എം. എൽ .എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കില്‍ പറയാം.

അങ്ങിനെയാണവന്‍ മങ്കാവുടിയില്‍ തിരിച്ചെത്തിയത്‌, ഫോര്‍ റെജിസ്ട്രേഷന്‍ ബ്ലാക്ക്‌ വാഗ്നറില്‍.

കറുത്ത പോളീഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവില്‍, വെളുത്ത സോക്സില്‍, കറുത്ത പാന്റ്സില്‍ ക്രീം ഷര്‍ട്ട്‌ ഇന്‍സേര്‍ട്ട്‌ ചെയ്ത്‌ ഗോള്‍ഡന്‍ ബ്രൌണ്‍ ടൈയും കെട്ടി…..

അവന്‍ മങ്കാവുടി പട്ടണത്തിലെ ഫുട്ട്പാത്തില്‍നിന്നും ചെരുപ്പുകച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല.

“ആരും സംശയിയ്ക്കരുത്‌, ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ, ചാത്തന്‍സേവയോ, അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്ന്‌ കിട്ടിയതോ ഒന്നുമല്ല. ‘അവന്‍ പറഞ്ഞു.

“ചങ്കുറ്റമുള്ളവരുടെ ബിസിനസ്സാണ്‌, പക്കാകച്ചവടം. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌, എം.എല്‍.എം.”

പിന്നീടുള്ള രാത്രികളില്‍ കൊണ്ടിപ്പാടത്തെ അവന്റെ അയല്‍ക്കാരായ ഞങ്ങള്‍ക്ക്‌ വിലകൂടിയ സ്‌ക്കോച്ചിന്റെയും മൊരിച്ച കടലയുടേയും കൂടെ എം.എല്‍.എം ബിസിനസ്സിന്റെ വിശേഷണങ്ങളും വിളമ്പിത്തന്നു, ആവോളം……….

പകലുകളില്‍, വീടുകളില്‍ വെറുതെയിരിയ്ക്കുന്ന അമ്മമാരോടും പെങ്ങളുമാരോടും ഓതിക്കൊടുത്തു………..

ഓത്തു കേള്‍ക്കുന്നവര്‍ ചെയ്യേണ്ടത്‌ രണ്ട്‌ കാര്യങ്ങള്‍ മാത്രം.

ചെറിയൊരു തുകമുടക്കി കമ്പനിയില്‍ ചേര്‍ന്നു നില്ക്കുക; രണ്ട്‌ അടുത്തു ബന്ധുക്കളെ അല്ലെങ്കില്‍ ഉറ്റ സുഹൃത്തുക്കളെ കമ്പനിയ്ക്ക്‌ പരിചയപ്പെടുത്തുക.

ആഴ്ചയില്‍ ആയിരങ്ങളാണ്‌ ചെക്കായിട്ട്‌ കൊറിയര്‍ വഴി എത്തുന്നത്‌; ആയിരങ്ങള്‍ പതിനായിരങ്ങളാകും, പതിനായിരങ്ങള്‍…………..

അവന്‍ കൂട്ടിച്ചേര്‍ത്തു:

“ഇനി നിങ്ങള്‍ക്ക്‌ രണ്ടാളുകളെ പരിചയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ ബിസിനസ്സ്‌
മുമ്പോട്ടുകൊണ്ടുപോകും, അത്‌ ഞങ്ങളുടെ ആവശ്യമാണ്‌…….. കാരണം ഞങ്ങള്‍ക്ക്‌ വരുമാനം വേണം,

അതോടൊപ്പം നിങ്ങള്‍ക്കും വരുമാനം കിട്ടും. ഇത്‌ ഒറ്റയ്ക്കുള്ള ബിസിനസ്സുല്ല, (ഗൂപ്പായിട്ടുള്ളതാണ്‌.

കൊച്ചൊറോത പെങ്ങള്‌ വല്ലാതങ്ങ്‌ മോഹിച്ചുപോയി; കൊണ്ടിപ്പാടത്തെ പലരും.

അഞ്ചുസെന്റ്‌ സ്ഥലത്ത്‌ മഴയൊലിച്ചുകിടക്കുന്ന കുശ്ലിനിയിലാണ്‌ ഒറോതപെങ്ങള്‌ താമസ്സം, അതൊന്ന്‌ നന്നാക്കാന്‍ കഴിഞ്ഞാല്‍………….

ഭര്‍ത്താവ്‌ മരിച്ച, അഞ്ച്‌ മക്കളുമായിക്കഴിയുന്ന മകളെ സഹായിയ്ക്കാന്‍ കഴിഞ്ഞാല്‍…

തൊഴിലില്ലാതെ തെണ്ടി നടക്കുന്ന മകനെ ഒന്നു കരകയറ്റാന്‍ കഴിഞ്ഞാല്‍….. സൊസൈറ്റിയില്‍ അഞ്ച്‌ സെന്റ്‌ സ്ഥലം പണയം വച്ച്‌ ആ ചെറിയ തുകയുണ്ടാക്കാന്‍ സഹായിച്ചതും അവന്‍ തന്നെ…
കമ്പനിയില്‍ ഒറോത പെങ്ങളെ ബന്ധപ്പെടുത്തി നിര്‍ത്തിയതും അവന്‍ തന്നെ.

താലിമാല പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്ക്‌ പണം വാങ്ങിയും ഒറോതപെങ്ങളെ പിന്‍തുടര്‍ന്നവരുമുണ്ട്‌……….

അന്നു രാത്രി,

പിറ്റേന്നു രാത്രി…….

പിന്നെ, പിറ്റേന്നു രാത്രിയിലും ഒറോതപെങ്ങള്‍ ഒരുപാട്‌ സ്വപ്നങ്ങള്‍ കണ്ടു…

അയലത്തെ സ്‌നേഹിതരോടും, ഇത്തിരി അകലയുള്ള ബന്ധുക്കളോടും പറഞ്ഞു നടന്നു, കെഞ്ചി നടന്നു.

ആഴ്ചകളും മാസങ്ങളും കടന്നു…

രണ്ടുപേരെ (രണ്ടുപേരെമാത്രം)കമ്പനിയ്ക്ക്‌ പരിചയപ്പെടുത്താന്‍ ഒറോത പെങ്ങള്‍ക്ക്‌ കഴിഞ്ഞില്ല.

പിന്നീടുള്ള ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ ഒറോതപെങ്ങള്‍ക്കായി കാത്തുനിന്നില്ല;
ആരും സഹായിച്ചുമില്ല.

ഒരുനാള്‍ സൊസൈറ്റിക്കാർ വന്ന്‌ കുശ്ശിനിയ്ക്കുള്ളിലിരുന്ന ചെമ്പു പാത്രങ്ങളും കട്ടിലും അലമാരയും ജപ്തിചെയ്തു കൊണ്ടു പോകുമ്പോള്‍ അവന്‍ ഫോര്‍ റെജിസ്ട്രേഷന്‍ ഫോര്‍ഡ്‌ ഐക്കണില്‍ മങ്കാവുടി വിട്ട്‌ പോയിക്കഴിഞ്ഞിരുന്നു.

൭൫൭൭൭൭൭൭