അദ്ധ്യായം പത്തൊൻപത്

സുബ്ബമ്മയുടെ പതിനൊന്ന്‌
ദിവസത്തെ ഉപവാസവും മൂന്നുദിവസത്തെ വ്രതവും കഴിഞ്ഞിരിക്കുന്നു. ഇന്ന്‌ അവള്‍ക്കായി
ശാന്തിയിലെ ക്ഷ്രേതത്തില്‍ പ്രത്യേക പൂ

ജയും ധ്യാനവുമുണ്ട്‌. അവള്‍ക്ക്‌
വേണ്ടി ദേവവ്രതന്‍ മന്ത്രങ്ങള്‍ ഉരുവിടും.

ദേവവ്രതന്‍ നേരിട്ട് ക്ഷ്രേതത്തില്‍
എത്തി ധ്യാന കര്‍മ്മങ്ങളിലും മന്ത്രണകര്‍മ്മങ്ങളിലും പങ്കെടുക്കുന്നതിനാല്‍ അത്രയേറെ
പ്രാധാന്യം ഉണ്ടാവണമല്ലൊ. അക്കാരണത്താല്‍ തന്നെ പൂജാരിയും മറ്റ് അമ്പലവാസികളും
എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുന്നു. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത്‌
പരീക്ഷിച്ചു നോക്കുന്നു. അവര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ജോലിയില്‍
മുഴുകിയിരിയ്ക്കുകയുമാണ്‌.

പട്ടണത്തിലെ വാടകമുറിയില്‍ നിന്നും
പതിനൊന്ന് ദിവസങ്ങൾക്ക് മുൻപാണവൾ ശന്തിഗ്രാമത്തിൽ വന്നത്‌. ഇന്നുവരെ
ഉപവാസാനുഷ്ടാനങ്ങള്‍ക്കും വ്രതശുദ്ധിക്കുമായി ശാന്തിഗ്രാമത്തില്‍ വസിച്ചു. അങ്ങിനെ
ശാന്തിഗ്രാമത്തില്‍ കഴിയുന്നവര്‍ വളരെ ഏറെയുണ്ടുതാനും. ദേവ്രവതന്റെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നതിനാല്‍
അവൾക്ക് എല്ലായിടത്തും പ്രത്യേക പരിഗണനയും പരിചരണവും കിട്ടിക്കൊണ്ടിരുന്നു. കല്‍പാത്തിയില്‍
നിന്നും സുബ്ബമ്മയുടെ അപ്പാവും ഒരു പറ്റം കല്‍പാത്തിക്കാരും തലേന്നുതന്നെ
എത്തിച്ചേര്‍ന്നു. അവര്‍ സുബ്ബമ്മയെ പ്രത്യേകം, പത്യേകം
ശ്രദ്ധിച്ചു. എല്ലാവരും അവളിടെ മാറ്റം കണ്ടറിഞ്ഞു.

അവളുടെ ശരീരം ചടച്ചിട്ടുണ്ട്‌.
സംസാരത്തില്‍, പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമുണ്ട്‌. എല്ലാവരോടും
സ്നേഹമസൃണമായി ചിരിയ്ക്കുന്നു, തമാശ പറയുന്നു.

“ഏന്‍, ശാന്തിയിലെ സച്ചിദാനന്ദാ!, ഏന്‍ പൊണ്ണിനെ
കാപ്പാത്തണെ”

സുബ്ബമ്മയുടെ അമ്മാവി
ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. നെഞ്ചുരുകി പ്രാര്‍ത്ഥിച്ചാല്‍
സച്ചിദാനന്ദന്‍ കേള്‍ക്കുമെന്ന്‌ അവള്‍ക്ക്‌ ഉറച്ച വിശ്വാസമുണ്ട്.

പൂജ കഴിഞ്ഞ്‌ ഇരുപത്തിയൊന്ന്‌
ശയന പ്രദക്ഷിണം കൂടി കഴിഞ്ഞാല്‍ എല്ലാ മേദസ്സുകളും ഉരുകി ഒലിച്ചു പോയിക്കഴിഞ്ഞു
മോള്‍ മിടുക്കിയായി പരിശുദ്ധമായി, ഒപ്പം കല്‍പ്പാത്തിയിലേയ്ക്ക്‌
യാത്ര്, അവിടെയെത്തി വളരെ വൈകാതെ ബാലനാരായണനുമൊത്ത്‌ വിവാഹം.

സുബ്ബമ്മയുടെ അപ്പാവ്‌
മനസ്സില്‍ കരുതി.

കിഴക്ക്‌ ഒന്ന്‌ വെള്ളകീറി
കാണാന്‍ ……………….:

ശാന്തിയിലേക്ക്‌ ആദ്യ ബസ്സ്‌
പുറപ്പെടാന്‍ വേണ്ടി അവരെല്ലാം കാത്തിരുന്നു.

പത്രവാര്‍ത്ത വായിച്ച്‌
ഭഗവാന്‍ അർദ്ധപ്രജ്ഞനായി .   ലോകത്ത്‌ ആരും
തന്നെ അറിഞ്ഞിട്ടില്ലെന്ന്‌ കരുതി മൂടി വച്ചിരുന്നസത്യം. ഭഗവാന്‍ ശാന്തിനിലയത്തിന്റെ
മട്ടുപ്പാവില്‍ കയറി നിന്നു. തെക്ക്‌ മലയിറങ്ങി വരുന്ന ആയിരങ്ങളെ കാണാനാകുന്നു. സര്‍വ്വ
ഐശ്വര്യങ്ങള്‍ക്കും വേണ്ടി, സര്‍വ്വമോക്ഷദായക്മായിട്ട്

ഇന്ന്‌ യജ്ഞം നടക്കുകയാണ്‌.

പ്രധാന ആചാര്യന്‍
യജമാനനായിട്ട്‌, സർവ്വ ശക്തനായ സച്ചിദാനന്ദൻ
കാര്യദർശിയായിട്ട്.  അതിൽ പങ്കെടുക്കാനായിട്ട്
ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 
ശന്തിഗ്രാമം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ തിരക്കാണ്.

ക്ഷേത്രത്തിൽ ദേവവ്രതന്റെ മേൽ
നോട്ടത്തിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പൂജകൾ നടക്കുന്നു.

സൌന്ദരൈശ്വര്യങ്ങൾക്കു
വേണ്ടിയും, സൽഭർത്തൃഗമനത്തിനു വേണ്ടിയും, സൽ പുത്രപ്രാപ്തിക്കു വേണ്ടിയും……

ഭഗവാൻ മട്ടുപ്പാവിലിരുന്നു
തന്നെ കാണുകയായിരുന്നു. ഇപ്പോൾ താഴേക്ക് ഇറങ്ങി
ചെല്ലേണ്ടതായിരുന്നു.  അനുഗ്രഹം വാങ്ങാൻ
വളരെപ്പേരിപ്പോൾ സന്ദർശന മുറിയിൽ ഉണ്ടാകും. പക്ഷെ, ഭഗവാൻ
കാമമുക്തനായിട്ടില്ല. എവിടെ നിന്നെല്ലാമോ യുദ്ധത്തിന്റെ ഞാണൊലികള്‍ കേൾക്കുന്നതുപോലെ
തോന്നുന്നു, ഭഗവാന്. ഭീമാര്‍ജ്ജുനന്‍മാരുടെ അക്രോശങ്ങള്‍
കേള്‍ക്കുന്നതു പോലെ. പക്ഷെ, തന്നോടൊപ്പം കൂട്ടുകൂടി നില്‍ക്കാന്‍
ഒരു കര്‍ണ്ണനേയും കാണുന്നില്ല. സ്വപാളയത്തില്‍ തന്നോടുതന്നെ യുദ്ധത്തിനുള്ള ഒരുക്കം
തുടങ്ങിയിരിക്കുന്നെന്ന സത്യം അറിയാന്‍ കഴിയുന്നു.

എന്റെ മകളെവിടെ? അവള്‍ ഇനിയും എത്തിയിട്ടില്ല. അവളും പത്രവാര്‍ത്ത
ശ്രദ്ധിച്ചിട്ടില്ലാതിരിക്കുമോ? അതോ അവൾ വളരെ നേരത്തെ തന്നെ
സത്യം ധരിച്ചിരിക്കുമോ? അതുകൊണ്ടാണോ അവള്‍ ഗ്രാമം തന്നെ
വിട്ടുപോയത്‌.

പക്ഷെ, അവളുടെ പെരുമാറ്റത്തിലൊരിയ്ക്കലും അങ്ങിനെയൊരു കാര്യം അറിവുണ്ടെന്നു
തോന്നിയ്ക്കുമാറില്ലായിരുന്നു.

സര്‍വ്വ ത്യാഗിയും സര്‍വ്വസഹനുമായ
എന്നിലേയ്ക്ക്‌ എപ്പോഴാണ്‌ മോഹം കടന്നുവന്നത്‌. ശ്രീരാമനെപ്പോലെ ശ്രീകൃഷ്ണനെപ്പോലെ
ഞാനും മോഹങ്ങള്‍ക്ക്‌ അടിമയാകുകയാണോ? അതോ അവരെപ്പോലെ
മോഹത്തിന്റെ അംശം എന്നിലും അടങ്ങുന്നതിനാലാണോ എനിക്കും മനുഷ്യജന്മം കിട്ടിയത്‌? ദൈവവും മനുഷ്യനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം മോഹമാണോ?

സമ്പത്തിലും ബന്ധത്തിലും
മായയിലും മോഹം ജനിക്കുവന്‍ അവതാരമാവുന്നില്ല. അതുതന്നെയാണ്‌ ശ്രീരാമനും, ശ്രീകൃഷ്ണനും തെളിയിക്കുന്നത്‌. സ്ത്രീക്കായിട്ട്‌ വളരെപ്പേരെ വധിച്ചു. സ്‌നേഹിച്ച
സ്ത്രീകളെ ദുഃഖത്തിന്റെ നിര്‍ച്ചാലില്‍ ഒഴുകാൻ വിട്ട്, തങ്ങള്‍ക്ക്‌
യുക്തമെന്നു തോന്നിയതിനോട്‌ യോജിച്ച് ധർമ്മത്തെ വെടിഞ്ഞ്‌ യുദ്ധം ചെയ്തു. അവരും
സാധാരണ മനുഷ്യരായി മാറുകയാണോ വിശകലനത്തിൽ?

അതെ…… അതെയെന്നു
തോന്നുന്നു.

ഈ കാണുന്ന മറ്റെല്ലാ
അചരങ്ങളെപ്പോലെയും പക്ഷിമൃഗാദികളെപ്പോലെയും മനുഷ്യരെപ്പോലെയും ഞാനും ഒരു ജീവിയാണ്‌.
അവരും എന്നെപ്പോലെ ഒരോ അവതാരങ്ങളാണ്‌. ഞാനും അവരും തുല്യമാക്കപ്പെടുന്നതായി
തോന്നുന്നു. അതെ ഒന്നു തന്നെയാണ്‌. ഈ കാണുന്നതെല്ലാം, ഈ കേള്‍ക്കുന്നതെല്ലാം അറിയുന്നതെല്ലാം ഒന്നു തന്നെയാണ്‌. ഒന്നിന്റെ
അംശങ്ങള്‍ മാത്രമാണ്‌.

സാക്ഷാല്‍ സച്ചിദാനന്ദം!

ഈ കാണുന്നതിനോടൊന്നും എനിക്ക്‌
പ്രത്യേകബന്ധമില്ല. എനിക്കും ബന്ധം സാക്ഷാല്‍ കാരണത്തോടാണ്‌. എന്നാല്‍ ആ സാക്ഷാല്‍
കാരണം എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതിനാല്‍ ഞാനും എല്ലാറ്റിനോടും
ബന്ധപ്പെട്ടിരിക്കുന്നു. അതിന്‌ അച്ഛനെന്നോ, അമ്മയെന്നോ, ഭാര്യയെന്നോ, മക്കളെന്നോ ബന്ധമില്ല. എല്ലാം
തുല്യമാണ്‌. എന്നില്‍ അടങ്ങിയിരിക്കുന്ന വ്യക്തിത്വം വച്ച്‌ ധരിക്കുന്ന ദേഹത്തിന്‌
കര്‍മ്മങ്ങള്‍ ചെയ്യാനുണ്ട്‌. ആ കര്‍മ്മങ്ങള്‍ ദേഹിയ്ക്ക്‌
യുക്തമെന്നുതോന്നുന്നതാണ്‌. അതു ധര്‍മ്മമായിരിയ്ക്കണം അനീതിയ്ക്ക്‌
എതിരായിരിയ്ക്കണം.

പക്ഷെ, അനുഷ്ടിച്ചതോ?

നേരേ വിപരീതവും.

ഭഗവാന്‍ എന്ന ഒരു മായാവലയം
സൃഷ്ടിച്ച്‌ അതിനുള്ളി ലിരുന്ന്‌ ഇന്ദ്രജാലംകാട്ടി. സാധാരണ മനുഷ്യര്‍
ഇന്ദ്രജാലത്തില്‍, ഹിപ്നോട്ടിസത്തില്‍ മയങ്ങി പിറകെ
വന്നു. ആരെല്ലാമോ തന്നെ ഒരു കൂടാരത്തിനുള്ളിലാക്കി …….. കൂടാരത്തിന്റെ കവാടവും
അടച്ചു. കവാടത്തിലും കൂടാരത്തിനു ചുറ്റും അവര്‍ കാവല്‍ നിന്നു; അതിക്രമിച്ചു കടക്കാതിരിയിക്കാന്‍. കവാടം വഴി കടന്നു വന്നവരോട്‌ പ്രതിഫലം
വാങ്ങുകയും ചെയ്തു. ആ പ്രതിഫലത്തില്‍ അവര്‍ മത്തരായി, ധനികരായി,
വീണ്ടും വീണ്ടും ധനികരായി.

ഒടുവിൽ……

പ്രതിഫലം വാങ്ങൽ കൂടാതെ
പിടിച്ചുപറി, ചൂഷണം എന്നിങ്ങിനെ വർദ്ധിച്ചു. എല്ലാ
ആരാധനാലയങ്ങളെപ്പോലെയും ശന്തിനിലയവും പരിണമിക്കപ്പെട്ടു കഴിഞ്ഞു.

എല്ലാം മായയാണ്, മിഥ്യയാണ്.

കുളിച്ച്‌, ഈറനായ ഒറ്റചേലയുടുത്ത്‌ ആയിരങ്ങള്‍ ക്ഷേത്രത്തിലെ പൂജാരിയ്ക്ക്‌
ദക്ഷിണകൊടുത്തു.

ദേവവ്രതനില്‍ നിന്നും പ്രസാദം
വാങ്ങി ഭുജിച്ചു.

കര്‍മ്മങ്ങളും
അനുഷ്ടാനുങ്ങളും നടന്നുകൊണ്ടിരുന്നു.

സര്‍വ്വശക്തനായ ഭഗവാനില്‍
നിന്നും കാരുണ്യം തങ്ങളിലേയ്ക്ക്‌ ഒഴുകിയെത്തണമെന്ന്‌ അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

എല്ലാ മനോമുകുരങ്ങളിലും
………..

സച്ചിദാനന്ദരൂപം
നിറഞ്ഞുനിന്നു.

ദേവവ്രതന്‍ കര്‍മ്മങ്ങള്‍
ചെയ്യുമ്പോഴും അനുചരന്മാരാല്‍ ചെയ്തിയ്ക്കപ്പെടുമ്പോഴും അയാളുടെ ശ്രദ്ധ സുബ്ബമ്മയിലായിരുന്നു.
നനഞ്ഞൊട്ടിയ അവളുടെ ചേലയുടെ നൂലിഴകളിലൂടെ അവനിലേയ്ക്ക്‌ പറന്നെത്തുന്ന പ്രസരണം
അവന്റെ ഏകാഗ്രത കെടുത്തി. അവളെ എത്രകണ്ടാലും മതിയാകുന്നില്ല. എത്ര രുചിച്ചാലും പുതിയപുതിയ
രുചിയാകുന്നു. അവള്‍ അടുത്തെത്തുമ്പോഴെല്ലാം മര്‍മ്മങ്ങളില്‍ സ്പർശിക്കാനും കുളിരായി
സംസാരിയ്ക്കാനും ശ്രമിച്ചു.

അപ്പോഴെല്ലാം അവളുടെ മുഖത്ത്‌
ഭീതി നിഴലിച്ചു.

“തപ്പ്‌ ചെയ്യ കൂടാത്‌
………. 1”

അവളുടെ മനസ്സ്‌ കേണു.

സൂര്യന്‍ ദേവാലയ
താഴികക്കൂടത്തിന്‌ നേരെ മുകളിലെത്തിയപ്പോഴാണ്‌ ശയന പ്രദക്ഷിണം തുടങ്ങിയത്‌. പ്രദക്ഷിണം
ചെയ്ത് ക്ഷീണിച്ചവരെ ബന്ധുക്കള്‍ സഹായിച്ചു. അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു.

“ഓം സച്ചിദാനന്ദായ നമഃ”

“ഓം സച്ചിദാനന്ദായ നമഃ”

ഇരുപത്തിയൊന്ന്‌
ഉരുപ്രദക്ഷിണം കഴിഞ്ഞപ്പോള്‍ ദേവവ്രതന്‍ സുബ്ബമ്മയെ താങ്ങിയെടുത്തു.

അവള്‍ വിയര്‍ത്തൊഴുകി….. ക്ഷീണിതയായി…….
തളര്‍ന്ന താമരത്തണ്ടുപ്പോലെ അവന്റെ ചുമലില്‍ കിടന്നു. പിന്നെ അവളെ  ഗുരുകുലത്ത്‌, വള്ളിക്കുടിലിലെ
തണലില്‍ കിടത്തി ……… എവിടെനിന്നെല്ലാമോ എത്തുന്ന മന്ദമാരുതന്‍ അവളുടെ വിയര്‍പ്പൊഴുകിയ
മേനിയെ നക്കിത്തുവര്‍ത്തി.

അവളില്‍ നിന്നും ക്ഷീണം
അകുന്നകന്നുപോയി …..

അവളില്‍ ദേവവ്രതന്റെ കൈകള്‍
അരിച്ചരിച്ച്‌ നടന്നു.

@@@@@@@@