്ങി കൊണ്ടുവന്ന്‌
കഴുകി ഉപ്പിലിട്ട്‌
ഉണക്കി
ഏതോ തുകല്‍
കമ്പനിക്കാർക്ക് എത്തിച്ചു
കൊടുക്കുന്ന കച്ചവടം. അവരുടെ
പറമ്പിലും അടുത്ത
പറമ്പുകളിലും ചീഞ്ഞ
മാംസത്തിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. പറമ്പുകളിൽ
കാക്ക കൊത്തിയും
പട്ടി വലിച്ചും തുകലിന്റെ അവശിഷ്ടങ്ങൽ
കിടക്കുമായിരുന്നു.
സന്ധ്യയ്ക്ക്‌
കവലയിൽ വരുന്ന തോമായ്ക്കും എഴുത്തിന്‌
വരുന്ന അവറാച്ചനും ആ മണമുണ്ടായിരുന്നു.

പക്ഷെ,
അവർ കൊണ്ടിപ്പാടത്തുകാരായിരുന്നില്ല.
ശ്രീപുരത്തുകാരാണ്‌. കൊണ്ടിപ്പാടത്തുകാരെപ്പോലെ വരത്തന്മാരുമായിരുന്നില്ല.
ശ്രീപുരത്ത്‌
ജനിച്ചുവളർന്ന പഴയ
തറവാട്ടുകാരാണ്‌. പാടവും കാളപൂട്ടും
കൊയ്ത്തും മെതിയും ഒക്കെ ഉളള കൃഷിക്കാരാണ്‌. അവൻ
വല്യ ആളായിട്ട്‌
കൊണ്ടിപ്പാടത്തു വന്ന ഒരു
കഥയൊണ്ട്‌നീ കേട്ടിട്ടൊണ്ടോ…..അന്ന്‌ നീ നാടു തെണ്ടി നടക്ക്വാരുന്നു.

ഞാനോർമ്മിച്ചു നാടുതെണ്ടിനടന്ന കഥ.
സാമാന്യവിദ്യാഭ്യാസ വുമായിട്ട്‌,
സ്വന്തം കാലിൽ
നിൽക്കണമെന്ന മോഹവുമായിട്ട്‌,
അലഞ്ഞതിന്റെ കഥ.
ആ കാലഘട്ടത്തിലാണല്ലോ പണത്തിന്റെ
വിലയും, അദ്ധ്വാനത്തിന്റെ രുചിയും
അറിയുന്നത്‌.
ചൂഷണത്തിന്റെ ആഴവുംപരപ്പും
കാണുന്നത് ജീവിതത്തിലെ വൈതരണികൾ കാണുന്നതും
അവയെ തരണം ചെയ്യാനുള്ള
മാർഗ്ഗങ്ങൾ കാണാതെ തരിച്ചു നിന്നതും.
മനസ്സിൽ വളർത്തിയെടുത്ത മോഹങ്ങളെ ത്യജിക്കേണ്ടി വന്നത്‌.

മോഹിയ്കാത്ത പലതിലും എത്തിപ്പെടേണ്ടി വന്നത്‌.
അക്കാലത്ത്‌
അറിഞ്ഞത്‌
പലതും അറിയാത്തതായിട്ടുണ്ട്, കേട്ടതു
പലതും മറന്നു പോയിട്ടുണ്ട്‌.
അക്കൂട്ടത്തിൽ വിസ്മൃതിയിലായിരുന്നൊരു
കഥയുമുണ്ട്‌ അവറാച്ചന്‍.

കൊച്ചൊറോത പറഞ്ഞു.

“ഇവട്യൊന്നും ഇത്രോം ആളുകളോ വീടുകളോ ഒണ്ടാർന്നില്ല.
കടകളും ഒണ്ടാർന്നില്ല.
ഇവിടെ ഈ വളവിൽ ഒരു ചായക്കട അവടെ ആ വളവിൽ ഒരു പലചരക്കുകട അത്രേയൊളളു.
അതിനേക്കാളെല്ലാം പ്രധാനമായിട്ട്‌
ഒരു കള്ളുഷാപ്പും……… അതെവിടാർന്നു ഓർമ്മയൊണ്ടോ………

ഒണ്ട്‌….
തലക്കുത്തി കെടക്കുന്ന പാലത്തിന്റെ കരേൽ
ഇട്ട്യാച്ചോന്റെ പറമ്പിലല്ലാർന്നോ………
?

“ങാ……… അതെ……… ഇട്ട്യാച്ചോന്‍
തന്നെയാർന്നു കച്ചോടക്കാരൻ………….എങ്ങാണ്ടുന്നൊക്കെ വന്നു ചേർന്ന
കൊറച്ചു ചെത്തുകാരും ഒണ്ടാർന്നു.അവരൊക്കെ
എവിടെയോ വാടകയ്ക്കു
താമസ്സിച്ചെരുന്നു ”

ഉവ്വ്…….ഓർമ്മ വരുന്നു. ഇട്ട്യാച്ചോന്റെ
ഷാപ്പിലെ കറിക്കച്ചവടക്കാരി കമലുവും അവളുടെ
ഭർത്താവെന്നും പറഞ്ഞ്‌ കൂടെ
കൂടിയിരുന്ന കുട്ടപ്പനേയും ഓർമിയ്ക്കുന്നുണ്ട്‌.
കുട്ടപ്പനും കമലുവും
ഷാപ്പിന്റെ പിറകിൽ തന്നെ
ചാർത്തു കെട്ടിയായിരുന്നു
വാസം. അവർ
മങ്കാവുടിക്കാരായിരുന്നില്ല. അടുത്തൊരു
ഗ്രാമത്തിൽ നിന്നും ചേക്കേറിയതായിരുന്നു.
കുട്ടപ്പൻ കമലുവിന്റെ യഥാർത്ഥ ഭർത്താവായിരുന്നില്ലെന്ന്‌
കഥ.
അതും ശരിയായിരിയ്ക്കാം.എണ്ണക്കറുപ്പിൽ
കടഞ്ഞെടുത്ത കമലുവിന്‌
നല്ല മുഖ ഐശ്വര്യമാണ്‌.
നല്ല ഉയരവും സദാ സമയം മുറുക്കി ചുവന്ന വായും ചുണ്ടുകളും.
അവൾ കൈലിമുണ്ടും ബ്ലൌസ്സും മാത്രമേ ഇട്ടിരിന്നുളളൂ.
കഴുത്തിറക്കി വെട്ടിയ ബ്ലൌസ്സും പൊക്കിളിനു താഴെയുളള കൈലിയും മാറു മറയ്ക്കാതെയുള്ള നടപ്പും കൊണ്ടിപ്പാടത്തെ കൌമാരക്കാരുടെ അക്കാലത്തെ ഉത്തേജക മരുന്നായിരുന്നു.

അവർക്കൊട്ടും ചേരാത്തവനായിരുന്നു കുട്ടപ്പൻ.
അവൻ നിന്നാൽ അവളുടെ തോളത്തുവരയെ
ഉയരമുണ്ടായിരുന്നുളളു,
മെലിഞ്ഞിട്ടും.
പക്ഷെ,
കറി വയ്ക്കാൻ അവനുള്ള കൈപ്പുണ്യം
പേരെടുത്തിരുന്നു. കുട്ടപ്പൻ കപ്പയും
കറിയും പാകം ചെയ്യും.
കമലു കച്ചവടം നടത്തുകയും ചെയ്യും. ഏതു
പാതിരാകഴിഞ്ഞെത്തിയാലും ഇട്ട്യാച്ചോന്റെ ഷാപ്പിൽ കള്ളു കിട്ടുമായിരുന്നു.അയാൾ
വീട്ടിൽ പോയിക്കഴിഞ്ഞിട്ടാണേലും മറതട്ടിവിളിച്ചാൽ കമലു കളളും കറിയും വിളമ്പുമായിരുന്നു.
മങ്കാവുടിയിലെ തെങ്ങുകളും
പനകളും മൊത്തത്തിൽ ചെത്തിയ
കളള്‌
ഇട്ട്യാച്ചോന്റെ ഷാപ്പിൽ മാത്രം അളന്നാലും അത്രയും കള്ളുണ്ടാവില്ലെന്ന്‌
നാട്ടുകാരും കള്ളുകുടിയന്മാരുതന്നെയും പറയുമായിരുന്നു.
കോണ്‍ട്രാക്റ്റർ
കളള്‌
ഉണ്ടാക്കി എത്തിച്ചിരുന്നതായിരുന്നത്രെ. കുമ്പളങ്ങാച്ചാറും സാക്രീനും
ചേർത്ത് കളളുണ്ടാക്കാൻ കഴിയുന്ന
ഫോർമുല അന്ന്‌
നാട്ടുകാർക്കൊക്കെ അറിയുകയും ചെയ്യുമായിരുന്നു.

എന്താണേലും ഇട്ട്യാതിച്ചോൻ ഇല്ലെങ്കിലും കളള്‌
വിറ്റു കിട്ടുന്ന പൈസയൊന്നും കമലു
ചോർത്തിയെടുത്തിരുന്നില്ല. അല്ലാതെ തന്നെ
അവൾക്ക് ആവശ്യമുള്ള പണംകിട്ടുമായിരുന്നു. കറി വിറ്റും അല്ലാതെയും………

അല്ലാതെയും എന്നൊരു വാക്ക്‌
ഇടയ്ക്കു വന്നുവല്ലെ?
ശരിയാണ്‌.
അറിയാതെ വന്നുപോയതാണെങ്കിലും വാക്ക്‌
വ്യക്തമായ സ്ഥിതിയ്ക്ക്
വിശദീകരിയ്ക്കാൻ ബാധ്യസ്ഥനാണല്ലോ……

ഈ നേരത്താണ്‌
നമ്മുടെ കഥയിലേയ്ക്ക്‌
കുഞ്ഞപ്പൻ പ്രവേശിക്കുന്നത്‌.
അവൻ വളരെ
ചെറുപ്പുത്തിൽ കുയിലിൻ കുന്നേലെ കരുണാകരൻ
നായരുടെ വീട്ടിൽ
എത്തിയതായിരുന്നു.  വന്നപ്പോൾ ഞങ്ങൾ കരുതിയിരുന്നത്‌
പാണ്ടിച്ചെറുക്കനാണെന്നാണ്‌.
പക്ഷെ,
പറഞ്ഞു തുടങ്ങിയ പ്പോൾ
പാണ്ടിയല്ലെന്നു മനസ്സിലായി. എന്നാലും
അവനൊരു പാണ്ടിയുടെ സ്റ്റൈലു
തന്നെയാ………….

അവൻ വലുതായി കയ്യും നെഞ്ചും ഉരുണ്ടു.
നാട്ടിൽ പലയിടത്തും പണികളെടുത്തു
കൊണ്ട്‌ നായരുടെ തണ്ടികയിൽ
തന്നെ പാർത്തു.
കൊണ്ടിപ്പാടം കവലയിൽ നിന്ന്‌
ബീഡി വലിച്ച്‌
പുക മാനത്തേയ്ക്കു വിട്ടു.
പക്ഷെ,
കൂട്ടുകാരാരുമുണ്ടായിരുന്നില്ല.

ഞാൻ കൊച്ചൊറോതയെ നോക്കിയിരുന്നു.
ആവശ്യത്തിന്‌
എണ്ണ പുരളാത്ത മുടി ചെമ്പിച്ച്‌, എണ്ണമയമില്ലാത്ത മുഖം മങ്ങിയിരിയ്ക്കുന്നു.
എനിയ്ക്കോർമ്മയുണ്ട്‌
ചെറുപ്പത്തിലെ
കൊച്ചൊറോതയെ,
കൊച്ചോറോതയുടെ ചേച്ചി കുട്ടി
പെങ്ങളേയും, ഒറ്റപ്പെട്ടു നിന്നിരുന്ന
ആ വൈക്കോല്‍
മേഞ്ഞ വീടും,
രാത്രികാലങ്ങളിൽ പട്ടണങ്ങളിൽ നിന്നും ആ വീട്‌
സന്ദർശിച്ചിരുന്ന………

കെച്ചൊറോത വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ഓർമ്മകൾ മുറിഞ്ഞു
പോയി. ഞാൻ
അവരെ തന്നെ നോക്കിയിരുന്നു
അവർക്ക് ആരോടൊക്കെയോ ദേഷ്യമുണ്ടെന്ന്‌
കഥ കേൾക്കുമ്പോൾ
തോന്നിപ്പോകും.

“ഒരു ദെവസ്സം ഇട്ട്യാച്ചോൻ ഷാപ്പു
അടച്ചേച്ചു പോയ്ക്കഴിഞ്ഞ്‌ ഒരാൾ കളളു
കുടിയ്ക്കാനെത്തി,
ഒത്തിരി രാത്രിയായിട്ടാ…………. നല്ല ഇരുട്ടൊണ്ടാരുന്നു.
അയാള്‌
മറതട്ടി വിളിച്ചപ്പോ കമലു
ഒറക്കത്തിലാരുന്നു. അവളോടൊപ്പം കുഞ്ഞപ്പനും
ഒണ്ടാരുന്നു.
അവൻ, കുട്ടപ്പൻ കാര്യം തിണ്ണേ കെടപ്പൊണ്ടാരുന്നു..
വന്നവൻ ഇരൂട്ടാരുന്ന കാരണം ചെലപ്പോ അവനെ കണ്ടില്ലാരിയ്ക്കും.
എന്നാ ആണേലും കമലൂന്‍
ഇഷ്ടായില്ല.
അവള്‌
രണ്ട്‌
തെറീം പറഞ്ഞോണ്ട്‌
എണീറ്റ്‌
പൊറത്തു വന്നു.
ആളെ കണ്ടപ്പം അവൾക്ക് പിടിച്ചു.
ഷാപ്പു തുറന്ന്‌
കള്ളെടുത്തൂ കൊടുത്തു,
കറീം കൊടുത്തു.
അയാള്‍
തിന്നുന്നതും നോക്കി അവള്‍
രസിച്ചു നിന്നു.
കള്ള്‌
തലേക്കേറി മൂത്തപ്പം അയാള്‌
അവളെ കേറിപ്പിടിച്ചു,
കുഞ്ഞപ്പനത്‌
ഇഷ്ടപ്പെട്ടില്ല.
അവര്‍
വഴക്കായി.
പിറ്റേന്ന്‌
നേരം വെളുത്തപ്പം കൊണ്ടിപ്പാടം കവലേല്‍
കുഞ്ഞപ്പൻ കമഴ്ന്ന്‌
കെടക്കുവാർന്നു.
വയറ്റത്ത്‌
കത്തീമായിട്ട്‌…………… ചോരയൊലിപ്പിച്ച്‌ മണ്ണിൽ പറ്റിക്കെടന്നില്ലാർന്നു,
രാത്രീല്‌
മഴ പെയ്തതു
കൊണ്ട്‌……….
പോലീസുകാർ വന്ന്‌
എഴുതീം കുത്തീം ഒക്കെ
കൊണ്ടുപോയി.
.കുഞ്ഞപ്പനെ പോസ്റ്റ്മാർട്ടം ഒക്കെ കഴിഞ്ഞ്‌
കുഴിച്ചും ഇട്ടു…….. പിന്നെ ഒന്നും
ഒണ്ടായില്ല.
അവന് ചോദിയ്ക്കാനും പറയാനും ആരും
ഒണ്ടാരുന്നില്ലല്ലോ…… പക്ഷെ, കമലു
പറഞ്ഞു നടന്നു അവനെന്നേലും ഇനീം കൊണ്ടിപ്പാടത്ത്‌
വരുമെന്ന്‌,
അന്നവനെ പിടിയ്ക്കുമെന്ന്‌,
അവക്ക്‌
അവനെ കണ്ടാ തിരിച്ചറിയാന്ന്‌,
ഇരു നെറത്തിൽ നല്ല പൊക്കത്തിൽ,
കട്ട മീശയൊക്കെയായിട്ട്‌
ഒരു വെല്ല്യ ആള്‌, താടീല്‍ കുറ്റിരോമങ്ങളും
ഒണ്ടാരുന്നെന്ന്‌………. പക്ഷെ, പിന്നെ
അവള്‌
അവനെ കണ്ട കാര്യം പറേന്ന കേട്ടില്ല……കൊറെ നാളു
കഴിഞ്ഞപ്പളാ നാട്ടിൽ കോഴി
മോഷണം തൊടങ്ങീത്‌…….. ആദ്യമൊക്കെ കുറുക്കനാണെന്നാ
എല്ലാരും പറഞ്ഞത്‌,
കുയിലൻ കുന്നിനും അപ്രത്തെ മല കാടുപ്പിടിച്ചു കെടക്കുവല്ലെ……….. പിന്നെ അങ്ങോട്ടെല്ലാം
റബ്ബറു മലകളല്ലെ………. പക്ഷെ, ഒരു
ദെവസം എന്റെ കോഴികള്‍ കരയുന്നത്‌
കേട്ടു കൊണ്ടെഴുന്നേറ്റു നോക്കീപ്പം,
നെലാവത്ത്‌
ഒരാള്‌
കോഴിയേം കൊണ്ട്‌
ഓടുന്നു,
ഞാനും കരഞ്ഞോണ്ടു പൊറകെ ഓടി,
ഒച്ച കേട്ടിട്ട്‌
അയലോക്കകാരും പൊറകെ വന്നു.അവനെ പിടിയ്ക്കാമ്പറ്റീല്ല…… എന്നാലും എന്റെ
കോഴിയെ വിട്ടേച്ചാ അവനോടീത്‌………… അയാൾക്ക് നല്ല
പൊക്കോം ഒത്ത വണ്ണോം ഒണ്ടാരുന്നു.
കണ്ടോരെല്ലാം അതു
തന്നെ പറഞ്ഞു. അങ്ങനെ
പറഞ്ഞ്‌
പറഞ്ഞ്‌
കുഞ്ഞപ്പനെ കൊന്ന ആളാണോ എന്ന്‌
ആളുകൾക്ക് തോന്നിത്തൊടങ്ങീപ്പോ മോഷണം നിന്നു…………..
ഒരു ദെവസം ഉച്ചനേരത്ത്‌
ഒരാള്‌
കെഴക്കൂന്ന്‌
നടന്ന്‌
കവലയിൽ വന്ന്‌
ബീഡീം മേടിച്ച്‌
ഷാപ്പിലേയ്ക്ക്‌
പോയപ്പം പലർക്കും സംശയം തോന്നി
തൊടങ്ങി………. അയാള്‍ കള്ള്‌ കുടീം
കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോഴും ആളുകള്‍
വീടുകളുടെ എറയത്തും മുറ്റത്തും നോക്കി നിന്നു. അയാളൊരു വരുത്തൻ തന്നെയാണെന്നു കണ്ടു
പിടിച്ചു. കമലു പറഞ്ഞ
ആളും,
കോഴിപ്പിടിച്ചോണ്ടോടിയ ആളും അയാളാന്നു തോന്നി………… സന്ധ്യയ്ക്ക്‌ കമലു
കടേലു വന്നപ്പോ ആളുകള്‍
ഒത്തുകൂടി ചോദിച്ചു. നീ
പറഞ്ഞ ആള്‌ അയാളാണോന്ന്‌, അവക്ക്‌ അയാളെ
മനസ്സിലായില്ലെന്നാ പറഞ്ഞത്‌.
അപ്പോ അവടെ
മൊഖം തനി കള്ളീടെ ആരുന്നു.
അതെല്ലാർക്കും മനസ്സിലാകുകേം ചെയ്തു.
പക്ഷെ,
കുഞ്ഞപ്പൻ
ചത്തതിൽ ആർക്കാ ചേതം എന്നാ കോഴിയെ കട്ടതിന്‌
ചേതമൊണ്ടല്ലോ.
ആളുകൾ മനസ്സിൽ കരുതി
വച്ചു. ഒരു ദെവസം കിട്ടും…”

“പിന്നെ ഒരവസരോം കിട്ടിയില്ല.
കോഴി മോഷണം ഒണ്ടായില്ല.
അയാള്‍
എന്നും ഷാപ്പിൽ വന്നും
തൊടങ്ങീ,
എന്നാലും എവിടത്തുകാരനെന്നോ,
എന്നാ പണിയെന്നോ
ആരും തെരക്കിയില്ല. അയാള്‍
ഷാപ്പിൽ ഇരുന്ന്‌
പറഞ്ഞു, തെക്കനാന്നും.കൂലിപ്പണിക്കാരനാന്നും കോളേജ്
മലേടെ താഴെ വാടകയ്ക്ക്‌ താമസ്സിക്കുവാന്നും.
എന്നാലും ആളുകൾ വൈരാഗ്യം വെച്ചോണ്ടിരുന്നു മനസ്സില്‍.
ഒരു ദെവസം
രാത്രീൽ കുട്ടപ്പൻ എറയത്ത്‌
ഒറങ്ങിക്കെടക്കുമ്പോ വൈരാഗ്യമുള്ളോര്‍
ഷാപ്പിനെ വളഞ്ഞു ബഹളം വച്ചു.
ആദ്യം കമലൂന്റെ തെറിയാ
പൊറത്തു വന്നത്‌.
പിന്നെ കമലുവും അയാളും വന്നു,
നന്നായിട്ട്‌
വൈരാഗ്യം തീർക്കുകേം ചെയ്തു.
പക്ഷെ,
പിറ്റേന്ന്‌
കൊണ്ടിപ്പാടത്തെ ആണുങ്ങളെയെല്ലാം പോലീസ്‌ പിടിച്ചോണ്ടുപോയി.
പെണ്ണുങ്ങൾ കരഞ്ഞും പിഴിഞ്ഞും പീറ്ററിന്റെ വീട്ടു
മുറ്റത്തും. പിന്നെ പീറ്ററിന്റെ
പിറകെ ജാഥയായിട്ട്‌
പോലീസ്‌
സ്റ്റേഷനിലും പോയി.
പക്ഷെ,
അന്നു ഭരിച്ചിരുന്നത്‌
സംയുക്ത കക്ഷിക്കാരായിരുന്നതു
കൊണ്ട്‌ പീറ്റർ പറഞ്ഞത്‌ പോലീസുകാര്‍
വക വച്ചില്ല.
അന്നേരാണ്‌
ഒരാള്‍ നാട്ടുകാർക്കായിട്ട്‌
രംഗത്തെത്തുന്നത്‌,
ആരാന്നോ അവറാച്ചൻ,
തോലുതോമേടെ മോൻ……………. വെളുത്ത്‌, കദറ്‌ ഷർട്ടും
കദറ്‌
മുണ്ടുമൊക്കയായിട്ട്‌
സുന്ദരനായ ചെറുക്കൻ………. അന്ന്‌ അക്ഷരം
പഠിക്കാൻ വന്ന ചെറുക്കനൊന്നുമല്ലാരുന്നു.
 വെളീലൊക്കെ പോയി
പഠിച്ച്‌വക്കീലായിട്ട്‌……

അങ്ങിനെയാണ്‌
തോലുതോമേടെ മകൻ അവറാച്ചനെന്ന അബ്രാഹം പൊതുരംഗത്തേയ്ക്ക്‌ വന്നത്‌.
അയാൾ കൊണ്ടിപ്പാടത്ത്‌
സ്ഥിരമായിട്ട്‌
വന്നു.
അയാളുടെ പാടത്തും പറമ്പിലും
പണികളെടുക്കുന്നതിനും മറ്റും കൊണ്ടിപ്പാടത്തുകാരെ
മാത്രമേ വിളിക്കൂ എന്നായി. കൊണ്ടിപ്പാടത്തുകാരുടെ കൂടെ പണിക്ക്
കൊണ്ടിപ്പാടത്തുകാരുടെ ശത്രുവുമുണ്ടായിരുന്നു
പക്ഷെ,
മെല്ലെ മെല്ലെ ശത്രുതകളെല്ലാം മറന്നു,
കുഞ്ഞപ്പൻ ചത്തതും,
കോഴിയെക്കട്ടതും അടി ഒണ്ടാക്കിയതും മറന്നു.
കുമാരനും മിത്രമായി.
കോളേജുമലേടെ താഴെ വാടകക്ക്‌
താമസ്സിച്ചിരുന്ന അവനെ കൊണ്ടിപ്പാടത്തെ തോട്ടിന്റെ കരയില്‍
അഞ്ച്‌
സെന്റ്‌
സ്ഥലം മേടിച്ചു
കൊടുത്ത്‌ വീടും കെട്ടിപ്പാർപ്പിച്ചു അവറാച്ചൻ.

അന്ന്‌
ആളുകൾ പീറ്ററോടു
കൂടി പലതും ചിന്തിച്ചു
കണ്ടെത്തിയതായിരുന്നു.
അവൻ കുമാരൻ ആണ്
കുഞ്ഞപ്പനെ കൊന്നതെങ്കില്‍, കോഴിയെ
മോഷ്ടിച്ചതെങ്കില്‍
അവന്റെ പിറകിൽ നിന്നും കളിയ്ക്കുന്നത്‌
അബ്രഹാമാണ്‌.

എങ്കിൽ എന്തിനു വേണ്ടിയാവും
?

ഉത്തരവും കണ്ടെത്തി.
അവറാച്ചന്‌
കൊണ്ടിപ്പാടത്ത്‌
ആളാകാൻ.
അതിന്‌
വേറെയും തെളിവുകളുണ്ടായിരുന്നു.
കൊണ്ടിപ്പാടത്തുകാർ എന്താവശ്യത്തിനു ചെന്നാലും അവൻ സാധിച്ചു കൊടുക്കുകയും ചെയ്തു.
അത്യാവശ്യം പണത്തിന്റെ
തിരിമറികൾ,
അല്ലെങ്കില്‍ൽ പലിശയ്ക്കു
കൊടുക്കല്‍,
ഒരടിപിടിയുണ്ടായാല്‍
ഫീസില്ലാതെ തന്നെ പോലീസ്‌
സ്റ്റേഷനിൽ പോക്ക്‌
ഒക്കെയായിട്ട്‌……….

പക്ഷെ,
എല്ലാ ചിത്രങ്ങളും കണക്കു
കൂട്ടലുകളും വ്യക്തമായത്‌ അധികനാൾ
കഴിയാതെ വന്ന
മുനിസിപ്പൽ തെരഞ്ഞെടുപ്പിനായിരുന്നു. കൊണ്ടിപ്പാടം
വാർഡിൽ നിന്നും മത്സരിച്ചത്‌
അബ്രാഹവും എതിരായിട്ട്‌
പീറ്ററുമായിരുന്നു.
പീറ്റർ ദൈനീയമായി പരാജയപ്പെട്ടു.
കൊണ്ടിപ്പാടത്തുകാർക്ക്
വേണ്ടിയിരുന്നത്‌
പണവും സ്വാധീനവുമുള്ള അവറാച്ചനെയായിരുന്നു.

പക്ഷെ,
ഇക്കഴിഞ്ഞ തെരെഞ്ഞടുപ്പിൽ അവറാച്ചൻ തട്ടകം
മാറുകയാണുണ്ടായത്‌. ഭയന്നിട്ടും, ജയിക്കില്ലെന്നും
കരുതിയിട്ടുമല്ല.
കൊണ്ടിപ്പാടം അയാളുടെ ശിങ്കിടിക്ക്‌
കൊടുത്തുകൊണ്ട്‌
അടുത്തൊരു വാർഡുകൂടി കക്ഷത്തിലാക്കാനായിരുന്നു.

ആ മോഹമാണ്‌
സതീശൻ തല്ലി
തകർത്തിരിയ്ക്കുന്നത്‌.

“അതോണ്ട്‌
അവറാച്ചൻ അടങ്ങീരിയ്ക്കുമെന്ന്‌
കരുതണ്ട……..”
@@@@@@