നാനാര്‍ത്ഥങ്ങള്‍
അനന്തമായ ആകാശത്തുകൂടി അവന്‍
അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു.
കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി
കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍….
ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട്
പുളകം കൊണ്ടു. കേരള പ്രവിശ്യയിലെ
മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന
പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു
കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു. അവന്‍റെ
മുഖത്ത് അവിടെ ഒറ്റപ്പെട്ടതിന്‍റെ വ്യാകുലതകളോ, ജോലിത്തിരക്കിന്‍റെ
വിമ്മിട്ടങ്ങളോ, സമയക്കുറവിന്‍റെ പരിഭ്രമങ്ങളോയില്ല.
സാവധാനം പുക വലിച്ച്, ഉള്ളിലേക്കിറക്കി,
നന്നായി ആസ്വദിച്ച് ഉച്ഛ്വസിച്ച് കൊണ്ടിരിക്കുന്നു, വിശ്രമിക്കുന്നതു പോലെ.
അവിടേക്ക് അവള്‍ വരുന്നു. മാലാഖയെപ്പോലെ സുന്ദരി. കൈകളുടെ
സ്ഥാനത്ത് രണ്ട് ചിറകുകളുമായിട്ട്…
ആരാണവള്‍……
എവിടെയാണിത്, ഏതു ലോകത്താണിത്, ഏതു നക്ഷത്രത്തിനു കീഴിലാണ്…. ഏതു ക്ഷീരപഥത്തിലാണ്….
ഹലോ…..!
ആരോ വിളിക്കുന്നു. അവന്‍
ചെവിയോര്‍ത്തു. വിളിച്ചത് ആ മാലാഖ കുട്ടിയല്ല.
അവള്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്, പോരാത്തതിന്
വളരെ അടുത്താണു താനും.
വിളി അകലെ നിന്നുമാണ്…
ആരോ വിളിക്കുന്നു.
വീണ്ടും വിളിക്കുന്നു.
ഹലോ…..!
ഞെട്ടറ്റതുപോലെ, കാന്തികവലയത്തില്‍ നിന്നും
മോചിപ്പിക്കപ്പെട്ടതുപെലെ, അവന്‍ ഐടി നഗരത്തിലെ തന്‍റെ
വില്ലയില്‍, തന്‍റെ മുറിയില്‍, തന്‍റെ
ബെഡ്ഡില്‍…..
കണ്‍ പോളകള്‍ തുറക്കാനാകാതെ കിടന്നു കൊണ്ടു തന്നെ ചോദിച്ചു.
ആരാണ്, എന്തിനാണ് എന്‍റെ സ്വകാര്യതയിലേക്ക്,
ഏകാന്തതയിലേക്ക്
അതിക്രമിച്ചു കടന്നു വന്നത്…….?
ഹലോ…..!
വീണ്ടും വിളിക്കുക തന്നെ, കൂടാതെ ദേഹത്ത് കൈ
സ്പര്‍ശനവും. വെറും സ്പര്‍ശനമല്ല, കുലുക്കി യുണര്‍ത്തുകയാണ്.
അവന്‍ ചിന്തിച്ചു, എന്‍റെ ചോദ്യം
കേട്ടില്ലായിരിക്കുമോ… കേട്ടിട്ടും എന്‍റെ ഭാഷ തിരിഞ്ഞില്ലായിരിക്കുമോ….
അതോ എന്‍റെ മനസ്സ് മാത്രമാണോ ചോദിച്ചത്, ചുണ്ടുകള്‍, ശബ്ദം ചോദിച്ചില്ലായിരിക്കുമോ…
കഴിയുന്നില്ല, അവന് കണ്ണുകളെ തുറക്കാന്‍,
നാവിനെ ചലിപ്പിക്കാന്‍, ചുണ്ടുകളെ വിടര്‍ത്തുവാന്‍…
കഴിയാത്ത അത്ര ആലസ്യമാണ്ടു പോയിരിക്കുന്നു, ദേഹം.
ആരോ വന്ന് വിളിക്കുന്നതിനു മുമ്പ്, സ്വപ്നമായിട്ടെന്തോ
കണ്ടു കൊണ്ടിരിക്കുന്നതിന് മുമ്പ്, എന്താണ് ഉണ്ടായിരുന്നത്…
ഉവ്വ്, ഓര്‍മ്മയിലേക്ക് വരുന്നു,
ശ്രീനാഥും, എബി ജോണു അനുരാഗ് വിശ്വവും
അനസ്സുമൊത്ത് മദ്യം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്നു. യാതൊരു
വിലക്കുകളുമില്ലാതെ പുകവലിക്കുകയായിരുന്നു, ശരത് എന്ന തന്‍റെ
ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന്…..
മതിവരുവോളം കഴിച്ചു കഴിഞ്ഞ് അവരെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞതിന്‍റെ
ഓര്‍മ്മ ഒട്ടും ചോര്‍ന്നു പോയിട്ടില്ല.
അവരില്‍ ആരോ…. ആരോ അല്ല, അനസ്സും എബിയും കൂടി തന്നെ എടുത്തു കൊണ്ടു വന്ന് ബെഡ്ഡില്‍
കിടത്തിയിട്ടാണ് പോയത്. പോയപ്പോള്‍
നാളത്തെ രാത്രി ഭക്ഷണത്തിന് അനുരാഗ് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. മുന്നിലെ ഡോര്‍
ലോക്ക് ചെയ്യുന്നില്ലെന്നും, കുറെ വൈകിയിട്ടായാലും തന്നോടു
തല നേരെ നില്‍കാറാകുമ്പോള്‍ ഗെയ്റ്റ് പൂട്ടണമെന്നും ഡോര്‍ അടക്കണമെന്നും
പറഞ്ഞിരുന്നു. ആരോ അല്ല, അനസ്സ് തന്നെ. ഫ്ളാറ്റില്‍ എത്തിയശേഷം ഫോണില്‍ വിളിച്ച് രണ്ടു പ്രാവശ്യം
ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തിരുന്നു.
പക്ഷെ, അടച്ചില്ലായിരിക്കുമോ…….
ഇല്ലായിരിക്കാം.
അടച്ചില്ലെങ്കിലും ഇവിടെ നിന്നും ആര്‍ക്കും ഒന്നും
കൊണ്ടപോകാനില്ല. അവള്‍ പോയപ്പോള്‍….
ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ
ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ
അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്. ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്.
വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ്
മെഷിന്‍, കാര്‍
വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍
പറഞ്ഞിരുന്നു. കഴിയുന്നത്ര പേരു
വിളിക്കുക. അല്ലെങ്കില്‍ ബഹുമാനം, കരുതല്‍ ചോര്‍ന്നു പോകാതെ ഒരു സര്‍വ്വ നാമമാകാം. തിരിച്ചും അങ്ങിനെ തന്നെ ആയിരിക്കും.
നേഹ പോയപ്പോള്‍ എല്ലാം ലോക്കറിലേക്ക് മാറ്റി വച്ചു. രണ്ടു
പേരുടെയും ലാപ്ടോപ്പു പോലും. ഇനിയുള്ള
ഒരാഴ്ച ആഘോഷങ്ങള്‍ക്കു വേണ്ടി അനുവദിച്ചു തന്നിരിക്കുന്നതാണ്. നേഹ കാഞ്ഞിരപ്പള്ളിയിലെ സ്വഗൃഹത്തിലേക്ക്
പോകുമ്പോളെല്ലാം അങ്ങിനെ തന്നെയാണ് ചെയ്തു വരുന്നത്.
അതു കെണ്ടു തന്നെ അടച്ചില്ലെങ്കിലും….
ഹലോ….!
ഉണരണം, ഇനിയും ഉണര്‍ന്നില്ലെങ്കില്‍, വിളിക്കുന്നത് ഒരു സ്ത്രീയാകുമ്പോള്‍…
ബെഡ്റൂമിലെ നിറ വെളിച്ചത്തിലേക്ക് ശരത് കണ്ണുകള്‍ തുറന്നു.
ആദ്യം മങ്ങിയൊരു നിഴലായിട്ട്, പിന്നെ തെളിഞ്ഞൊരു
ചിത്രമായിട്ട്, പിന്നീട് നേഹയുടെ ചുരിദാറില്‍, ഒരു സ്ത്രീയായിട്ട്……
ഒരു വ്യാധി അവന്‍റെ സിരകളിലൂടെ പടര്‍ന്ന കയറി.
ഈ മുഖം…
വളരെ പരിചിതമായ മുഖം.
നേഹക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറയുന്ന, ഒരു ബെര്‍ത്ത് ഡേക്ക് താന്‍ വാങ്ങിക്കൊടുത്ത വൈലറ്റ് പൂക്കളുള്ള വെളുത്ത ചുരിദാറില്‍,
നേഹയോടൊത്തു വച്ചിരിക്കുന്ന വ്യവസ്ഥകളില്‍ ഒന്ന്, ഒരുമിച്ചു ജീവിക്കുമ്പോള്‍ വിശ്വാസം സൂക്ഷിക്കുമെന്നതാണ്. ശരതിന് മറ്റൊരു
പെണ്ണും, നേഹക്ക് മറ്റൊരു പുരുഷനും ഉണ്ടാകില്ലയെന്നത്.
അവന്‍റെ മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു. നീര്‍ക്കോലിയുടെ ഒരു കുതിപ്പിനുളളില്‍
അകപ്പെട്ട മഞ്ഞത്തവളയുടെ കണ്ണുകളിലെപ്പോലെ.
നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. ഈ വീടിന്‍റെ തുറന്നികിടന്നിരുന്ന എല്ലാ വാതിലുകളും ഞാന്‍
അടച്ച് കുറ്റിയിട്ടിട്ടുണ്ട്. ഞാന്‍ വന്ന
കാറ് വീടിന്‍റെ വലതുവശത്തുള്ള മുറ്റത്തു കൂടി ഓടിച്ച് പിറകില്‍ മാവിന്‍ ചുവട്ടില്‍
ഇട്ടിരിക്കുകയാണ്. ഗെയ്റ്റ് പൂട്ടി , ഗെയ്റ്റ് ലൈറ്റുകളും
അണച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തു നിന്നു
കാണുന്നവര്‍ക്ക് ഇവിടെ പാര്‍പ്പില്ലെന്നേ തോന്നുകയുള്ളൂ…..
അവള്‍ അവന്‍റെ ഭാഷയില്‍ തന്നെയാണ് പറയുന്നത്. പക്ഷെ, അവന്‍റെ മങ്കാവുടി ശൈലിയിലല്ല.
ഭാഷ മലയാളമാണെങ്കിലും, അവള്‍ പറയുന്നതെല്ലാം ഗ്രഹിക്കാനാകുന്നുണ്ടെങ്കിലും ഭീതി അവനെ ഒന്നിലും
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നില്ല.
നിങ്ങള്‍ എഴുന്നേല്‍ക്കൂ….. എനിക്ക് നിങ്ങളോട്
സംസാരിക്കാനുണ്ട്. ഞാനൊരു പ്രതിസന്ധിയില്‍പ്പെട്ട്
വന്നിരിക്കുകയാണ്, അവിടെ നിന്നും രക്ഷപെട്ട് നിങ്ങളുടെ
അടുത്ത് എത്തിപ്പെട്ടതാണ്….
അവന്‍ പറഞ്ഞു.
നിങ്ങള്‍ പത്തു മിനിട്ട് പുറത്ത് നില്ക്കൂ…
അവള്‍ മുറിക്ക് പുറത്ത് പോയപ്പോള്‍, അവന്‍ അര്‍ദ്ധ
നഗ്നനായി മുറിയില്‍ എഴുന്നേറ്റു നിന്നു, മൂരി നിവര്‍ന്നു,
തലയെ ഇരു വശത്തേക്കും തിരിച്ച് ഉണര്‍വ്വിലേക്ക് വരാനുള്ള ശ്രമം തുടങ്ങി.
മുഖം കഴുകി, വസ്ത്രം മാറി അവന്‍ സിറ്റിംഗ്
റൂമിലെത്തിയപ്പോള്‍ അവള്‍ സമാധാനം കൊണ്ടു.
കാഴ്ചയില്‍ അവനൊരു മാന്യനായതുകൊണ്ട്.
അവന്‍റെ മുഖത്തെ ഭീതി മാറിയ ഇടത്ത് അമ്പരപ്പ് പടര്‍ന്നു.
അവള്‍ ഉപചാരം പോലെ എഴുന്നേറ്റു, എന്നിട്ട്
വളരെ മാന്യമായിട്ട് അടുത്തടുത്ത സെറ്റികളില്‍
ഇരുന്നു.
നിങ്ങള്‍…?
അപര്‍ണ്ണ.
എന്‍റെ ഊഹം തെറ്റിയില്ല, അപര്‍ണ്ണ സുദേവ്….?
അതെ….
പെട്ടന്നവന്‍ മുന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി, അന്തരീക്ഷത്തെയും കാലാവസ്ഥയേയും നിരീക്ഷിച്ചു. ഒരു ഇല ചലനം പോലുമില്ലാതെ എല്ലാം നിശ്ചലം. അപര്‍ണ്ണ പറഞ്ഞതു പോലെ, അവള്‍
വന്ന കാര്‍ വീടിന് പിറകില്‍ പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍ പെടാതെ പതുങ്ങി നില്‍പുണ്ട്.
ഇപ്പോള്‍ അവന് സമാധാനം തോന്നിത്തുടങ്ങി.
പുറത്തേക്കുള്ള വാതിലടച്ച്, സിറ്റിംഗ് റൂമിലെ
വിളക്കണച്ച്, അപര്‍ണ്ണയെ ബഡ്റൂമിലേക്ക് തന്നെ ആനയിച്ചു,
അവരുടെ ശബ്ദങ്ങളും അവിടത്തെ വെളിച്ചവും അയല്‍ പക്കങ്ങളില്‍
എത്തുന്നത് അപകടമാണെന്നവന്‍ കണക്കുകൂട്ടി.
അപര്‍ണ്ണ സുദേവിന്‍റെ കേട്ടു പഴകിയ ശബ്ദം മുറിയില്‍ നിറയുന്നത്
അവനറിഞ്ഞു. നേഹയുടെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂമിന്‍റെ
ഗന്ധവും.
ഈ സ്ട്രീറ്റിലെ ഏറ്റവും മോടിയായ വീട്ടിലാണ് ഞാന്‍ താമസ്സിക്കുന്നത്, എന്‍റെ ഭര്‍ത്താവുമൊത്ത്… നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും ഞങ്ങളുടെ
വിവാഹം…
ഓര്‍ക്കുന്നു. ഷീലയ്ക്കു ശേഷം മലയാള സിനിമയയില്‍ വന്ന
മലയാളിത്തമുള്ള നടിയാണ് അപര്‍ണ്ണ. കഴിഞ്ഞ
തലമുറയിലെ ഏതൊരു മലയാളി പുരുഷനും കണക്കു കൂട്ടുന്ന മലയാളി പെണ്ണിന്‍റെ തനിമയുള്ള
നടി. അംഗ വടിവ്, മുഖശ്രീ, കണ്ണുകള്‍… എനിക്ക് ഇഷ്ടമാണ്…
നിങ്ങളുടെ അതേ അംഗ വടിവാണ് എന്‍റെ നേഹക്കും.
അതു കൊണ്ടല്ലേ നേഹയുടെ ചുരിദാര്‍ അപര്‍ണ്ണക്ക് നല്ലതുപോലെ ചേരുന്നത്.
ചുരിദാര്‍ മാത്രമല്ല, ഇന്നര്‍
വെയറുകളും…..
ശരത് ചുണ്ടകള്‍ കുറച്ചേറെ അകത്തി, അവളുടെ
മുഖത്തു നോക്കിയിരുന്നു.
ക്ഷമിക്കണം, വേറെ നിര്‍വ്വാഹമില്ലായിരുന്നു.
ഏതായാലും നിങ്ങളുടെ ഭാര്യ ഇവിടെയില്ലാതിരുന്നത് നന്നായി. ഉണ്ടായിരുന്നങ്കില്‍ ഒരു
പക്ഷെ, ഇത്ര സ്വസ്ഥതകിട്ടുമായിരുന്നില്ല.
നേഹ എന്‍റെ ഭാര്യ അല്ല… എന്‍റെ പെണ്ണാണ്… മൈ സെക്സ് പാര്‍ട്ടണര്‍. ഞങ്ങള്‍ മൂന്നു വര്‍ഷമായി ഒരുമിച്ചു
ജീവിക്കുന്നു. ഒരേ അമേരിക്കന്‍ കമ്പനിയില്‍, അടുത്തടുത്ത
കസേരകളില്‍, ഒരേ പോലെയുള്ള ജോലി ചെയ്യുന്നു, ഒരേ സ്കെയിലില്‍ ശമ്പളം വാങ്ങന്നു, തുല്യ പാര്‍ട്ടണര്‍
ഷിപ്പില്‍ ഈ വില്ല വാങ്ങി, തുല്യ അധികാര അവകാശങ്ങളോടെ
ജീവിക്കുന്നു.
അപര്‍ണ്ണക്ക് വല്ലാതെ ജാള്യത
തോന്നി.
ഞാന്‍ കേട്ടിട്ടുണ്ട് ഇങ്ങിനെയുള്ള ബന്ധങ്ങളെ കുറിച്ച്….
ഒരു പക്ഷെ, നിങ്ങള്‍ കേട്ടതിലും വ്യത്യസ്ഥമാണ്
ഞങ്ങളുടെ ബന്ധം. പി ബി ശരത് എന്ന മങ്കാവുടിക്കാരന്‍റേയും നേഹ ജോസഫ് എന്ന
കാഞ്ഞിരപ്പിള്ളിക്കാരിയുടേയും. അവള്‍ എന്നെപ്പോലെയല്ല,
എരിവും പുളിയുമൊക്കെ കൂടുതല്‍ വേണം, ഏതു
കറിക്കും. ആ പിടിവാശി കൊണ്ടായിരിക്കും
വിവാഹം നടക്കാന്‍ വൈകി…. പിന്നെ നസ്രാണികള്‍ക്കാണെങ്കില്‍ ബാംഗ്ലൂര്‍ ഐടിയില്‍
ജോലി ചെയ്യുന്ന പെണ്ണുങ്ങളോട് ഇപ്പോള്‍ ഇത്തിരി പഥ്യ കുറവും. ഞാനാണെങ്കില്‍ നാളു നോക്കി പക്കം നോക്കി
നടക്കുന്ന വീട്ടുകാരുടെ അനാസ്ഥയില്‍ മടുത്തും പോയി. എന്നിരിക്കിലും, ഞങ്ങള്‍ ഒരാജീവനാന്ത വ്യവസ്ഥയില്‍ ജീവിക്കുന്നവരല്ല. അഞ്ചു വര്‍ഷത്തേക്കു മാത്രം. വേണമെങ്കില്‍
പിരിയാം പിരിയാതെയിരിക്കാം….. മുപ്പതു കഴിഞ്ഞിട്ടും സെക്സ് ജീവിതം
കിട്ടിയില്ലെങ്കില്‍ പിന്നെ എന്തിനാണീ ജീവിതം… സോറി… അപര്‍ണ്ണ പറയാന്‍
വന്നിട്ട് എന്‍റെ കഥയുമായിട്ട്… ബോറായോ….?
ഇല്ല.. ശരത്… എനിക്ക് നിങ്ങളോട് വല്ലാത്തൊരു അടുപ്പം
തോന്നുന്നു.. പക്ഷെ, ആ അടുപ്പം ഇപ്പോള്‍ മാത്രം
തുടങ്ങിയതാണ്. എനിക്ക് നിങ്ങളെയോ, നേഹയേയോ, ഈ വീടോ നേരത്തെ അറില്ലായിരുന്നു. വേട്ടയാടപ്പെട്ട്, ആക്രമിക്കപ്പെട്ടിടത്തു
നിന്നും ഓടിയകന്നപ്പോള്‍ കിട്ടിയൊരു താവളം…. മറ്റൊന്നുമില്ലാതെ കാറിന്‍റെ
താക്കോലുമെടുത്ത് താമസ്സിച്ചിരുന്നിടത്തു നിന്നും പുറത്തേക്കോടി, കാറില്‍ കയറി ഓടിച്ചു പോരുകയായിരുന്നു.
അവര്‍ പിറകെ ഉണ്ടായിരുന്നു, ഭര്‍ത്താവും എന്‍റെ കാവല്‍ക്കാരും…
ഈ വീടിന് മുമ്പുള്ള വളവ് തിരിഞ്ഞപ്പോള്‍ പെട്ടന്ന് തുറന്നു കിടന്നിരുന്ന ഗെയിറ്റ്
വഴി ഓടിച്ചു കയറ്റുകയായിരുന്നു. നേരേ വീടിന് പിന്നിലേക്ക്…. ഗെയിറ്റ് തുറന്നു
കിടന്നിരുന്നെങ്കിലും, വീടിന്‍റെ മുന്‍ വാതില്‍ ലോക്ക് ചെയ്തിട്ടിരുന്നില്ലെങ്കിലും
അപ്പോള്‍ ഇരുട്ടില്‍ ഒരു ഭാര്‍ഗവീനിലയം പോലിരുന്നു, എനിക്ക് പിന്നില്‍ വന്നിരുന്ന
കാറുകള്‍ അകലേക്ക് ഓടിപ്പോകുന്നത് ഞാനറിഞ്ഞിരുന്നു. എന്നിട്ടും ഒരു മണിക്കൂറോളം ഞാന്‍ കാറില്‍
തന്നെ ഇരുന്നു, ആരും
ഇല്ലാത്ത വീടെന്നു തന്നെയാണ് കരുതിയിരുന്നത്, ഡോര്‍ തുറന്ന്
അകത്തു കയറി ഈ മുറിയിലെത്തി ശരത്തിനെ കാണും വരെ….
കേരളക്കരയാകെ കൊട്ടി ഘോഷിച്ച, സകലമാന മാധ്യമങ്ങളും
തിമര്‍ത്ത് ഉത്സവമാക്കിയ വിവാഹഹമായിരുന്നു നിങ്ങളുടേത്…
അതെ….
കോടീശ്വരപുത്രന്‍, സംസ്ഥാനതല സമുദായ
നേതാവിന്‍റെ പിന്മുറക്കാരന്‍… അപര്‍ണ്ണയുടെ അന്നത്തെ അഭിമുഖങ്ങളില്‍ ഒരു
അഹങ്കാരത്തിന്‍റെ ധ്വനിയുണ്ടായിരുന്നു…. ഭാവിയില്‍ കേരള പ്രവിശ്യയുടെ പട്ടമഹിഷി
വരെ ആയേക്കാമെന്ന് പത്രങ്ങള്‍ എഴുതി….
ശരിയാണ് അഹങ്കരിച്ചിരുന്നു.
എന്തോ ഓര്‍ത്തെടുത്തതുപോലെ,
ഓര്‍ക്കാന്‍ വൈകിയതു കൊണ്ട് ധൃതിയില്‍ ശരത് ചോദിച്ചു.
അപര്‍ണ്ണ ഭക്ഷണം കഴിച്ചോ…..?
ഉവ്വ്….!
ഇല്ലെങ്കില്‍, ഞാന്‍ ഉണ്ടാക്കിത്തരാം. എന്‍റേയും നേഹയുടേയും കൂട്ടു ജീവിതം തുടങ്ങും
മുമ്പ്, ഒറ്റയാള്‍ ജീവിതമായിരുന്നു, അഞ്ചു
വര്‍ഷം, അതു കൊണ്ട് പാചകമൊക്കെ നന്നായിട്ടറിയും… കൂട്ടു
ജീവിതം തുടങ്ങിയിട്ടും സഹകരണാടിസ്ഥാനത്തില്‍ എല്ലാ ജോലികളും ചെയ്തു വരുന്നുമുണ്ട്.
കഴിച്ചതാണ്….ശരത്തിന്‍റെ ഡൈനിംഗ് ടേബിളില്‍ നിന്നു തന്നെ, അത്രക്ക് എച്ചിലാകാതെ കുറച്ച്
അരിപ്പത്തിരിയും കറിയും ഉണ്ടായിരുന്നു…. പാതി കുപ്പി ബിയറും…. പാതി
ബിയറിലേക്ക്, ഒഴിച്ചിട്ടും ഒഴിയാതെയിരുന്ന ഒരു പെഗ്ഗ് മദ്യം
ചേര്‍ത്ത് കഴിച്ചശേഷമാണ് കുളിക്കുകയും ഡ്രെസ്സ് മാറുകയും ചെയ്തത്….
ശരത് ജീവിതത്തെ കുറിച്ച് ചിന്തിച്ചു പോയി. അതിന്‍റെ നിരര്‍ത്ഥകത, അനിശ്ചിതത്വം, വൈതരണികള്‍. കാണാക്കയങ്ങള്‍….
ജീവിതത്തിലെപ്പോഴെങ്കിലും ഇങ്ങിനെ ഒരവസ്ഥയുണ്ടാകുമെന്ന് അപര്‍ണ്ണ ചിന്തിച്ചിട്ടുണ്ടോ….?
ഇല്ല, ഒരിക്കലും.. വടക്കന്‍ കേരളത്തിലെ
ശാന്തമായ ഒരു ഗ്രാമത്തില്‍, വളരെ കുറച്ച് മനുഷ്യര്‍ക്കു
വേണ്ടി തുണിക്കട നടത്തുന്ന ആളായിരുന്നു അച്ഛന്‍… എനിക്കും അനുജനും അച്ഛനും
അമ്മക്കും ജീവിക്കാനുള്ളത് അവിടെ നിന്നും കിട്ടിയിരുന്നു. അല്ലലും അലട്ടലുമില്ലാതെ ശാന്തമായൊരു നദി…
ഞങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന തെളിനീരു നിറഞ്ഞ നദി…. അതിന്‍റെ കുളിര്‍മയില്‍,
നേര്‍ത്ത സംഗീതത്തില്‍ ഞങ്ങള്‍ എല്ലാ ഗ്രാമക്കാരെയും പോലെ
സന്തുഷ്ടരായിരുന്നു.
ശരത് ഒരു സ്വപ്ന ജീവിയെപ്പോലെ ഓരോ മനക്കാഴ്ചകള്‍ കണ്ടു
നടക്കുകയാണെന്ന് അപര്‍ണ്ണക്ക് തോന്നി.
അവള്‍ പറയുന്നതില്‍ പകുതി പോലും, അതിന്‍റെ യഥാര്‍ത്ഥ
അര്‍ത്ഥത്തില്‍ അവന്‍ ഗ്രഹിക്കുന്നുണ്ടോയെന്ന സംശയവും തോന്നി.
ശരത്….!
യേസ്സ്….!
ഞാന്‍ ഇനിയും ദുര്‍ഘട സന്ധിയെ തരണം ചെയ്തിട്ടില്ല. ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം
ശരതും. നമ്മള്‍ ഒരു കുടുക്കിലാണിപ്പോള്‍…
അതഴിയണമെങ്കില്‍ ഞാനിവിടെ നിന്നും രക്ഷപെടണം… ഈ രാത്രി തന്നെ….
നേരം വെളുത്താല്‍, പുറം ലോകമറിഞ്ഞാല്‍
മാധ്യമ പടയുടെ തിക്കിത്തിരക്കി കയറ്റമാകും ആദ്യം, അയലത്തുകാരുടെ ചോദ്യ ശരങ്ങളും
സ്നേഹിതരുടെ കുറ്റപ്പെടുത്തലുകളും,തനിച്ചനുഭവിച്ചുവെന്നപരാതികളും…
ശരത്തിന് ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.
അങ്ങിനെ ചിന്തിക്കാനേ പാടില്ല.
നേഹ…
സത്യപ്രതിജ്ഞകളും സാംക്രമിക രോഗങ്ങളെ കണ്ടെത്താനുള്ള ടെസ്റ്റുകളും
വളരെ നാളത്തെ നിരീക്ഷണങ്ങലും കഴിഞ്ഞാണ് നേഹയുമായിട്ടുള്ള ഉടമ്പടിയിലെത്തിയത്.
പക്ഷെ,
ഇന്ന്, ആ ഉടമ്പടിക്കും അതീതമായിട്ട്, ധാരണകള്‍ക്കും നീക്കു പോക്കുകള്‍ക്കും അതീതമായിട്ട്…. ഹൃദയത്തില്‍
നിറഞ്ഞുനില്‍ക്കുന്ന ഒരു സത്യമായി തീര്‍ന്നിരിക്കുന്നു. അവള്‍ക്കും അങ്ങിനെ തന്നെയാണ്, അതില്‍ അശ്ശേഷം സംശയവുമില്ല.
അടുത്തിടപഴകുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്നത്, ഓരോ
വാക്കുകളിലും ധ്വനിക്കുന്നത്, ഓരോ സ്പര്‍ശനത്തിലും
അറിയുന്നത്, അകറ്റാന്‍
കഴിയാത്ത, അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു ബന്ധം
ആയിരിക്കുന്നെന്നാണ്. ഇനി ആര് ആദ്യം
പ്രണയം അറിയിക്കുമെന്ന് കരുതിയിരിക്കുകയാണ് രണ്ടാളും. ഈ കാത്തിരിപ്പിനും ഒരു
സുഖമുണ്ട്, സംഗീതമുണ്ട്, താളമുണ്ട്,
ലയമുണ്ട്….
വേണ്ടതാണ് അപര്‍ണ്ണ…. അതിന് ഇനി ഒട്ടും വൈകാന്‍ പാടില്ല…
പുലരും മുമ്പ് അപര്‍ണ്ണ സുരക്ഷിതയായി എത്തേണ്ടിടത്ത് എത്തിയിരിക്കണം.
ശരത് സ്വന്തം മൊബൈലും നേഹയുടെ ബെഡ് റൂമും അപര്‍ണ്ണക്ക്
സ്വതന്ത്രമായി കരുക്കള്‍ നീക്കാന്‍ വിട്ടുകൊടുത്തു കൊണ്ട് തന്‍റെ മുറിയില്‍ ഇതേ
വരെ സംഭവിച്ചതുകളെ ഓര്‍ത്തു കൊണ്ടിരുന്നപ്പോള്‍ ഒരു പെഗ്ഗ് കഴിക്കണമെന്നും ഒരു
സിഗററ്റ് വലിക്കണമെന്നും അതിയായി ആഗ്രഹിച്ചു.
ആഗ്രഹം വിഫലമായിപ്പോയി. എല്ലാം
തീര്‍ക്കുന്നതു പോലെയായിരുന്നു അവരുടെ ആഘോഷം.
മനസ്സിന്‍റെ, വായുടെ നിസ്സംഗാവസ്ഥ മാറ്റാന്‍ എന്തു കിട്ടുമെന്ന് അടുക്കളയില്‍
പരതി. ഒരു കാരറ്റ് കഴുകി
വൃത്തിയാക്കാതെതന്നെ തിന്നു. രണ്ട് ചെറിയ
പച്ച മുളകുകള്‍ ചവച്ചിറക്കി.
രണ്ടു പേര്‍ക്കു വേണ്ടി തേയിലയും പഞ്ചസാരയും അധികം ചേര്‍ത്ത്
കട്ടന്‍ ചായ തിളപ്പിച്ചു.
ചുടു ചായ കുടിച്ചപ്പോള്‍ അപര്‍ണ്ണക്ക് ആശ്വാസം തോന്നി.
അവള്‍ പറഞ്ഞു.
മൂന്നു മണിക്കൂറിനുള്ളില്‍ അവരെത്തും, വെളുപ്പിനെ നാലു മണിക്ക് മുമ്പ്….പണത്തിനോടുള്ള ആര്‍ത്തിയാണെല്ലാറ്റിനും
കാരണം……
ശരത് തിരുത്തി.
ആര്‍ത്തിയല്ല, അമിതമായ ആസക്തിയാണ്. ഭക്ഷണത്തോട്, ലൈംഗീകതയോട്,
അതു രണ്ടം സ്വന്തം കാല്‍ക്കീഴില്‍ നില നിര്‍ത്താനുള്ള
അധികാരത്തോട്… ആ അമിതമായ ആസക്തിയാണ് എല്ലാറ്റിലും കാരണം, എല്ലാ
പുരോഗതിയും, എല്ലാ സംസ്കാരവും അങ്ങിനെയുണ്ടാതാണ്. ശിലയെ ആയുധമാക്കി നിവര്‍ന്ന് നിന്ന മനുഷ്യന്‍
സൂപ്പര്‍ കമ്പ്യൂട്ടറില്‍ എത്തിയതും അങ്ങിനെ തന്നെ ആണ്. പ്രകൃതി തീര്‍ത്ത ഗുഹയില്‍
നിന്നും പുറത്തിറങ്ങി കുടിലുകള്‍ വച്ചു കെട്ടിയതും, കുടിലിരുന്നിടത്ത് വീട് തീര്‍ത്തതും,
വീടുകള്‍ കൊട്ടാരങ്ങളാക്കിയതും….. പെറുക്കിത്തീനികള്‍ നട്ടു വളര്‍ത്താന്‍
തുടങ്ങിയതും പച്ചമാംസം വേവിക്കാന്‍ തുടങ്ങിയതും….വേവിക്കുന്നതിന്‍റെ കൂടെ
പച്ചിലകള്‍, മസാലകള്‍ ചേര്‍ത്തതും…..
ചായയില്‍ അമിതമായി ചേര്‍ത്തിരിക്കുന്ന മധുരം അവനിലെ മദ്യത്തെ
വീര്യം കൂട്ടുകയാണെന്ന് അപര്‍ണ്ണ സംശയിച്ചു.
അച്ഛന്‍റെ സ്നേഹിതന്‍ വഴിയാണ് സിനിമയില്‍ വന്നത്, ബാലനടിയായിട്ട്. ആദ്യമൊന്നും പണം ഒരു പ്രശ്നമായിരുന്നില്ല. പേരും പ്രശസ്തിയുമാണ് നോക്കിയത്… പിന്നെ പണം
വന്നു തുടങ്ങിയപ്പോള്‍ വിട്ടുകളയാന്‍ തോന്നിയില്ല…. വാരിക്കൂട്ടി… അമിതമായ ധനം,
സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, അംഗികാരങ്ങള്‍, പാരിതോഷിതങ്ങള്‍, കീര്‍ത്തി മുദ്രകള്‍…. ജീവിതം മറന്നു പോയിരുന്നു. ദേഹത്തിന്, മനസ്സിന്,
പ്രവര്‍ത്തന മണ്ഡലത്തിന് മങ്ങലു കണ്ടു തുടങ്ങിയപ്പോളളാണ്
ജീവിച്ചില്ലല്ലോയെന്ന തോന്നലുണ്ടായത്.
മുപ്പതു വയസ്സു കഴിഞ്ഞ് വിവാഹ ജീവിതത്തില്‍ വന്നപ്പോള്‍……… പക്ഷെ,
അയാള്‍ക്ക് മനസ്സും ശരീരവും വേണ്ടിയിരുന്നില്ല. ആ രണ്ടും തേഞ്ഞു തീര്‍ന്നതാണെന്നയായിരുന്നു
അയാളുടെ പക്ഷം, ശരിയല്ലേ… പൊതു ജനത്തിനും ഒരു നടിയെപ്പറ്റി
അങ്ങിനെയല്ലെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ….അയാള്‍ക്ക് പണം മാത്രം മതി… എന്തും
കൊടുക്കാമായിരുന്നു. കൊടുത്തിട്ടുണ്ട്. പക്ഷെ, മുപ്പതു
വയസ്സു വരെ കാത്തു സൂക്ഷിച്ച അച്ഛനെയും അമ്മയേയും തെരുവിലേക്കിറക്കി വിടണമെന്നു
പറഞ്ഞാല്‍….
വീടിന് മുന്നില്‍ വാഹനത്തില്‍ നിന്നുള്ള വെളിച്ചം., അവര്‍ മുറിക്കുള്ളിലെ വിളക്കണച്ചു.
അടുത്ത ശബ്ദങ്ങള്‍ക്കായി കാത്തിരുന്നു.
ശുഭ സൂചകമായി ശരത്തിന്‍റെ മൊബൈല്‍ റിംഗ് ചെയ്തു. അവര്‍ അപര്‍ണ്ണയെ കൊണ്ടു പോകാനെത്തിയിരിക്കുന്നു. ബഹളങ്ങളും ശബ്ദങ്ങളും കുറച്ച്, അയലത്തുകാരെ അറിയിക്കാതെ, അവരെ ശരത് സ്വാഗതം ചെയ്തു.
അപര്‍ണ്ണ അമ്മയുടെ മാറില്‍
ചേര്‍ന്നു നിന്നു. അവള്‍ പൊട്ടി കരഞ്ഞു.
സെലുലോയിഡിലല്ല, ജീവിതത്തില്‍ ഒരു നായിക കരയുന്നത് കാണാന്‍
യോഗമുണ്ടായി എന്നു ശരത് ചിന്തിച്ചു.
ശരത് ഞാന്‍ നേഹയുടെ വസ്ത്രങ്ങളുമായിട്ടാണ് പോകുന്നത്. പക്ഷെ, അതൊരിക്കലും നിങ്ങളെ ബാധിക്കില്ല. ഞാന്‍ തന്നെ നേഹയോട് സംസാരിക്കാം.
അപര്‍ണ്ണ, അമ്മയുടെ ഫോണില്‍ നിന്നും നേഹയെ
വിളിച്ചു. പുലര്‍ച്ചെയുള്ള ഗാഢനിദ്രയിലായിരുന്നതു കൊണ്ടാവാം നേഹ ഫോണെടുക്കാന്‍
വൈകി.
ഹലോ…. നേഹ ഞാന്‍ അപര്‍ണ്ണ സുദേവാണ്…. അതെ….. അതെ….. ഷുവര്‍…..
ഞാന്‍ വിളിക്കുന്നത് നേഹയുടെ ബാംഗ്ലൂരുള്ള വില്ലയില്‍ നിന്നാണ്… ശരത്തിന്‍റെ
അടുത്തു നിന്നു തന്നെ…..
@@@@@@@@