മരണം അനിര്‍വാര്യമെങ്കിലും……….

അയാള്‍ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ട്‌, തൊണ്ണൂറ്‌ കഴിഞ്ഞൊരാള്‍ അങ്ങിനെ ആകുന്നതില്‍ ആര്‍ക്കും അത്ര വിഷമമൊന്നും ഉണ്ടാകാനിടയില്ല.

ആയകാലം കറഠിനമായിട്ട്‌ അദ്ധ്വാനിച്ചിട്ടുണ്ട്‌; കൃഷികള്‍ ചെയ്യുന്നതിനും മറ്റും. അല്ലറചില്ലറ നാട്ടുനന്മകളും ചെയ്തിട്ടുണ്ട്‌, തൊട്ടയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയായിട്ട്‌. മൊത്തത്തില്‍ നേക്കിയാല്‍ വലിയ പ്രശ്‌നങ്ങളൊന്നു മില്ലാത്തൊരു സാധാരണ മനുഷ്യന്‍.

ആറുമക്കളുണ്ടയാള്‍ക്ക്‌ ഉന്നതരില്‍ ഉന്നതര്‍ – ധനം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എല്ലാമായിട്ട്‌…………………

സ്വരാജ്യത്തുതന്നെ പലയിടങ്ങളില്‍, വിദേശങ്ങളില്‍…………..

ആരും അടുത്തില്ലെങ്കിലും മങ്കാവുടിയെന്ന മലയോരപട്ടണത്തിലെ വലിയ വീട്ടില്‍ അയാള്‍ തനിച്ചപൊന്നുമല്ല.

ചെറുപ്പക്കാരിയായ ഹോം നേഴ്സും മദ്ധ്യവയസ്ക്കയായ ആയയുമൊത്ത്‌,
വൃത്തിയുള്ള മുറിയില്‍,
കരിവീട്ടിയുടെ കട്ടിലില്‍,

പതുപതുത്ത മെത്തയില്‍,

ബോംബെഡ്വൈയിംഗ്‌ വിരിയില്‍,

നിത്യേന ദേഹത്തു വിശുദ്ധി വരുത്തി,

കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ ധരിച്ച്‌,

സുഗന്ധലേപനങ്ങള്‍ പൂശി,

പഴച്ചാറുകള്‍ നുണഞ്ഞ്‌,

സന്ദര്‍ശകരോടുകുടി,

പത്തിലേറെ ഫോണ്‍ വിളികളുമൊത്ത്‌… ..

പക്ഷെ, അന്ന്‌, പെട്ടന്ന്‌ താളം തെറ്റിപ്പോയി, കര്‍ക്കിടക മാസത്തിലെ കറുത്ത വാവിന്റെ തലേന്ന്‌ ശക്തിയായി മഴ പെയ്തു തണുപ്പ്‌ ആ വലിയ വീടിന്റെ അകത്തളങ്ങളില്‍ പതുങ്ങിക്കയറവെ,

തൊണ്ടയില്‍ കഫം കുറുകി,

കാസരോഗം അധികരിച്ച്‌,

ജീവന്‍ നിലനിര്‍ത്താന്‍ ആഞ്ഞു വലിച്ചു തുടങ്ങിയപ്പോള്‍,

ശ്വാസം വലിയുടെ ശബ്ദം ഭീതിതമായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നെത്തുകയായിരുന്നു.

മക്കള്‍,

മരുമക്കള്‍,

ചെറുമക്കള്‍,

ബന്ധുക്കള്‍,

ചാര്‍ച്ചക്കാര്‍,

സൂഹൃത്തുക്കള്‍………….

ശ്വാസത്തിന്റെ ശബ്ദം വീണ്ടും ഏറിയതല്ലാതെ, ദേഹത്തുനിന്നും അകന്നുപോകാതെ ദിനങ്ങള്‍, രാത്രങ്ങള്‍……….

പറന്നെത്തിയവര്‍ ആലസ്യത്തിലേയ്ക്കും, അരോചകമായ പിറുപിറുക്കലുകളിലേയ്ക്കും നീങ്ങവെ,

കണിയാരുടെ ഗണനങ്ങള്‍;

പിതൃകോപമെന്ന്‌,

മാര്‍ഗ്ഗതടസ്സങ്ങളെന്ന്‌.

തീര്‍ക്കാനായി മോക്ഷക്രിയകള്‍,

പാപ പരിഹാരകർമ്മങ്ങള്‍…… ..

വീണ്ടും കാത്തിരിപ്പുതുടരവെ……………….

ഡോക്ടര്‍മാരുടെ ടെസ്റ്റുകള്‍,

ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, നിയമ സാധുതയില്ലാത്തതിനെ കുറിച്ച്‌ സംസാരിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തലുകള്‍……..

വഴിപാടുകള്‍, നേര്‍ച്ചകള്‍………..

കാത്തിരുന്നു മടുത്തവരുടെ മടക്കയാത്രകള്‍, ഇനിയും എത്തിച്ചേരാതിരുന്നവരുടെ ട്രെയിന്‍, ഫള്ൈറ്റ്‌ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യലുകള്‍…………..

രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ശാന്തമായി;

മന്ദമായ താളാത്മകമായ ശ്വാസഗതിയോടെ,

പഴച്ചാറ്‌ നുണഞ്ഞുകൊണ്ട്‌.

പറന്നെത്തിവരൊക്കെ പറന്നൊഴിഞ്ഞു.

മേഘങ്ങള്‍ പെയ്തൊഴിഞ്ഞ്‌ കര്‍ക്കിടകത്തിലെ പത്തൊണക്കിനായി വാനം തെളിഞ്ഞു.

അങ്ങിനെയുള്ളൊരു ശാന്തമായ പ്രഭാതത്തില്‍,

താളാത്മകമായിരുന്ന അയാളിലെ ശ്വാസം ഭ്രമാത്മകമായ സംഗീതമായുയര്‍ന്ന്‌ ത്ധടുതിയില്‍ നിലച്ചു.

ഞെട്ടിയുണര്‍ന്ന ഹോംനേഴ്‌സിന്റെ നയനങ്ങളില്‍നിന്നും രണ്ട്‌ അശ്രുകണങ്ങള്‍…………

ദേഹത്തിന്റെ അവസാനചൂടും മെല്ലെ താഴുന്നത്‌ തൊട്ടറിഞ്ഞ ആയയുടെ ദീര്‍ഘമായൊരു നെടുവീര്‍പ്പ്‌………………………….

൭൭൭൭൭൭