ഒരു കവിയുടെ ജീവചരിത്രം

അവന്‍ പാതിവഴിയില്‍ വിദ്യയിലേക്കുള്ള അഭ്യാസം നിര്‍ത്തി പണി തേടി, അന്നം തേടി നടക്കവെ, അവളെ കണ്ടെത്തി.

അവള്‍ ജ്വലിക്കുന്നൊരു താരകമായിരുന്നു. അവന്‍, അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കവെ എല്ലാം മറന്നു, അവളും.

കണ്ടു കണ്ടിരിക്കെ അവന്‍ വെറുതെ ചൊല്ലി,

പെണ്ണേ, നീ ജ്വലിക്കുന്ന അഗ്നിയാണ്‌, ആ അഗ്നി കടം കൊണ്ടിട്ടാണ്‌ ഞാന്‍ ചൂടായിനില്ക്കുന്നത്‌,

പെണ്ണേ, നീ കൊടും ശൈത്യമാണ്‌, നിന്റെ കുളിര്‍മയിലാണെനിക്ക്‌ മൂടിപ്പുതച്ച്‌ ഉറങ്ങാന്‍ കഴിയുന്നത്‌.

പെണ്ണേ, നീ കാലവര്‍ഷമാണ്‌, ആ വര്‍ഷത്തിലാണെന്നില്‍ കവിത മുളക്കുന്നത്‌.

പെണ്ണേ, നീ വസന്തമാണ്‌, അതു കൊണ്ടാണെന്റെ കവിതകള്‍ പൂവായി വിരിയുന്നത്‌.

പെണ്ണേ, നീ സുഗന്ധമാണ്‌, അതു കൊണ്ടാണിവിടെ നറുമണം നിറയുന്നത്‌.

പെണ്ണേ, നിന്റെ കൈവിരലുകളാലെന്റെ ഹൃദയ വീണയില്‍ മീട്ടുന്നതു കൊണ്ടാണെനിക്ക്‌ പാടാന്‍ കഴിയുന്നത്‌.

പെണ്ണേ, നീ എന്റെ സിരകളിലൂടെ രക്തമായിട്ടൊഴുകുന്നതു കൊണ്ടാണെനിക്ക്‌ ജീവനുണ്ടായിരിക്കുന്നത്‌.

പെണ്ണേ, നിന്റെ മാംസം എന്നിലുള്ളതു കൊണ്ടാണെനിക്ക്‌ രൂപമുണ്ടായിരിക്കുന്നത്‌.

പെണ്ണേ, നിയുണ്ടായിരിക്കുന്നതു കൊണ്ടാണ്‌ ഞാനും ഉണ്ടായിരിക്കുന്നത്‌.

പെണ്ണേ, നീ പ്രകൃതിയും വികൃതിയും രൂപിയും അരൂപിയും സത്യവും അസത്യവുമാണ്‌.

അവന്റെ കവിതകള്‍ കേട്ട്‌, ചൂടു തട്ടി മഞ്ഞുരുകി ഗംഗയിലൂടെ ഒഴുകും പോലെ അവള്‍ ഉരുകി ഒലിച്ചിറങ്ങി അവനിലൂടെ പടര്‍ന്നൊഴുകി…..

അവന്‍ ചൂടും തണുപ്പും ഈര്‍പ്പവും വസന്തവും സുഗന്ധവും ഉള്‍കൊണ്ട്‌ വിണ്ണിലൂടെ പറന്ന്‌ നടന്നു. നടന്നു നടന്ന്‌ കവിയായി…..

കവിത ചൊല്ലിച്ചൊല്ലി നടന്ന്‌ നക്കാപ്പിച്ച നേടി.

അവള്‍ പട്ടിണി കിടന്ന്‌ മടുത്ത്‌, അവനെ വിട്ട്‌ മറ്റെരുവനെ വേട്ട്‌ സുഖമായി ജീവിച്ചു.

൭൭൪