ആറ് കഥകൾ
കഥയും കവിതയും
കവിത റം ആകുന്നു, കഥ വിസ്കിയും. കവിത ബോധത്തിൽ കയറി വിസ്ഫോടനം തീർത്ത് ദേഹമാകെ പടർന്ന് വിയർപ്പിച്ച് അഴുക്കുകളെ അകറ്റുന്നു. കഥ മനസ്സിൽ കയറി എരിച്ചെരിച്ച് ദേഹത്തെ
വിറപ്പിച്ച് മലങ്ങളെ പുറത്താക്കുന്നു. എനിക്കിഷ്ടം കോക്ക്ടെയിലാണ്, തികഞ്ഞ മന്ദത. സമൂഹത്തിന്റെ കരിമുഖം കണ്ടിട്ടെന്റെ ചേതന അറ്റു പോകാത്തത് അതുകൊണ്ടാണ്.
ഭാര്യയും കാമുകിയും
ഭാര്യയെ ഞാൻ നെരുപ്പോടാക്കി കിടപ്പു മുറിയുടെ മുലക്ക് വച്ചിരിക്കുകയാണ്, കാമുകിയെ ആഴിയാക്കി കിടപ്പറക്ക് പുറത്തും.
പോക്കറ്റ്
പോക്കറ്റുകൾ പണം സൂക്ഷിക്കുന്നിടം മാത്രമല്ല. നവമതങ്ങളെ കനലിലിട്ട് പഴുപ്പിച്ച്,
അടിച്ച് പതം വരുത്തി ചൂരികകളാക്കുന്ന ആലകൾ കൂടിയാണ്. അങ്ങിനെയുള്ള ഒളിപ്പോക്കറ്റുകളിൽ നിന്നുമാണ് ക്ഷുഭിത യൌവനങ്ങൾ പരുവപ്പെട്ട് പുറത്ത് വന്ന് മലയാളക്കരയാകെ പടർന്നത്.
കടം
കടം കൊണ്ടവൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഗണിച്ചും ചിത്തഭ്രമം കൊണ്ടു. കണക്കുകൾ കാണാച്ചുഴിയിലേക്ക് ചൂഴ്ന്നു പോയി. കടം കൊടുപ്പവൻ കാണാച്ചുഴികൾ തേടി നടന്ന് ഉന്മാദിയായി, കണ്ട ചുഴിലിലേക്ക് ഇറങ്ങിപ്പോയി.
പെണ്ണ്
പെണ്ണേ, നിന്നെ അന്ന് മധുരാ നഗരിയിൽ വച്ചു (കണ്ണകി) കണ്ടപ്പോഴും, ഇവിടെ ആലപ്പുഴയിൽ വച്ചു (മുലക്കരത്തെ പ്രതിഷേധിച്ച് മാറ് മുറിച്ച് വലിച്ചെറിഞ്ഞവൾ) കണ്ടപ്പോഴും, അങ്ങ് ആസ്സാം ബോർഡറിലെ പട്ടാള ക്യാമ്പിലേക്ക് നഗ്നയായി (സ്വന്തം കാവൽക്കാരനാൽ, പട്ടാളക്കാരനാർ ബലാത്സംഗ ചെയ്യപ്പെട്ടവർ) മാർച്ചു ചെയ്തപ്പോഴും, ഇവിടെ കൊച്ചിയിലെ മറൈൻഡ്രൈവിൽ ചുംബന പ്രതിഷേധം നടത്തിയപ്പോഴും,
മഹാരാജാസ്സിൽ പരസ്യാലിംഗനം ചെയ്തപ്പോഴും ആകാശം മുട്ടെ നിൽക്കുന്ന ഫ്ലക്സിൽ
അടിവസ്ത്രങ്ങളുടെ പരസ്യമാകുമ്പോഴും പുരക്കുള്ളിലെ വിഡ്ഡിപ്പെട്ടിയിൽ നീലച്ചിത്രമായി നർത്തനം ചെയ്യുമ്പോഴും ഞാൻ ഒറ്റക്കാര്യമേ ശ്രദ്ധിച്ചുള്ളു, ഇതിനൊക്കെ ശേഷം അറുത്തു വിൽക്കുമ്പോൾ എത്ര റാത്തല്‍ മാംസം കിട്ടുമെന്ന്. കാരണം ഞാൻ ഒരു പാവം കച്ചവടക്കാരനും നീ ഒരു ‘സാധനവും’ ആകുന്നു.
സദാചാര പോലിസ്
കൊന്നും തിന്നും മതി വന്നിട്ടല്ല, ഒരുൾ ഭയം,
അടുത്ത ഇരയാകുമോയെന്ന്. കയ്യൂക്കു കൊണ്ട് ഒരു ദേശീയ പാർട്ടിയുടെ പ്രദേശിക നേതാവായി. ഇപ്പോൾ സ്വസ്ഥം. നാൽക്കവലയിൽ നിന്ന് സദാചാരം പറയാം, അമ്മയുടെ പുരയിലും, പെങ്ങളുടെ മറക്കുള്ളിലും ഒളിഞ്ഞു നോക്കാം, സദാചാരം നടപ്പാക്കാം. തീറ്റക്കൊരു കുറവുമില്ല, ഉൾഭയമില്ല, സുഖം, സമാധാനം.
@@@@@@@