അമ്മയ്ക്കൊരു പാരിതോഷികം

“ഹലോ… സുനിതാ മാഡമല്ലേ….. വൃദ്ധ കരുണാലയത്തിലെ… മാം ഞാൻ പത്മിനിയമ്മയുടെ മകൻ ശരത്‌…. യേസ്‌… അമ്മയ്ക്ക്‌ സുഖമല്ലേ… അമ്മയുടെ ബെർത്ത് ഡേയാണിന്ന്‌, അമ്മയ്ക്കത്‌ ഓർമ്മ കാണില്ല, എന്റെ ആയിരുന്നെങ്കിൽ മറക്കില്ല… നോ.. നോ…എഴുപതായി… വേണ്ട കൊടുക്കണ്ട, തിരക്കാണ്‌, സമയമില്ലെന്ന്‌ പറഞ്ഞാൽ മതി… കൊടുത്താൽ അതുമിതും പറഞ്ഞ്‌ അമ്മ സമയം കളയും… യേസ്‌…കഴിഞ്ഞ ബെർത്ത് ഡേയ്ക്ക്‌ ഞങ്ങളെല്ലാവരും കൂടി വന്ന്‌ കണ്ടതാണ്‌… അമ്മയോട്‌ പറയണം ഗണപതിയമ്പലത്തിലൊരു

പുഷ്പാജ്ഞലി കഴിപ്പിച്ചെന്ന്‌… കൂടാതെ അമ്മയ്ക്കു വേണ്ടി കൊച്ചി എഫ്‌ എമ്മിൽ ഒരു സോങ്ങ്‌ ഡെഡിയ്ക്കേറ്റ്    ചെയ്യുന്നുണ്ടെന്ന്‌…. “സംഭവാമി യുഗേ,
യുഗേ…” എന്ന മലയാളം ഫിലിമിലെ “അമ്മയല്ലാതൊരു ദൈവമുണ്ടോ…” എന്ന സോങ്ങാണ്‌… യേസ്‌, ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതലാണ്‌ എസെമ്മസ്സ്‌ വെള്ളിത്തിര… അപ്പോൾ റേഡിയോ ഒന്നു വച്ചു കൊടുക്കണം… എല്ലാവരും കേൾക്കട്ടെ….താങ്ക് യു… തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കൂന്നുണ്ട്‌… പിന്നെ പ്രിയ, പ്രത്യേകം അന്വേഷിച്ചതായി പറയണം. അതെ മരുമകളാണ്‌…തനുമോളും … യേസ്‌, കൊച്ചു മകളാണ്‌… ഓ, സോറി… വരാൻ തീരെ സമയമില്ലാത്തതു കൊണ്ടാണ്‌. യേസ്‌, ഓകെ…. ശരിയാണ്‌, പത്തു കിലോമീറ്ററേയുള്ളൂ…. എങ്കിലും………

@@@@@@@@