അദ്ധ്യായം പതിന്നാല്
സമൂഹം ഒന്നിച്ചുന്നയിച്ച ഒരു ചോദ്യമായിരുന്നടുത്തത്.
“ഉണ്ണിക്കും സുജാതയ്ക്കും പിന്നീട് എന്താണു സംഭവിച്ചത്?”
“സുജാത ഉണ്ണിയെ വിട്ടുപോയി. ഒരു ട്രാജഡി നാടകത്തിന്റെ അന്ത്യം പോലെ ആയിരുന്നില്ല. അവർ പരസ്പരം ആലോചിച്ചു തീരുമാനിച്ച ഒരു കാര്യമായിരുന്നു. അന്ന് ഒരു പ്രശാന്ത സുന്ദരമായ
സായാഹ്നമായിരുന്നു. ആകാശത്ത് വെള്ളിമേഘങ്ങൾ പറന്നു നടുന്നിരുന്നു, വെളത്ത മേഘങ്ങളി ലേക്ക് ചുവന്ന വെളിച്ചത്തെ എത്തിച്ച് ആദിത്യൻ ചിരിക്കുന്നുണ്ടായിരുന്നു. അവർ തെരുവുകൾ തോറും നടന്നു. അവൻ രണ്ടു കൈകളും വീശിയും, അവൾ കൈകൾ മാറിൽ പിണച്ചു കെട്ടിയും. അവൾ വാതോരാതെ സംസാരിച്ചിരുന്നില്പ. അളന്നു മുറിച്ച വാക്കുകളിൽ ചിട്ടപ്പെടുത്തിയ ഈണത്തിൽ കുറെ കാര്യങ്ങൾ മാത്രം പറഞ്ഞു. തെരുവിലെ മനുഷ്യർ അവരെ നോക്കി പലതും പറയുകയും, ചിരിക്കുകയും ചെയ്തിരുന്നു.
സുജാത പറഞ്ഞു:
“ഞാനൊരിക്കലും ഉണ്ണിയെ അങ്ങിനെ കണ്ടിരുന്നില്ല.ഉണ്ണി എന്റെ ശരീരത്തിന്റെ ആത്മാവിന്റെ ഭാഗമാണ്.”
“അതെ.
പക്ഷെ, നമ്മുടെ സമൂഹം പറയുന്നു സ്ത്രീക്കൊരിക്കലും
ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന്. അവൾ എന്നും ആരുടെയെങ്കിലുമൊക്കെ അടിമയായി കഴിയണമെന്ന്. അച്ഛന്റെ, ഭർത്താവിന്റെ, മകന്റെ….”
“എന്തുകൊണ്ട് അവൾക്ക് ഒരു സ്‌നേഹിതന്റെ കൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുകൂടാ? “
“അതു പുരുഷന്റെ സ്വാർത്ഥതയാണ്.. “
“ഉണ്ണി കാണുന്നുണ്ടോ ആ പറവകളെ?”
ഉണ്ണി കണ്ടു, അവർക്ക് കുറച്ച്‌മുന്നിൽ എവിടെ നിന്നോ എത്തിയ രണ്ടു മൂന്നു ചിത്രശലഭങ്ങൾ പറന്നു കളിക്കുന്നത്.
“ഉണ്ണിക്ക് അവയുടെ മുഖങ്ങൾ കാണാൻ കഴിയുന്നുണ്ടോ?”
“ഉണ്ട്”
“ അവയുടെ മനസ്സ് കാണാൻ കഴിയുന്നുണ്ടോ?”
“ഉണ്ട്.”
“അവകൾ എത്രമാത്രം സത്തുഷ്‌ടരാണെന്ന് ആ മുഖങ്ങൾ പറയുന്നില്ലെ?”
“ഉണ്ട്.”
“സുജാത… അത് നമ്മുടെ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. ആ ചിത്രശലഭങ്ങളുടേയോ, മററു പക്ഷിമ്യഗാദികളുടേയോ ജീവിത സാഹചര്യമല്ല
നമുക്ക്,
മനുഷ്യർക്ക്.”
“നമുക്ക് വിവേകം എന്ന ഒരു വസ്തുത കൂടി ഉള്ളതു കൊണ്ടാകാം.”
“അതെ,
അതുകൊണ്ട് നമ്മുടെ ജീവിത സാഹചര്യങ്ങളെ ഒരു പരിധിവരെ നമുക്ക് കെട്ടിപ്പടുക്കാനാകുന്നു, നിയന്ത്രിക്കാനാകുന്നു.”
“അപ്പോൾ ആരോ കെട്ടിപ്പടുത്ത സാഹചര്യങ്ങളിലേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു?”
“അതെ.
അതാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ നിയമാവലി.”
“ഉണ്ണിയ്ക്കെന്നെ രക്ഷിക്കാനാവുമോ?”
ഉണ്ണിയ്ക്കൊരു ഞെട്ടലനുഭവപ്പെട്ടു. അവൻ റോഡിൽ നിന്നു.
അവളും.
ഉണ്ണിയുടെ മനസ്സിൽ കുറേ ചോദ്യങ്ങൾ നിറഞ്ഞു. അതിനർത്ഥം ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണോ?
നിന്റെ ഹൃദയത്തിൽ, നിന്നിലെ അഗാധതകളിൽ ഞാൻ നേടിയ സ്ഥാനം ഉപേക്ഷിച്ച് നിന്റെ ശരീരത്തിന്റെ ആസ്വാ
ദ്യതയിൽ അമരണമെന്നാണോ? ഞാനൊരു സ്വാർത്ഥനാകണമെന്നാണോ? എന്റെ ഇല്ലായ്‌മകളിലേയ്ക്ക്,
പോരായ്‌മകളിലേയ്ക്ക് നിന്നെക്കൂടി
വിളിച്ചിറക്കണമെന്നാണോ?
അവൾ വീണ്ടും പറഞ്ഞു.
“ഉണ്ണിക്ക് അതിനാവില്ലെന്നെനിക്കറിയാം. എനിക്കും അതിനാവില്ല. ആ ബന്ധത്തെക്കാളൊക്കെ എത്രയോ ദൃഢവും മധുരതരവുമാണ് നമ്മുടെ ബന്ധമെന്ന് മററു രീതിയിൽ ചിന്തിക്കുമ്പോഴാണെനിക്ക് അറിയാൻ കഴിയയന്നത്.”
പിന്നെയും അവർ തെരുവുകൾ തോറും നടന്നു. അവരെ സ്ഥിരം കാണാറുള്ള തെരുവുകുട്ടികൾ വിഷ് ചെയ്തു. അവർ തിരിച്ചും.
വീണ്ടും, വീണ്ടും നടന്നപ്പോൾ കലുഷമായിരുന്ന അവരുടെ മനസ്സകൾ തെളിഞ്ഞു വന്നു. എവിടെ നിന്നോ വന്ന ഒരു കാർമേഘം സൂര്യമുഖത്തു നിന്നും അകുന്നു പോകുന്നത് ഉണ്ണി കണ്ടു.
വളരെ നാളകൾ കഴിയും മുമ്പുതന്നെ എല്ലാവിധ ആർഭാടങ്ങളോടും കൂടി സുജാത വിവാഹിതയായി. കുറെ നാളകൾക്ക് ശേഷം സുജാത ഉണ്ണിക്കെഴുതി.
-ഉണ്ണിക്കറിയുമോ ഈ വീടിന് ഇരുപതുമുറികളണ്ട്.
താമസിക്കാനായിട്ട് ഏട്ടനും, ഞാനും, അമ്മയും ഗെയിററിലെ കാവൽ പുരയിൽ ഒരു ഗൂർഖയുംമാത്രം. പകല് ഒരു പെണ്ണുകൂടി
ഉണ്ട്, വീടും വസ്ത്രങ്ങളും പാത്രങ്ങളും വൃത്തിയാക്കിസൂക്ഷിക്കലാണ് അവളുടെ പണി. എന്നും സന്ധ്യയ്ക്ക് മുമ്പായിട്ട് തിരിച്ചു പോകും.
ആദ്യമൊക്കെ മാർബിൾ വിരിച്ച തറയിലൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു, തെററി വീഴുമെന്ന് കരുതി. ഉണ്ണിയുടെ വീടിനേക്കാൾ വലുതാണെന്റെ ബെഡ്റൂം. അററാച്ച്‌ചെയ്തിരിക്കുന്ന ബാത്ത്‌റൂം. കൂടാതെ, പകല് ഒന്നും ചെയ്യാതെ
യിരുന്ന് തടി കൂടാതിരിക്കാനായി വ്യായാമം ചെയ്യുന്നതിന് കുറെ ഉപകരണങ്ങൾ വാങ്ങി തന്നിട്ടണ്ട്. കൊഴുപ്പ് കൂടി തടി കൂടിയാൽ ശാരീരികബന്ധത്തിനുള്ള താല്പര്യം കുറഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കുളിച്ചീറനായി, പെർഫ്യൂം പൂശിയ എന്റെ മുടിയിൽ മുഖം പൂഴ്ത്തി അദ്ദേഹം എത്രനേരം വേണമെങ്കിലും കിടന്നു കൊള്ളും. എന്റെ വിയർപ്പിനു കൂടി സുഗന്ധമാണെന്നാണ് ഏട്ടന്റെ അഭിപ്രായം.
ഏട്ടന്റെ സ്‌നേഹിതർക്കു വേണ്ടി ഒരു വിരുന്നൊരുക്കിയിരുന്നു. മദ്യവും, മാംസവുമായിരുന്നു മുഖ്യം. സ്ത്രീകളും, കുട്ടികളും എല്ലാററിലും പങ്കെടുത്തിരുന്നു. മദ്യം തലയ്‌ക്ക് പിടിച്ച് ഒരു സ്നേഹിതൻ എന്നെ നോക്കിയിട്ട് ഏട്ടനോട് പറഞ്ഞതെന്താണെന്നറിയുമോ? എടാ!
നീ സ്ത്രീധനം വാങ്ങാതിരുന്നതെന്താണെന്ന് ഈ കൊച്ചിനെ കണ്ടപ്പോളല്ലെ അറിഞ്ഞത്. തങ്കം മല്ലെ, പത്തരമാററുള്ള തങ്കം. ചുമ്മാ കണ്ടോണ്ടിരുന്നാൽ പോരെ എല്ലാ ടെൻഷനുകളും മാഞ്ഞുപോകാനെന്ന്…….
രണ്ടു കൊല്ലത്തേക്ക് കുട്ടികൾ വേണ്ടന്നാണ് ഏട്ടന്റെ അഭിപ്രായം. കുട്ടികളുണ്ടായാൽ അസ്വാദ്യത കുറയുമെന്നാണ് പറയുന്നത്……
കത്തിനൊടുവിൽ അവൾ ചോദിച്ചു.
ഉണ്ണിക്ക് എന്തു തോന്നുന്നു?
ഉണ്ണിയുടെ മനസ്സ് വിങ്ങി നിറഞ്ഞു.
എന്തു തോന്നാനാണു കുട്ടീ! ഇതാണ് നമ്മുടെ സംസ്ക്കാരം. നാം വിവേകത്താൽ കെട്ടിപ്പടുത്ത മണിസൌധം. പുറം മോടികൾ മാത്രമേ നാം കാംക്ഷിക്കുന്നുള്ള. അതിന്റെ അസ്ഥിവാരത്തിന്റെ ബലത്തെക്കുറിച്ച്, ദീർഘായുസ്സിനെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. അദ്ധ്യാപകന് മുന്നിൽ സശ്രദ്ധം ഇരിക്കുന്ന കുട്ടികളെപ്പോലുള്ള
സമൂഹത്തിന്റെ മനസ്സിലേയ്ക്ക് വ്യാസൻ അടുത്ത ഏടുകൾ തുറന്നു വച്ചു.
കുത്തനെയുള്ള കയററം കയറി വളവ് തിരിയum വരെ പാതയ്ക്ക് ഇരുവശങ്ങളിലും ഇടതൂർന്ന് വനമാണ്. ഇടത് വശത്ത് മലകളും വലതു വശത്ത് അഗാധമായ കൊക്കയും .
വളവു തിരിഞ്ഞാൽ കാണുന്ന വലിയ ബോർഡ് – കേദാരം റിസോർട്ട്സ് ലിമിററഡ്, കിഴക്കോട്ട് നോക്കിയാൽ, നോക്കാ തിരിക്കാൻ കഴിയില്ലെന്നത് സത്യം, ഹരിതാഭയാൽ ചൂററപ്പെട്ട, രമ്യഹർമ്മ്യങ്ങൾ, തടാകം, പൂന്തോട്ടം, നീന്തൽകുളം, കിഴക്കുനിന്നും ഒഴുകിയെത്തുന്ന അരുവികൾ.
അസ്തമന സമയത്ത് വെളത്ത ഹർമ്മ്യങ്ങൾ ചുവക്കുന്നു.
വളവ് തിരിയുന്നിടത്ത് ബോർഡിനു താഴെ രവി റിസോർട്ട്സ് കണ്ടുനിന്നു. പണികളെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനിയും മടക്കയാത്രയുടെ ഒരുക്കങ്ങൾ തൂടങ്ങാറായിരിക്കുന്നു. പണിയുടെ ആദ്യ അവസാനം വരെ നിൽക്കാൻ കഴിഞ്ഞത് ഇവിഭെ മാത്രമാണ്. ഈ മല കയറിയപ്പോൾ ഒരു പെങ്ങളെയെങ്കിലും പറഞ്ഞയക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു. ഇപ്പോൾ പണി കഴിഞ്ഞ് പോകുമ്പോഴും ആഗ്രഹം സഫലമാകാതെ തുടരുകയാണ്. ഇനിയും സ്വപ്നവുമായി അടുത്ത പണിസ്ഥലത്തേയ്‌ക്ക്
യാത്രതിരിക്കാം.
നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ ജീവിതമാണ് കഴിഞ്ഞു പോയിരിക്കുന്നത്. എന്താണ് നേടിയത്? എന്നും മുന്നു നേരം ആഹാരം കഴിച്ചും , എല്ലാദിവസങ്ങളിലും അത്യാവശ്യം മദ്യം കഴിച്ചും, അധികം മുടക്കങ്ങളില്ലാതെ ജോലിചെയ്തും ജോലിയുടെ ക്ഷീണത്തിൽ, രാത്രിയിൽ ബോധം വിട്ടു തന്നെ ഉറങ്ങിയും……..
ഇതാണോ ജീവിതം? അല്ലെങ്കില്‍ പിന്നെ ജീവിതമെന്നാലെന്താണ്?
പണ്ടൊക്കെ ഡയറി എഴുതുക പതിവായിരുന്നു. ഇപ്പോൾ ഡയറി നിവർത്തി എഴുതാൻ ഇരുന്നാൽ കൂടി എഴുതാനില്ലാത്ത
അവസ്ഥയാന്ന്. എഴുതിയാൽ എല്ലാദിവസവും ഒന്നു തന്നെയാണ് എഴുതാനുള്ളതെങ്കിൽ പിന്നെ എഴുതുന്നതെന്തിനു
വേണ്ടിയാണ്? അതുമാത്രമോ പണ്ടൊക്കെ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ തോന്നുന്ന ഇളിഭ്യതയും.
ഇന്ന് ക്ക്ലബ്ബിൽ നിന്നും പത്രപാരായണം കഴിഞ്ഞ് നേരത്തെ ഇറങ്ങി, ഉണ്ണിയുടെ പ്രേരണയിൽ, ഉണ്ണിയുടെ അഭാവത്തിൽ തുടങ്ങിയതാണ്. നിത്യജീവിതത്തിലെ
രസകരമായ സമയങ്ങളായിരിക്കുന്നു. ഉറക്കെ വായിക്കുക, വായിക്കുന്നത് കേൾക്കാനായി മുന്നില്‍ കുറേപ്പേർ ഉണ്ടാവുക. വായിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക, ചർച്ചയിൽ അഭിപ്രായങ്ങൾ തുറന്നു പറയുക എല്ലാം ഒരു പ്രത്യേകമായ അവസ്ഥകളായിരിക്കുന്നു. എല്ലാം തീരുകയാണ്. അടുത്ത ക്യാമ്പ് ഏവിടെയാകുമെന്നോ, ക്യാമ്പ് വാസികൾ ആരൊക്കെയാകുമെന്നോ ഒരറിവുമില്ല. ഇത്രയും കൂട്ടായ്മയോടെ ഒരു സമൂഹത്തെ കിട്ടുകയെന്നത് പ്രതീക്ഷിക്കാൻ കഴിയില്ല.
ഉണ്ണിയുടെ സാന്നിദ്ധ്യമായിരുന്നു ഏറെ ശ്രേഷ്ടം. അയാളെ കാണുമ്പോൾ, അടുത്തു പെരുമാറുമ്പോൾ, സംസാരിക്കുമ്പോൾ
ഒരു താങ്ങാണെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. അയാൾ
അക്കാര്യം ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു. യഥാർത്ഥത്തിലുള്ള ഒരു സ്‌നേഹിതനാണ് ഉണ്ണി, ഒരു മനുഷ്യനും .
“രവി… … തോമസുകുട്ടി സത്യത്തിൽ ആത്മഹത്യ ചെയ്തുതാണോ?”
രവിയുടെ ക്വാർട്ടേസിൽ അരിക്കലാമ്പിന്റെ വെളിച്ചം കൂട്ടി
വച്ചു കൊണ്ട് ഉണ്ണി ചോദിച്ചു.
“അതെ,
അങ്ങിനെയാണെന്റെ ധാരണ….ക്വാർട്ടേസ് അകത്തു നിന്നും അടച്ചിരുന്നു. അയാൾ സ്റ്റൂളകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ട് സ്റ്റൂള് തട്ടി മറിച്ച് കുരുക്കിൽ തൂങ്ങി മരിച്ചിരിക്കുന്നുവെന്നാണ് കഥ പരന്നത്. ഞാനും കണ്ടതാണ്. കൂടാതെ ശരീരത്ത് മററു യാതൊരുവിധ മുറിവുകളോ ആഘാതങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും……”
“ഉം….ആകാം…..പക്ഷെ…..”
“എന്താണ്?”
“മിടുക്കനായൊരു ക്രിമിനൾ ആസൂത്രിതമായിട്ട് കഴുത്തിൾ കയറിട്ട് കുരുക്കികൊന്നിട്ട് കെട്ടിത്തൂക്കിയതും, ക്വാര്‍ട്ടേഴ്സിന്റെ കതക് അകത്തുനിന്നും അടച്ചിട്ട് മറയാക്കി വച്ചിരിക്കുന്ന തകരപ്പാളി ഇളക്കി പുറത്തിറങ്ങിയ ശേഷം തകരപ്പളി ആണിവച്ച് ഉറപ്പിച്ചതുമാകാൻ പാടില്ലെ?”
വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ണിക്ക് രവിയുടെ മുഖം കാണാം. കുറച്ചു മുമ്പുവരെ മദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ണുളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലഹരിയിറങ്ങി മുഖമാകെ വിയർത്ത് അമ്പരന്നിരിക്കുന്നു.
“പഴയ ഫയലുകൾ അടുക്കിക്കെട്ടന്നതിനിടയിൽ, ഒരു
ഫയലിൽ
നിന്നും കിട്ടിയ രണ്ടു കത്തുകളാണിത്. ഒന്ന് തോമസുകുട്ടിയുടെ സുഹൃത്ത് എഴുതിയത്. മറേറത് സുഹൃത്തിന്
തോമസുകുട്ടി ഏഴുതി മുഴുവനാകാത്തതും .”
വെളിച്ചത്തിനോടടുപ്പിച്ച് രവി കത്തുുകൾ നോക്കി.
“തോമസുകുട്ടി എഴുതിയിരിക്കുന്നത് അയാൾ മരിച്ച അന്നാണ്.”
രവി തോമസുകുട്ടിയുടെ സുഹൃത്തിന്റെ കത്തു വായിച്ചു.
-അപ്പനും അമ്മയ്ക്കും ഇഷ്‌ടമായ സ്ഥിതിക്ക് നിനക്ക് ഇവിടെ വന്ന് താമസിക്കാവുന്നതല്ലേയുള്ള. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളതെല്ലാം അപ്പന്‍ ഉണ്ടാക്കിയിട്ടണ്ടല്ലോ? കൃഷി നോക്കിനടക്കാൻ മടിയായിട്ടല്ലെ അന്യസ്ഥലങ്ങളിലൊക്കെ അലഞ്ഞു നടക്കുന്നത്? ഇനിയും അലച്ചിലൊക്കെ നിറുത്തി എസ്തേറിനോടും എമിലിയോടും കൂടി വീട്ടിൽ വന്ന്‌സ്വസ്ഥമായിട്ട് ജീവിക്ക്. നിനക്ക് അറിയാമോടാ… .. ? നിന്റെ തീരുമാനം അറിഞ്ഞപ്പോൾ ബെന്നി തുള്ളിച്ചാടുകയായിരുന്നു……..
തോമസുകുട്ടിയുടെ കത്തിലൂടെ കണ്ണുകൾ സഞ്ചരിക്കവെ, സിരകളിലൂടെ ഒരു വിറയൽ പടരുന്നത് രവി അറിഞ്ഞു.
-എന്തിനും എസ്തേറിനും, എമിലിക്കും തയ്യാറാണ് ……. അവരെ മനസ്സിലാക്കി സ്‌നേഹിക്കാനൊരു മനസ്സു മാത്രം മതിയെന്നു പറയന്നു. പക്ഷെ, അവൾ എപ്പോൾ രക്ഷപ്പെടാൻ
ആലോചിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വിലങ്ങു തടിയായി അയാൾ രംഗത്തെത്താറുണ്ടെന്നാണ് പറയുന്നത്,
വിത്സൻ. എസ്തേറിനെ നേരിടാനുള്ള ധൈര്യം അയാൾക്കില്ല. എങ്കിലും
ഒരു സാഡിസ്റ്റിനെപ്പോലെ അവളെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.
എസ്തേർ മകളെ മാറോടു ചേർത്ത് അടക്കിപ്പിടിച്ചിരുന്നു. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾക്ക് തോന്നിയിരുന്നതാണ് തോമസുകുട്ടി ഒരിക്കലും അങ്ങിനെയൊരു കടുംകൈ ചെയ്യുകയില്ലെന്നാണ്. പക്ഷെ, തെളിവുകളെല്ലാം ആത്മഹത്യയുടെ വഴിക്കായിരുന്നു. വിധി ഒരിക്കൽ കൂടി തന്റെ വഴി മുടക്കിയിരിക്കുകയാണെന്നോർത്തു സമാധാനിക്കുകയായിരുന്നു.
ഇപ്പോൾ…..
മനസ്സിലേക്ക് ഒരു ശീതളിമയായി കയറിവരികയായിരുന്നു, ഉണ്ണി. തോമസുകുട്ടിയെപ്പോലെ ഒരു കച്ചിത്തുരുമ്പായിട്ടല്ല തോന്നിച്ചത്. ആശ്വാസകരമായ ഒരു തണലായിട്ടാണ്.
പക്ഷെ……
രാത്രിയിൽ എസ്‌തേറിന്റെ ക്വാർട്ടേഴ്‌സിൽ നിന്നും ഇറങ്ങുമ്പോൾ രവി ചുററും നോക്കി. ചുററും ആരെല്ലാമോ പതുങ്ങിയിരിക്കുന്നു
വെന്നൊരു തോന്നൽ; തങ്ങൾ സൂക്ഷിച്ചിരിക്കുന്ന, കണ്ടെത്തിയിരിക്കുന്ന രഹസ്യത്തെ മണത്തറിയാനായി ചെന്നായ്ക്കൾ ചുററും കൂടിയിരിക്കും പോലെ……
ഉണ്ണിയെ ക്വാർട്ടേഴ്‌സിൽ ആക്കി പടികടക്കവെ രവി പറഞ്ഞു.
“കൂട്ടായി ഞാൻ കൂടി തങ്ങണോ?”
ഉണ്ണി മനസ്സിലാകാതെ നിന്നു.
“ഉണ്ണിയുടെ അനാഥത്വത്തിലേക്ക് എസ്‌തേറിനേയും മകളെയും കൂട്ടാമെന്ന തീരുമാനം ഇപ്പോൾ പാട്ടായിക്കഴിഞ്ഞു.”
ഉണ്ണി അത്ഭുതപ്പെട്ടു.
“ഞാനൊരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ലല്ലോ…..”
“പക്ഷെ, ഈ റിസോർട്ട്സ് മുഴുവൻ അങ്ങിനെ കരുതുന്നു. ആഗ്രഹിക്കുന്നു.”
“രവി… ……ഞാൻ ……”
“വേണ്ട…. ഒന്നും പറയണ്ട…… ഞാനും അങ്ങിനെ ആഗ്രഹിക്കുന്നു.”
രവി പടികടന്നു പോയി.
@@@@@