അദ്ധ്യായം നല്
ദേവി വീണ്ടും കുളിച്ചു.
ദേഹത്ത് സുഗന്ധലേപനങ്ങള്‍
പൂശി. മുടിയിഴകളെ സുഗന്ധ പുകയാൽ ഉണക്കി.
പുതിയ ചുവന്ന പട്ടിന്റെ തന്നെ
ചേലചുറ്റി. പച്ച ബോര്‍ഡറായിതിനാല്‍ പച്ച ചോളി ധരിച്ചു.
നിലക്കണ്ണാടിക്കു മുന്നില്‍
നിന്ന് മൂടി ഒരിക്കല്‍ കൂടി വിടര്‍ത്തി ചീകിയൊരുക്കി.
“മാളൂ…”
നീട്ടി വിളിച്ചു.
ഇടനാഴിയില്‍ എവിടെയൊനിന്ന്
മാളു വിളികേട്ടു
“മാല ഇനിയും
ആയിട്ടില്ലെ?……..കുടമുല്ല മാത്രമേ ആകാവു…”
ധൃതിയിൽ തന്നെ മാളു എന്ന
പരിചാരിക ദേവിയുടെ മുറിയുടെ കനത്ത കതക് പാളികള്‍ തുറന്ന് അകത്തുവന്നു.
മാളു കറുത്ത സുന്ദരിയാണ്.
കടഞ്ഞെടുത്ത ഉടലും, അവയവങ്ങളും, എണ്ണയുടെ കറുപ്പും, മുട്ടിയ മുടിയും…..
അവള്‍ തന്നെ മുല്ലമാല
ദേവിയുടെ മുടിയില്‍ ചൂടിച്ചു.
അവളുടെ ചുണ്ടില്‍
കുള്ളച്ചിരിയുണ്ട്, കണ്ണുകളില്‍ കുസൃതിയുണ്ട്….
“സിന്ദൂരം ഏതുനിറം വേണം
മാളൂ……….. ചോളിയുടേതോ……..ചേലയുടെതോ……?
“രണ്ടും ചേര്‍ന്നാല്‍
കൂടുതല്‍ ഭംഗിയാവും…… ഭഗവാന്‍ പ്രസാദിച്ചല്ലെ വിളിച്ചത് ഏതായാലും
ബോധിയ്ക്കും………. 1”
ദേവി കോപം നടിച്ചു
ചോളിക്കു ചേരുന്ന സിന്ദൂരം
ചാര്‍ത്തി. പച്ചനിറത്തിലുള്ള പാദരക്ഷകളണിഞ്ഞു.
പടികടക്കുമ്പോഴേയ്ക്കും
കാറെത്തി,
ഡോര്‍ തുറന്നുപിടിച്ച് ഡ്രൈവര്‍ ഒതുങ്ങി നിന്നു.
കാര്‍ നീങ്ങിത്തുടങ്ങവെ
കാറിനുള്ളില്‍ നിറഞ്ഞ സൌരഭ്യത്തില്‍ ഡ്രൈവറുടെ ഹൃദയം വികസിച്ചു.
അവന്‍ സുസ്‌മേരവദനനായി.
ആ രാവില്‍,
ശാന്തി ഗ്രാമത്തിന്
പേരുകിട്ടിയിരുന്നില്ല.
അന്ന് പൂര്‍ണ്ണ ചന്ദ്രനും
ഇല്ലായിരുന്നു.
അവളും ഭര്‍ത്താവും ആ
മലഞ്ചെരുവിലെത്തിയിട്ട് മാസങ്ങളെ ആയിരുന്നൊള്ളു.
അവളുടെ ആഭരണങ്ങള്‍ വിറ്റ്, ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ വിറ്റ് മലഞ്ചെരുവില്‍ പൊന്നു വിളയിക്കാനെത്തിയതാണ്.
പലരേയും പോലെ
വെട്ടിത്തെളിച്ചെടുത്ത ഭൂമിയില്‍ അവള്‍ അദ്ധ്വാനിച്ചു.
കുടില്‍ വച്ചു കെട്ടി.
ഏഴരവെളുപ്പുള്ളപ്പോള്‍ അവള്‍
എഴുന്നേല്‍ക്കും, ആഹാരം പാകം ചെയ്ത് അടച്ചുവെച്ച്
മാനത്ത് വെള്ളക്കീറുകള്‍ കണ്ടുതുടങ്ങുമ്പോള്‍ പണി ആയുധങ്ങളുമായി
ഭൂമിയിലേയ്ക്കുപോയി.
അയാള്‍ അപ്പോള്‍ നിലത്ത്
വിരിച്ച പായയില്‍ ചുരുണ്ടുകൂടിക്കിടന്ന് ഉറക്കമായിരിയ്ക്കും. തലേന്നാള്‍ കഴിച്ച
മദ്യത്തിന്റെ ആലസ്യത്തില്‍ നിന്നും പിടിച്ചെഴുന്നേല്‍ക്കണമെങ്കില്‍ വെയില്‍
ഉദിച്ച് രശ്മികള്‍ക്ക് ശക്തികൂടിവരണം. എഴുന്നേറ്റാലും അയാള്‍ എവിടെക്കെങ്കിലും ഇറങ്ങിനടക്കും.
അയാള്‍ അവളെ മറന്നിരുന്നു.
അയാളുടെ ബോധത്തില്‍, ഓര്‍മ്മയില്‍ ഒറ്റ കാര്യമെ ഉണ്ടായിരുന്നുള്ളു.
മദ്യം.
അതിനായിട്ടയാള്‍ യാചിയ്ക്കും.
എപ്പോഴെങ്കിലും അവളെ
കണ്ടുകിട്ടിയാല്‍ യാചനയാവില്ല, അധികാരത്തില്‍, അവകാശത്തില്‍ ആവശ്യപ്പെടും. പിരാക്ക് കഴിഞ്ഞ് അവള്‍ പണം കൊടുത്തുവിടും.
ഒടുവില്‍ അവളും അയാളും
തമ്മിലുള്ള ഒരേയൊരു ബന്ധം പിരാക്കും പണവുമായി അവശേഷിച്ചു.
ഏതെങ്കിലും നേരത്ത് അയാള്‍
കുടിലില്‍ എത്താം; എത്താതിരിക്കാം. കുടിലിന്റെ
വരാന്തയില്‍ കിടന്ന് ഉറങ്ങിയുണര്‍ന്നു കഴിഞ്ഞാല്‍ എവിടെയ്ക്കെങ്കിലും
ഇറങ്ങിപ്പോകും.
അവളും അയാളെ മറന്നു.
അന്യരെപോലെയായി.
അവള്‍ക്ക്, അവളും ഭൂമിയും ഭൂമിയില്‍ നട്ടുവളര്‍ത്തിയ കൃഷിളും ശേഷിച്ചു.
വളര്‍ന്നു തഴച്ച്, പച്ചച്ച് നില്‍ക്കുന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെ അവയെ തൊട്ടുതലോടി,
കിന്നാരം പറഞ്ഞ് അവള്‍ നടന്നു.
ആ സസ്യങ്ങളും അവളോട്
കിന്നാരം പറയുകയും, അവളെ തഴുകയും, സന്തോഷിപ്പിക്കുകയും
ചെയ്തിരുന്നില്ലേ?
ഉണ്ട്…….
അവയുടെ സ്നേഹപ്രകടനത്തില്‍, ലാളനയില്‍ അവള്‍ നിര്‍വ്യതി കൊണ്ടു.
അവള്‍ക്ക് അനുഭൂതി കിട്ടി.
ആ പ്രകൃതിയുടെ ഭാഗമായി അവളും
പ്രകൃതിയാണെന്നറിഞ്ഞു, അവളോടുകൂടിയുള്ളതാണ്
പ്രകൃതിയെന്നറിഞ്ഞു.
അവളുടെ മുഖത്ത് പ്രസന്നത
കളിയാടി,
പ്രഭ നിറഞ്ഞു.
അങ്ങിനെയിരിക്കെ, ഒരു രാവില്‍,
അവളുടെ ഭര്‍ത്താവ്
മറ്റൊരാളുടെ തോളില്‍ തുങ്ങി കാലുകള്‍ നിലത്തുകൂടി വലിച്ചിഴച്ചാണ് എത്തിയത്.
അയാള്‍ക്ക്
സ്വബോധമില്ലായിരുന്നു. അവ്യക്തമായിട്ട് എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
വരാന്തയില്‍
വിരിച്ചിട്ടപായില്‍ തന്നെ അവര്‍ ഭര്‍ത്താവിനെകിടത്തി.
പാട്ടവിളക്കിന്റെ
വെളിച്ചത്തില്‍ അപരിചിതനെ കണ്ടു.
മുടിയും താടിയും നീട്ടി, കാവി വസ്ത്രം ധരിച്ച് തോളത്ത് സഞ്ചി തൂക്കി……………
അയാളുടെ കണ്ണുകള്‍
ശക്തങ്ങളാണെന്നറിഞ്ഞു
ഒരു പ്രാവശ്യമേ അവള്‍ക്ക്
അയാളുടെ മുഖത്ത് നോക്കാന്‍ കഴിഞ്ഞുള്ളൂു.
ശക്തമായൊരു വലയത്തില്‍
അകപ്പെട്ടതുപോലെ പിടഞ്ഞു പോയി. ഇറയത്തുനിന്നും അകത്തേയ്ക്ക് നീങ്ങാനാവാതെ നിന്നു.
ചെറിയ കാറ്റില്‍ വിളക്കിലെ
തീനാളം ചലിച്ചുകൊണ്ടിരുന്നു.
“എനിയ്ക്ക്
കഴിക്കാനെന്തെങ്കിലും തരുമോ?”
ശാന്തമായൊരു സ്വരം അവള്‍
കേട്ടു.
മറുപടി പറയാതെ തന്നെ
അകത്തേയ്ക്ക് നടന്നു.
അയാള്‍ ഇറയത്തിരുന്നു. അയാള്‍
ക്ഷീണിതനും, വിശക്കുന്നവനും, ദാഹിക്കുന്നവനുമായിരുന്നു.
അവള്‍ അകത്ത് പലകയിട്ട്, അതിനു മുന്നില്‍ ആയാള്‍ക്ക് ആഹാരം വിളമ്പി അയാള്‍ കഴിക്കുന്നതുനോക്കി,
തീരുന്നത് വിളമ്പി ക്കൊടുത്ത് ഓലമറയ്ക്ക് അപ്പുറത്ത് നിന്നു.
ഈണു കഴിഞ്ഞ് കൈകഴുകി.
യാത്രകൂടി പറയാതെ അയാള്‍ മുറ്റത്തിറങ്ങി.
“ഈ രാത്രിപോണത്
ശരിയല്ല. ഇഷ്ടാണേല്‍ ഇവിടുറങ്ങാം.”
അവളുടെ സ്വരം പതറി ശരീരം
വിറച്ചു.
ഓലമറയ്ക്കു പുറത്ത് മുഖം
മാത്രം കാണിച്ചു നിന്നു.
അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍
അവള്‍ക്ക് അതേല്‍ക്കാനായില്ല. ചാണകം മെഴുകിയ തറയില്‍ നോക്കിനിന്നു.
ആദ്യമായിട്ടവളുടെ മനസ്സില്‍
ഒരു മോഹം പൂത്തു. ആദ്യ രാത്രിയില്‍, മൊട്ടിട്ട്
വിരിയേണ്ടിയിരുന്ന മോഹം.
ആദ്യരാത്രിയില്‍തന്നെ മദ്യത്തില്‍
മുങ്ങിവന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ എല്ലാ മോഹങ്ങളും കരിഞ്ഞുപോയിരുന്നതാണ്. പക്ഷെ, ഇപ്പോള്‍ ഒരു അപരിചിതന്റെ സാമിപ്യത്തിൽ ഉണരാന്‍ എവിടെനിന്നോ ജാരനെപ്പോലെ
വന്ന് ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നോ?
അയാള്‍ വീണ്ടും വരാന്തയില്‍
കയറുമ്പോള്‍ അവള്‍ അകത്ത് പായ വിരിച്ചു.
അയാളുടെ നിശ്വാസം അവളുടെ
നഗ്നമായ ശരീരത്തിലൂടെ അരിച്ചുനടക്കുമ്പോള്‍ അവള്‍ ആദ്യമായി അനുഭൂതികൊണ്ടു.
ആ ജാരന്‍ ഇന്നാരാണ്?
ലോകൈകനാഥനായി,
ലക്ഷോപലക്ഷംജനതയുടെ ആരാധനാ
മൂര്‍ത്തിയായി,
ദാനമായി,
ഐശ്വര്യമായി,
ഭഗവാനേ!
ശാന്തിനിലയത്തിന്റെ പ്രൌഡമായ
പ്രവേശന കവാടം കയറി ഉടനെ ഇടത്തോട്ട് തിരിഞ്ഞ് കാറുനിന്നു.
ഇനിയും നടന്നുവേണം
നിലയത്തിലെത്താന്‍; കാറുകള്‍ക്കും മറ്റു മോട്ടോർ
വാഹനങ്ങള്‍ക്കും ഇവിടെ വരെയെ പ്രവേശനമൊള്ളു. ഇടത്തോട്ടു തിരിഞ്ഞു
മുപ്പതുവാരയെത്തിയാല്‍ പാര്‍ക്കിംഗ് സൌകര്യമുണ്ട്.
പ്രവേശന കവാടം കഴിഞ്ഞ്
ഉള്ളിലേയ്ക്ക് വരാന്‍ വിശിഷ്ട വ്യക്തികളുടെ വാഹനങ്ങള്‍ക്കേ അവകാശമുള്ളു. ആ
വ്യക്തികള്‍ ഊരാണ്മക്കാ രുമായിരിക്കും.
ദേവിയിറങ്ങി.
വേദമന്ത്രങ്ങള്‍
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാറാവുന്നു.
അപ്പോഴേക്കും ഭഗവാന്റെ
പരിവാരങ്ങള്‍ ദേവിയെ എതി
രേൽക്കാന്‍ എത്തി.
കിണ്ടിയും, വിളക്കും, താലങ്ങളുമായി ഒമ്പതു പെണ്‍കുട്ടികൾ….
അവരുടെ നായിക ദേവിയെ
തലകുമ്പിട്ടു വണങ്ങി. ദേവി വലതുകരമുയര്‍ത്തി അവളുടെ ശിരസ്സില്‍ സ്പര്‍ശിച്ചു.
അവള്‍ ദേവിയുടെ പാദങ്ങളില്‍
വെള്ളമൊഴിച്ചു. വിളക്കും
താലവും മുമ്പേ നടന്നു.
ദേവി പിന്നിലും, ദേവിയ്ക്കൊപ്പം കാല്‍കഴുകിയ പെണ്‍കുട്ടിയും.
മനോഹരമായ ഉദ്യാനത്ത്
പൂത്തുലഞ്ഞ പൂക്കള്‍ കണ്ട് മനം കുളിര്‍ത്തു, മുഖം പുപോലെ വിരിഞ്ഞു.
കിഴക്കുനിന്നെത്തുന്ന
സൂര്യകിരണങ്ങളില്‍ ദേവിയുടെ മുഖം കൂടുതല്‍ ചുവന്നു.
ഉദ്യാനത്ത് തണല്‍
വൃക്ഷച്ചുവടുകളിലും ഉരിപ്പിടങ്ങളിലും ജനങ്ങൾ ഇരിപ്പുണ്ട്, അവര്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയതാണ്.
പക്ഷെ, ഭഗവാന്‍ ദര്‍ശനമരുളാന്‍ എത്തിയിട്ടില്ല. സാധാരണ ദിവസവങ്ങളില്‍ ദര്‍ശനമരുളുന്ന
സമയമാണിത്.
ഉദ്യാനം കഴിഞ്ഞ് മണല്‍
വിരിച്ച വിശാലമായ അങ്കണം.
അങ്കണത്തും ജനത്തിരക്കുണ്ട്.
പലരും ദേവിയെ വണങ്ങുന്നുണ്ട്. ദേവി മന്ദസ്മിതത്തില്‍ എല്ലാം സ്വീകരിച്ചു.
അങ്കണത്തുനിന്നും വരാന്തയിലേയ്ക്കുള്ള
ആദ്യ പടിയില്‍ കാല്‍വച്ചപ്പോള്‍ പരിചാരിക വീണ്ടും ദേവിയുടെ കാല്‍ നനച്ചു.
“ആദ്ദേഹം എവിടെയാണ്…”
വരാന്തയിലേറിയിട്ട് ദേവി
തെരക്കി.
“ശയനമുറിയില്‍ നിന്നും
പുറത്തു വന്നിട്ടില്ല”
പരിചാരിക അറിയിച്ചു.
“അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം
ഒന്നുമില്ലല്ലോ?”
“ഉള്ളതായിട്ട് തോന്നിയില്ല.”
“ദിനചര്യകളും, ധ്യാനവും, യോഗവുമെല്ലാം കഴിഞ്ഞില്ലേ?”
“ഉവ്വ. സ്വാമി
സന്തോഷവാനായിട്ടാണ് കാണുന്നത്.”
വിശാലമായ ഹാളിന്റെ വാതിൽക്കൽ
എത്തിയപ്പോൾ പുതിയ പരിചാരകരെത്തി.
“അമ്മെ…ഞങ്ങൾ….?”
“പോയി വരൂ……”
ആദ്യപെണ്‍കുട്ടികള്‍ അവരുടെ കര്‍മ്മങ്ങളിലേയ്ക്ക്
മടങ്ങി.
ദേവി ഹാളില്‍ പ്രവേശിച്ചു.
ഹാളില്‍ മന്ത്രണം വ്യക്തമായി
ശ്രവിക്കാനാവുന്നു.
“ആരാണോ സര്‍വ്വപ്രാണങ്ങളേയും
പരമാത്മാവില്‍ ദര്‍ശിക്കുന്നത്, ആരാണോ സര്‍വ്വ പ്രാണങ്ങളിലും
പരമാത്മാവിനെ ദര്‍ശിക്കുന്നത്. അവന്‍ ഒന്നിനേയും നിന്ദിക്കുന്നില്ല.’
കമ്മ്യൂൺ ദിനപ്രതത്തിന്റെ
എഡിറ്റോറിയലില്‍ ഗുരു എഴുതി.
-എല്ലാ സത്യങ്ങളും മിഥ്യയാല്‍
മൂടപ്പെട്ടിരിക്കുന്നു. എല്ലാ മിഥ്യകള്‍ക്കും വര്‍ണ്ണപ്പൊലിമയും ആകര്‍ഷണവും
അധികമായിരിക്കും. ആവര്‍ണ്ണപൊലിമയില്‍, ആകര്‍ഷണ വലയത്തില്‍
അകപ്പെട്ട് സാധാരണ വ്യക്തി അന്ധരായിപ്പോകുന്നു. അന്ധകാരത്തില്‍ നിന്നും അവനെ രക്ഷിക്കുന്നതാണ്
മനുഷ്യത്വം. അതിനായുള്ള ബോധവല്‍ക്കരണം ചെയ്യുകയാണ് പത്രധര്‍മ്മം. പത്രധര്‍മ്മത്തെ
വെടിഞ്ഞ് ഇരുളിനും മിഥ്യകള്‍ക്കും കീര്‍ത്തനം ആലപിക്കുന്ന പ്രതങ്ങള്‍ കപട
വേഷധാരികളാണ്, മനുഷ്യദ്രോഹികളാണ്……………..
ശാന്തിഗ്രാമത്തിന്റെ
രണ്ടാമത്തെ പുലര്‍ച്ചയാണ്. സിദ്ധാര്‍ത്ഥന്‍ കമ്മ്യൂൺ ദിനപത്രം വായിച്ചുകൊണ്ട്, റും ബോയ് എത്തിച്ചുകൊടുത്ത ചായ നുകര്‍ന്നുകൊണ്ട് കട്ടിലില്‍
ചാരിക്കിടന്നു.
ഇന്ന് കിഴക്കുനിന്നും
സൂര്യകിരണങ്ങള്‍ എത്തിയിട്ടില്ല. കാര്‍മേഘങ്ങളന്ന ഇരുളില്‍ സൂര്യന്റെ വെളുത്തമുഖം
മൂടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രാവു മുഴുവന്‍ മഴയായിരുന്നു. അന്തരീക്ഷമാകെ ഈര്‍പ്പമാർന്നിരിക്കുന്നു.
സിദ്ധാർത്ഥന്‍ ശാന്തി പുഴയെ
നോക്കി,
മഴ മഞ്ഞില്‍മുടപ്പെട്ട് വ്യക്തമായി കാണാനാവുന്നില്ല.
@@@@@@