ദ്വ’യാര്‍ത്ഥ’ങ്ങള്‍

ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ്‌ അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട്‌ വച്ച്‌ പാര്‍പ്പ്‌ തുടങ്ങിയത്‌. പാര്‍പ്പ്‌ തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍ ഓരോരോ സംഗമങ്ങളും നടത്തി വന്നു.

വീടിന്റെ പണി ചെയ്തവര്‍ക്കു വേണ്ടി, അയലത്തുകാര്‍ക്കു വേണ്ടി,

നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച്‌ ജോലി ചെയ്തവര്‍ക്കു വേണ്ടി………

സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും, സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്‌,

ഒരു സംഗമം ബാല്യകാല സുഹൃത്തുക്കള്‍ക്കു വേണ്ടിയും നടത്തിയിരുന്നു. അങ്ങിനെ അയാളും അദ്ദേഹത്തിന്റെ അതിഥിയായെത്തി.

അയാള്‍, തനിക്ക്‌ കിട്ടിയ പാര്രവുമായിട്ട്‌ ഭക്ഷണമിരിക്കുന്ന മേശക്കരുകിലെത്തി. ആട്‌, മാട്‌, കോഴി, താറാവ്‌, പന്നി, കേഴ, മാന്‍……. എല്ലാം വ്യത്യസ്തമായ നിറങ്ങളില്‍, മണങ്ങളില്‍……

വ്ൃതൃസ്തമായ കുപ്പികളില്‍, പേരുകളില്‍ പാനീയങ്ങളും…

ഓരോ ഇനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും അയാളോട്‌ സ്വന്തം വയറ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട, ദഹിക്കില്ല. മനസ്സ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട മനം മറിച്ചിലുണ്ടാക്കും…….

എല്ലാ ടേബിളുകളും പിന്നിട്ട്‌ കഴിഞ്ഞിട്ടും അയാള്‍ക്കൊന്നും എടുക്കാന്‍ തോന്നിയില്ല.

അയാളുടെ നിശ്ചലത, നിര്‍വികാരത കണ്ട്‌ ആതിഥേയനായ അദ്ദേഹം വന്നു.

-എന്തു പറ്റിയെന്റെ ബാല്യകാല സഖാവേ…

ഇതൊന്നും എനിക്ക്‌ കഴിക്കാന്‍ കഴിയുന്നില്ല… ഇതൊന്നും കഴിച്ച്‌ ശീലമില്ല… ഇതിന്‌ മുമ്പൊരിക്കലും എനിക്കിതൊന്നും കഴിക്കാന്‍ കഴിഞ്ഞിട്ടില്ല… ഇല്ലായ്മ കൊണ്ടാണ്‌…..

അദ്ദേഹത്തിന്‌ ചിരി വന്നു, പൊട്ടിച്ചിരിച്ചു.

അദ്ദേഹത്തിന്റെ ചിരി കേട്ട്‌ എല്ലാവരും ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി.

-എന്റെ (്രിയ സുഹൃത്തുക്കളെ, ഇവന്‍ ഇതൊന്നും കഴിക്കാന്‍ പാടില്ലെന്ന്‌, ദഹിക്കില്ലന്ന്‌….. നിങ്ങള്‍ക്ക്‌ ഇവനെ അറിയില്ലേ…. നമ്മുടെയൊക്കെ ബാല്യ കാല സുഹൃത്ത്‌, സഹപാഠി,
ക്ലാസിലെ ബുദ്ധിജീവി… സാറന്മാരുടെയൊക്ക കണ്ണിലുണ്ണി… നമ്മുടെ നാടിന്റെ കഥാകാരന്‍… ഞാനോ, എവിടേയും പിന്നില്‍ നിന്നവന്‍, ധിക്കാരി, തല്ലുകൊള്ളി, ആഭാസന്‍………….

സ്വ പാത്രങ്ങളിലേക്ക്‌ തല കുമ്പിട്ടിരുന്ന എല്ലാവര്‍ക്കും ഹരം കയറി, കഥകള്‍ നീട്ടിക്കൊണ്ടുപോകുവാന്‍ പ്രോത്സാഹിപ്പിച്ചു.

ഞാനും, എന്റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ്‌ ജീവിതം തുടങ്ങിയത്‌… എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല,
എത്തിപ്പെടാത്ത ഇടങ്ങളില്ല. എനിക്ക്‌ മുന്നില്‍ അധികാരികള്‍ ഓച്ചാനിച്ചു നിന്നിരുന്നു, വാല്യക്കാര്‍ എന്റെ ബൂട്ടു പോലും നക്കി വൃത്തിയാക്കിത്തരാന്‍, എന്റെ പാദം കഴുകിയ വെള്ളം തീര്‍ത്ഥമാണെന്ന്‌ പറഞ്ഞ്‌ വീടുകളില്‍ കൊണ്ടുപോയി സേവിക്കാന്‍ കാത്തു നിന്നിരുന്നു. എന്റെ മരണത്തെ സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖത്തോടെ ആചരിക്കും, ദേശീയമായിട്ട്‌ അവധി കൊടുത്ത്‌ ഖേദിക്കും……..

അദ്ദേഹത്തിന്റെ ര്രസംഗം നീണ്ടു പൊയ്ക്കൊണ്ടിരുന്നു. ആഹാരത്തിന്റെ പാത്രങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു.

ഒടുവില്‍, അയാള്‍ ഒരു മൂലയിലേക്ക്‌ മാറി നിന്ന്‌, ഓക്കാനിച്ച്‌ ഒരു കവിള്‍ ഛര്‍ദ്ദിച്ചു.
വായില്‍ നിന്നും പുറത്തേക്ക്‌ തെറിച്ചു വീണത്‌ രണ്ടു ദ്യാര്‍ത്ഥങ്ങളുള്ള വാക്കുകളായിരുന്നു.
വാക്കുകളുടെ പ്രശസ്തമായ അര്‍ത്ഥം സ്ത്രീപുരുഷ ലൈംഗീക അവയവങ്ങളുടെ പേരുകളായിരുന്നു.

തിന്നു മടുത്തവര്‍ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തിയപ്പോള്‍, അയാളെ പുറത്താക്കി, പടിയടച്ച്‌ പിണ്ഡം വച്ചു.