കൂടിക്കാഴ്ച

നരച്ച ഉച്ച നേരത്താണവൾ വന്നത്‌. അയാൾ ചാരു കസേരയിൾ മയക്കത്തിലായിരുന്നു. കരിയിലയിൽ പാദങ്ങൾ പതിച്ചപ്പോൾ ഉണ്ടായ ശബ്ദം തന്നെ അയാളെ ഉണർത്തി. വർഷങ്ങൾക്കു ശേഷം ബാല്യകാല സഖിയെ കണ്ടപ്പോൾ മനസ്സ്‌ വല്ലാതെ പിടഞ്ഞു. അവളോടൊത്തു മോഹിച്ച ജീവിതം തട്ടിപ്പറിച്ച്‌ കൊണ്ടു പോയതായിരുന്നു. ഓടിയിറങ്ങിച്ചെന്ന്‌ സ്വികരിക്കണമെന്ന്‌ തോന്നിയതാണ്‌, തളർന്ന വലതുകാൽ അതിന്‌ സമ്മതിക്കാത്തതിൽ ദുഃഖിച്ചു.

ഓടി വന്ന്‌ സ്വീകരിക്കേണ്ടതാണ്‌, കാല്‌ സമ്മതിക്കുന്നില്ല….വാ….കയറി
വാ…..

അയാൾ ക്ഷണിച്ചു.

ഒരു കാലത്ത്‌ നിറച്ച്‌ ആളുകളുണ്ടായിരുന്ന വിട്……മുറ്റം മെഴുകി കറ്റ മെതിക്കാൻ പാകത്തിന്‌ വൃത്തിയാക്കിയിട്ടിരിക്കും, സദാസമയവും ഒച്ചയും ബഹളവും ചിരിയും കളിയും കുട്ടിക്കരച്ചിലുകളും കേട്ടിരുന്നു……വെള്ളപ്പുശി, പെയന്റടിച്ച്‌ എന്നും പുതിയതുപോലെ നിന്ന്‌ വീട്‌ കഥകൾ പറഞ്ഞിരുന്നു…

അവൾ നാലുപാടും നോക്കി…

വെള്ളയിളകി ചെങ്കല്ല്‌ കാണുന്ന ഭിത്തി…… നിറം മങ്ങി കറുത്തിരിക്കുന്ന ജനാലകൾ, വാതിലുകൾ …. മുറ്റം പുല്ലുകയറി, ഇലകള്‍ വീണു നിറഞ്ഞ്‌…..

അയാളും കാണുകയാണ്‌,

അവളും മാറിയിരുക്കുന്നു, ചടച്ചു പോയി….വസ്ത്രങ്ങളും നിറം മങ്ങിയതാണ്‌, കൺ തടത്തിൽ കറുപ്പ്‌ കയറിയിരിക്കുന്നു, കറുകറുത്ത്‌ സമൃദ്ധമായിരുന്ന മൂടി കൊഴിഞ്ഞകന്ന്‌ തുത്തുകുണുക്കി പക്ഷിയുടെ വാലു പോലെ കുറച്ച്… ഉള്ളതിൽ കുടുതലും വെളുത്തുമിരിക്കുന്നു…..

അവൾ ഓർമ്മിച്ചു,

ആ കാലുകൾ തീർത്തിരുന്ന മാന്ത്രികത… ഗോൾ വലയത്തിലേക്ക്‌ പറത്തിയിരുന്നു……

ഞാൻ വന്നത്‌ ഒരു കേസു കൊടുക്കാൻ പാങ്ങുണ്ടോന്നു നോക്കിയാണ്‌…

അവൾ വരാന്തയിൽ കയറി നിന്ന്‌ പറഞ്ഞു.

അയാൾ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കെ
അവൾ വീണ്ടും പറഞ്ഞു.

പണ്ട്‌ മാറിലെ മറുകിൽ നാവു കൊണ്ട്‌ നനച്ചിട്ടില്ലേ….. ഇടതു ചെവിക്ക്‌ താഴെയുള്ള പാലുണ്ണി കടിച്ചെടുത്തില്ലേ……..

പിന്നെ അവൾ ചിരിച്ചു, കൌമാരക്കാരിയുടേതുപോലെ മനോഹരമായ, നാണപ്പുക്കളുള്ള ചിരി….. കുടെ അയാളും…

ഇവിടെ ആരുമില്ല ?

ഇല്ല… പറക്കമുറ്റി, പറന്നകന്നു…

ഭാര്യ…?

കുടൊഴിഞ്ഞു പോയി……

എങ്കിൾ ഞാനും കുടെ ചേക്കേറട്ടെ…. വെറും കയ്യുമായി മടങ്ങിച്ചെന്നാൽ അവിടെ കയറ്റുമെന്ന്‌ തോന്നുന്നില്ല….

അയാളുടെ വെളുപ്പു കയറിയ കണ്ണുകൾ വിടർന്നു,

നരച്ച സുര്യൻ ഒന്നു പുഞ്ചിരിച്ചു,

മുറ്റത്ത്‌ ചിക്കിച്ചിനക്കി നിന്നിരുന്ന പുവനരുകിലേക്ക്‌ പിടയെത്തുന്നു.

@@@@@@