മുത്തശ്ശിയും കഥയും

ഞാന്‍
മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള
മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍
എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

       മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ
ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു,
ഭക്തമീരയാണെന്ന്…….

       ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന
രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി, സാമ്പവതി തുടങ്ങി എട്ടു പേര്‍നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍……മുത്തശ്ശിയുടെ
നാവില്‍ കൃഷ്ണന്‍ ആനന്ദ നടനമാടി…….

       പക്ഷെ,
അയലത്തെ ഭഗീരഥന്‍ പിള്ള, പട്ടാളക്കാരന്‍
പുരുഷന്‍റെ ഭാര്യയെ പ്രണയിക്കുന്നെന്നറിഞ്ഞപ്പോള്‍ മുത്തശ്ശിക്ക് ഹാലിളകി, മന്ത്രിച്ചു.

       എന്‍റെ കൃഷ്ണ,
എന്തെല്ലാം കാണണം, കേള്‍ക്കണം……..

       വൈരുദ്ധ്യാധിഷ്ഠിത ദൈവവാദം
എന്നല്ലാതെയെന്തു പറയാന്‍…….@@@@@@