അദ്ധ്യായം പതിനാല്

സുബ്ബമ്മ അവന് വേദനിക്കുന്ന
ഓര്‍മ്മകളെ ചികഞ്ഞ്‌ പൊട്ടിക്കാന്‍ കാരണമാവുകയായിരുന്നു.

അവളുടെ വലിയ കണ്ണുകള്‍, മനസ്സിന്റെ കോണില്‍ ഒളിച്ചിരുന്നിട്ട് ഇടയ്ക്കിടയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നു.ഈ
പ്രഹേളികയുടെ അര്‍ത്ഥമെന്താണ്‌ ?

ജീവിതമൊരു
പ്രഹേളികയാണെങ്കിൽ…..?

ആണോ?

ആണെന്നോ, അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.  അനാദിയും അനന്തവുമായ, അവര്‍ണ്ണവും
അവാച്യവുമായ സനാതനമായ ഒരേയൊരു സത്യത്തില്‍ നിന്നും അനന്തകോടി പ്രപഞ്ചസത്യങ്ങളായി,
വസ്തുക്കളായി പരിണമിയ്ക്കപ്പെട്ട്‌, ഉടലെടുക്കപ്പെട്ട്,
ഉരുത്തിരിയപ്പെട്ട്‌ കിടക്കുന്ന, പരമമായ
സത്യത്തിന്റെ,

ഒരംശമായ,

ഒരു ബിന്ദുവായ,

ഞാന്‍,

സിദ്ധാര്‍ത്ഥന്‍

എന്താണ്‌……….

എന്തിനാണ്‌ ഉടലെടുത്തത്‌?

എന്താണെന്റെ ധര്‍മ്മം?

എന്തായിരിക്കണം എന്നുടെ കര്‍മ്മം?

പരമമായ ആ സത്യം ഏകകോശമായൊരു
ജീവിയെന്നു സങ്കൽപ്പിച്ചാൽ……

ഈ കാണൂന്നതെല്ലാം,

ഈ രുചിക്കുന്നതെല്ലാം,

അതു തന്നെയല്ലെ, അതു മാത്രമല്ലെ, ഓരോ പൊടിപ്പുകളും ആതിന്റെ കൈകാൽ
നീട്ടലുകളല്ലെ?

അമീബയെപ്പോലെ…….

എങ്കില്‍ എന്റെ ശത്രുക്കളെവിടെ
?

എന്നില്‍നിന്നും വേറിട്ടൊരു
വസ്തുത ഉണ്ടാകുന്നതെങ്ങിനെ ? ഈ കാണുന്നതിലെല്ലാം ഞാനും
ഉണ്ടെന്നതല്ലേ സത്യം?

അതാണ് സത്യമെങ്കിൽ,

അതു മാത്രമാണ്‌ സത്യമെങ്കില്‍
എന്റെ കര്‍മ്മങ്ങള്‍ തെറ്റിയില്ലെ……?

എങ്കില്‍,

എനിക്ക്‌ ഗുരുവെന്നൊരു
മിത്രവും ഭഗവാനെന്നൊരു ശത്രുവും ഉണ്ടാകാന്‍ പാടില്ല. അല്ലെങ്കില്‍ ഗുരുവും ഭഗവാനും
ഞാന്‍ തന്നെയല്ലെ. എന്റെ രണ്ടു ഭാവങ്ങള്‍ മാത്രം ? ഞാന്‍ എന്ന
അസ്തിത്വം ഇടതുവശത്തെ കൈകാലുകളോട് സൌഖ്യം ചേര്‍ന്ന്‌ വലതു കൈകാലുകളോട യുദ്ധം
ചെയ്യുന്നതു പോലെ…….

ഇതില്‍ ഏതാണ്‌ സത്യം ?

ഏതാണ്‌ മിഥ്യ?

ഏതാണ്‌ നന്മ ?

ഏതാണ്‌ എന്റെ ധര്‍മ്മം ?

ഏതാണ്‌ അധര്‍മ്മം ?

ദേവി ചൈതന്യമയി അനാഥാലയത്തിന്റെ
ഓഫീസ് മുറിയ സ്വന്തം കസേരിയില്‍ മരവിച്ചിരുന്നു. എത്ര സമയം ഇരിന്നിട്ടുണ്ടാകും
എന്നു കൂടി അറിയനകുന്നില്ല. സെലീന വിളിച്ചാണ് ഉണർത്തിയത്.  സാധാരണ ചെയ്യുന്നതുപോലെ സന്ദർശകൻ എത്തിയയുടൻ
അവൾ പുറത്തു പോയി.  സന്ദർശകർക്ക്
രഹസ്യമായിട്ട് പലതും സംസാരിക്കനുണ്ടാകും.ഇല്ലെങ്കിലും അത്രയും സമയം അവൾക്ക്
വരാന്തയിലൂടെ സ്വതന്ത്രമായി സ്വപ്നങ്ങള്‍ കണ്ട്‌ ഉലാത്താം. അല്ലെങ്കില്‍, ഇനിയും കാണാനിരിയ്ക്കുന്ന സന്ദര്‍ശകരോട്‌ കുശലം പറയാം.

രണ്ടുമൂന്നു പ്രാവശ്യം ശ്രമിച്ചതിനുശേഷമാണ്‌
ദേവി അവന് സന്ദര്‍ശനാനുമതി നല്‍കിയത്‌. അവന്റെ സന്ദര്‍ശനോദ്ദേശ്യമാണ് ദീര്‍ഘിപ്പിക്കാന്‍
കാരണം.

വിസിറ്റിംഗ്‌ കാര്‍ഡില്‍
അവനെഴുതി “സത്യാന്വേഷണം.”

സംഭാവന കൊടുക്കാന്‍, ഏതെങ്കിലും അനാഥരെ കാണാൻ, സ്പോണ്‍സര്‍ ചെയ്യാന്‍,
അങ്ങനെ എന്തെങ്കിലും ആയിരുന്നെ ആദ്യ ദിവസം തന്നെ
അനുവദിക്കുമായിരുന്നു.

സിദ്ധാര്‍ത്ഥന്‍ ദേവിയുടെ
മുറിയില്‍ കയറിയപ്പോള്‍ സെലീനത്തേയ്ക്ക്‌ പോവുകയും ചെയ്തു.

ദേവിയുടെ മുഖത്ത്‌
തങ്ങിനിന്നിരുന്ന ശാന്തിയും സ്വസ്ഥതയും അവനെ ആകര്‍ഷിച്ചു. സദാ മുഖത്ത്‌ നിലനില്‍ക്കുന്ന
പുഞ്ചിരി കൂടുതല്‍ ശ്രദ്ധേയമാണ്‌.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍,
ഒരന്വേഷകനാണ്‌”.

“ഇരിക്കു.”

വിനീതമായ സ്വരം.

അവന്‍ ഇരിക്കുമ്പോള്‍
ദേവിയുടെ കണ്ണുകളില്‍ നിന്ന്‌ കണ്ണുകള്‍ അകന്നു പോകാതിരിക്കാന്‍ ശ്രമിച്ചു.

“സതീദേവി… ഇത്ര
ചെറുപ്പത്തിലെ തന്നെ സന്യാസിനി

ആകാനും ഇങ്ങനെ ഒരു
സ്ഥാപനത്തില്‍ എത്താനും കാരണം തീരുമാനങ്ങള്‍ കൊണ്ടാണോ ?”

“ഇപ്പോള്‍ ഞാന്‍
സതീദേവിയല്ല. ദേവി ചൈതന്യമയിയാണ്”

“ആയിരിക്കാം,
എങ്കിലും, വേരുകള്‍ പിഴുതെറിയാന്‍ കഴ്‌

ല്ലല്ലോ!”

“താങ്കള്‍ അനാവശ്യമായ
കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.

ഒരു പത്രക്കാരനെപ്പോലെ
പെരുമാറുന്നു”

“അങ്ങിനെയൊന്നുമില്ല,
ദേവി. ജീവിക്കാനായി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നടക്കുന്ന
ഒരു സാധു”.

“പക്ഷെ നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ എന്നാലാവില്ല. ഞാന്‍ ഇവിടത്തെ നിയമത്തിന്‌
കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാത്വികയാണ്‌’.

അവന്‍ ദേവിയെ കൂടുതലായി
ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ ഉടല്‍, വെളുത്ത നിറം,
കറുത്ത്‌ പ്രകാശിതമായ കണ്ണുകള്‍, ചുരുണ്ട്‌ നീണ്ട
മുടി, പ്രസന്നമായ മുഖം. സാത്വികമായ ഭാവംതന്നെ.

അതിനേക്കാളേറെ നിരാശ്രയയായ
ഒരു പാവം പെണ്‍കുട്ടിയുടെ ഭാവമാണോ ?

പ്രായം ഇരുപതുകളുടെ
മദ്ധ്യവും.

നഗ്നമായ കഴുത്ത്‌, കാതുകള്‍, കളഭച്ചാര്‍ത്ത്‌.

ദേവി അവനെ ശ്രദ്ധിച്ചില്ല.

പക്ഷെ അവനോട്‌ പോകാന്‍ കല്‍പിച്ചില്ല.

ദേവിക്ക്‌ താല്‍പര്യമില്ലാത്ത
സന്ദര്‍ശകരോട് പുറത്തു പോകാന്‍ ആവശ്യപ്പെടാറുണ്ട്‌. എന്നിട്ടും
പോകാത്തവരുണ്ടെങ്കില്‍ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാറുള്ള നീതിപാലകര്‍
സഹായത്തിനെത്താറുണ്ട്‌.

അവനിലുള്ള എന്തോ
പ്രത്യേകതയില്‍ ദേവി ആകര്‍ഷിക്കപ്പെട്ടെന്നു തോന്നുന്നു.

ദേവി നിശബ്ദയായിരുന്നു.

“ദേവി
നിത്യചൈതന്യമയി……….ആ പേര് അന്വര്‍ത്ഥമാണ്‌’.

ദേവി മുഖമുയര്‍ത്തി, സംശയാസ്പദമായ മുഖം.

“ദേവിക്ക്‌ സാത്വികമായ
ചൈതന്യമുണ്ട്‌”

ദേവിയുടെ മുഖം വിവര്‍ണ്ണമായി, ഗുരുവിന്‌ മുന്നിലിരിയ്ക്കുന്ന ശിഷ്യയെപ്പോലെ അവന്റെ മുഖത്ത്‌
നോക്കിയിരുന്നു.

“പക്ഷെ സ്വന്തം
വേരുകളെ മൂടിവയ്ക്കാനാവില്ല. കാരണം ഒരു വൃക്ഷം വളര്‍ന്നു വലുതാവണമെങ്കില്‍
വേരുകളത്യാവശ്യമാണ്‌. അത്‌ മണ്ണിനടിയില്‍ ആണെന്നും എല്ലാവര്‍ക്കും അറിയാം. പലരും,
വ്യക്ഷം തന്നെ ആ കാര്യം ശശദ്ധിക്കാറില്ല. പക്ഷെ ഇവിടെ ദേവിയുടെ
വേരുകള്‍, ദേവിക്ക്‌ അറിയാത്തതാകാം, ഞാന്‍
കണ്ടെത്തിയിരിയ്ക്കുന്നു”.

അവന്‍ ദേവിയുടെ മുഖത്ത്‌ ശ്രദ്ധിച്ചു.
അവാച്യമായ എന്തെല്ലാമോ വികാരങ്ങൾ……..

രസങ്ങൾ…..

വികാരങ്ങൾ……

ദേവിക്ക്‌
മിണ്ടാനാകുന്നില്ലെന്ന്‌ തോന്നി.

“ദേവി, ഭഗവാന്‍ സച്ചിദാനന്ദന്റെ മകളാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ, ദേവിയുടെ അമ്മ, സച്ചിദാനന്ദന്റെ, അല്ലെ ഭാസ്കരന്‍ നായരുടെ മുറപ്പെണ്ണായ കാര്‍ത്തികയാണെന്നു പറഞ്ഞാൽ
അമ്പരക്കുമോ….?”

കണ്ണുകൾ തുറന്ന് നിശ്ചലയായി
ദേവി  ഇരുന്നുപോയി.

അകലെ, അകലെ,

എവിടയോ നിന്ന്…..

ദേവദൂതന്‍ എത്തിച്ചേര്‍ന്നതുപോലെ, കാതങ്ങള്‍ അകലെ എടെനിന്നോ ഒരശരീരി കേള്‍ക്കുംപോലെ….

എന്താണിത്…..?

എന്തിനാണിത്…..?

ഒന്നും
നിർവ്വചിക്കാനാവുന്നില്ല, ഒന്നിലും എത്തിച്ചേരാനാകുന്നില്ല.

ദേവിയുടെ കണ്ണുകള്‍
നിറയുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവന്‍ കണ്ടു.

മുഖം കൂടുതല്‍
വികസിതമാവുകയാണ്‌.

“ദേവി”

അവന്‍ മൃദുവായി വിളിച്ചു.

ദേവി മുഖം കൈകളാല്‍ മൂടി.

കരയുന്ന ശബ്ദം
പുറത്തുവരാതിരിക്കാന്‍ ബന്ധപ്പെട്ടു.

അവന്‍ എഴുന്നേറ്റ്‌
ദേവിയ്ക്കടുത്തു നിന്നു.

“ദേവി, ഞാന്‍ പറഞ്ഞത്‌ തെറ്റാണെങ്കില്‍ ക്ഷമിയ്ക്കു………ഞൻ പോകുന്നു”.

അവന്‍ മുറിവിട്ട നടക്കുമ്പോള്‍
ദേവി തലയുയര്‍ത്തി. അ

പോകരുതെന്ന്‌ പറയാന്‍
ആഗ്രഹിച്ചു.

പക്ഷെ, പറയാനാകാതെ മരവിച്ചിരുന്നു.

സിദ്ധാര്‍ത്ഥന്‍ വന്നു
മടങ്ങിയിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിരിക്കന്നു എന്നിട്ടും ദേവി ഭൂതലത്തിലേയ്ക്കൂ പൂര്‍ണ്ണമായും
എത്തിയിട്ടില്ല.

ആനന്ദകരമായ ഒരു ആന്ദോളനം. അവാച്യമായ
അനുഭൂതിയില്‍ അകപ്പെട്ട്‌, ലോകം മറന്ന്‌, ശരീരം
മറന്ന്‌,

മേഘപാളികളിലൂടെ, ഭാരമില്ലാതെ, അപ്പൂപ്പന്‍താടി പോലെ, പറന്ന്‌, പറന്ന്‌…..

ദേവി……..

ഒരിയ്ക്കലും
പ്രതീക്ഷിക്കാത്തതായിരുന്നു.

എവിടെനിന്നോ പൊട്ടിവീണതുപോലെ, ഒരു മായാജാല പ്രകടനംപോലെ, അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ
തന്റെ അച്ഛനും അമ്മയും ഇന്നവരാണെന്ന്‌ അറിയുന്നു, ദൈവമേ
എന്താണിതെല്ലാം…….

ജന്മമെടുത്തു ഇരുപത്തിയെട്ടു
തികയുംമുമ്പേ അമ്മയെ വിട്ടുപിരിഞ്ഞ്‌ അനാഥായത്തില്‍…. അനാഥാലയത്തിന്റെ അധിപയായ
മദര്‍ സുപ്പീരിയറിനോട്‌ പലപ്പോഴും ചോദിച്ചിട്ടുള്ളതായിരുന്നു.

എന്തെങ്കിലും ഒരു തെളിവ്‌,

ഇല്ല.

ആകെയുള്ളത്‌ അനാഥാ
ലയത്തിലെത്തിച്ച വ്യക്തിയാണ്‌. അയാള്‍ സ്പോണ്‍സറാണത്രെ. എല്ലാ ചെലവുകളും കൃത്യമായി
എത്തിക്കുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വന്നു കാണുന്നു. തിരിച്ചറിവായപ്പോള്‍
മദര്‍ പറഞ്ഞു. അയാള്‍ ഭഗവാനാണെന്ന്‌, ലോകമെല്ലാം
ബഹുമാനിക്കുന്ന ആളാണെന്ന്‌……

പക്ഷെ, അയാളുടെ സന്ദര്‍ശനങ്ങള്‍ക്ക്‌ ഒട്ടും പ്രാധാന്യം കൊടുത്തില്ല, താല്പര്യം കാണിച്ചില്ല.

ഇരുപത്തി രണ്ടാമത്തെ
പിറന്നാളിന്റെ അന്ന്‌ അയാള്‍, അവളോട്‌ ഒപ്പം
വരുവാനാവാശ്യപ്പെട്ടു. മദറിന്റെയും മറ്റ്‌ അന്തേവാസികളുടെയുംആഗ്രഹവും അതു തന്നെയായിരുന്നു.
അയാളോടൊപ്പം പോന്നു.

എത്തിപ്പെട്ടതോ ?

വര്‍ണ്ണപ്പൊലിമയില്‍,

ശബ്ദകൂടാരത്തില്‍, സുഖത്തിന്റെ പറുദീസയില്‍….. സതീദേവി എന്ന പേരു മാറി, നിത്യചൈതന്യമയിയായി.

ഇവിടെയും പ്രധാന പ്രവർത്തി
അനാഥരെ ശ്രുശ്രൂഷിക്കലാണ്‌. പക്ഷെ, ഇവിടത്തെ
അനാഥര്‍ക്ക്‌ മറ്റെന്തെല്ലാമോ വ്യതിയാനങ്ങൾ കാണാം. ഈ ലോകം അവള്‍ക്ക്‌
മനസ്സിലാക്കാന്‍ ആവുന്നില്ല. എന്തിന്റെയെല്ലാമോ പ്രേരണയാല്‍ യാന്ത്രികമായി
നീങ്ങുന്ന ഒരു മാസ്മരികമായ ഒരു വലയത്തില്‍ അകപ്പെട്ടതുപോലെ എത്തുന്ന       മനുഷ്യര്‍….. എന്തെല്ലാമോ ആചാരങ്ങള്‍…..അനുഷ്ഠാനങ്ങൾ
നടക്കുന്നു. ധാരാളമായിട്ട്‌ പണം ചെലവഴിയ്ക്കുന്നു.. എന്തെല്ലാമോ ചെയ്യുന്നു. ആരും
സത്യമറിയുന്നില്ല. ആരും അറിയാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഇവിടെനിന്നും
പുറത്തുപോകാനാണ്‌ തോന്നിയിട്ടുള്ളത്‌. പക്ഷെ, എങ്ങോട്ട്‌,
എങ്ങിനെ എന്ന ചോദ്യത്തിനു മുന്നില്‍ മരവിച്ച്‌ നിന്നുപോകുന്നു.

പക്ഷെ, ഇവിടെ എത്തിയിട്ടും, ഭഗവാനോട്‌ ഒട്ടും താല്പര്യം
തോന്നിയിട്ടില്ല. അയാളെക്കുറിച്ചുള്ള മിത്തുകള്‍ കേട്ടിട്ടും യാതൊന്നും തോന്നിയിട്ടില്ല.
ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്നു. സ്വകാര്യ സ്വപ്നങ്ങളില്‍ മുഴുകുന്നു. ശാന്തിപുഴയുടെ
തീരത്തുകൂടി അലയുന്നു. പക്ഷികളോട്‌, സസ്യലതാദികളോട്‌
കിന്നാരം പറഞ്ഞ്‌, തൊട്ടു തലോടി ……

സായാഹ്നത്തില്‍ കിട്ടുന്ന ആ
രണ്ടു മണിക്കൂറുകളാണ്‌ ജീ

വിതത്തില്‍ ആകെയുള്ള സുഖം. പിന്നില്‍
ഒരു വ്യക്തമായ കഥയില്ല. മുന്നോട്ട്‌ വ്യക്തമായൊരു പാതയില്ല. പിന്നെ ജീവിതത്തിന്‌
എന്താണ്‌ അര്‍ത്ഥം?

ദേവി…..

ദേവവ്രതന്റെ ശബ്ദമാണ്.

അവള്‍ തിരിഞ്ഞുനോക്കി.

ശാന്തിപുഴ ശക്തിയായി
ഒഴുകിക്കൊണ്ടേയിരിക്കുകയാണ്‌. എങ്കിലും അന്തരീക്ഷം ശുദ്ധവും ശുഭ്രവുമാണ്‌. ഇവിടെ
അവള്‍ ദേവവ്രതനെ ഒരിയ്ക്കലും പ്രതീക്ഷിച്ചിട്ടില്ല….. പക്ഷെ, ശാന്തിഗ്രാമത്തിലെ ജീവിതത്തിനിടയില്‍ ലേശമെങ്കിലും അടുപ്പം തോന്നിയ വ്യക്തി
ദേവവ്രതനാണ്‌.

പ്രധാന ആചാര്യന്റെ പ്രധാന
ശിഷ്യന്‍.

അടുത്ത പധാന ആചാര്യന്‍.

അവള്‍ക്ക്‌ തോന്നിയിട്ടുള്ള
അടുപ്പം,
വെറും താല്പര്യം മാത്രമാണെന്നും അതില്‍ക്കൂടുതല്‍ ഒരു ബന്ധവും
അതിലില്ലെന്നും പലപ്പോഴും ചിന്തിച്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.

പക്ഷെ, അയാളില്‍ എന്തെങ്കിലും ഇല്ലേ ?

ഉണ്ടെന്ന്‌ പലപ്പോഴും
തോന്നിയിട്ടുണ്ട്‌.

ഉണ്ടെങ്കില്‍ത്തന്നെ അതില്‍
അവള്‍ക്ക്‌ താലപര്യമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നിട്ടും
തിരക്കുകുറഞ്ഞ സായാഹ്നങ്ങളില്‍, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ, ദേവവ്രതന്‍ ദേവിയെ തേടിയെത്തുന്നു.

ഈ പുതിയ അറിവ് സത്യമാണെന്ന്‌
എന്താണ്‌ തെളിവ്‌?

ആദ്യമായി കണ്ട ഒരു
ചെറുപ്പക്കാരന്‍, വെറുതെ പറഞ്ഞൊരു ജല്‍പ്പനമാവില്ലേ? ആവില്ലെന്നാണ്‌ അവള്‍ക്ക്‌ വ്യക്തമായി തോന്നുന്നത്‌. അതുവഴി വളരെ
പ്രാവശ്യത്തെ സന്ദര്‍ശനത്തിനു ശേഷവും ദേവവ്രതനോടു തോന്നാത്ത ഒരു അടുപ്പം പുതിയ
സന്ദര്‍ശകനോട് തോന്നിപ്പോകുന്നു. ഒരു അടുപ്പം, അയാള്‍
പറഞ്ഞത്‌ സത്യമാണെന്ന്‌ വിശ്വസിപ്പിക്കുന്നു.

“ദേവി……അശ്വനി
പ്രസാദ്‌ കാത്തുനില്‍ക്കുന്നു…”

സെലീനയാണ്.

“ഉം….”

“വരാൻ പറയട്ടെ…?”

“ഉവ്വ്…”

ഡോര്‍ കര്‍ട്ടന്‍ വിടര്‍ത്തി
അശ്വനി പ്രസാദ്‌ എത്തി.

ഉപചാരത്തില്‍ അയാള്‍ വണങ്ങി.

“ദേവി, ഞാന്‍ അയാളെപ്പറ്റി അന്വേഷിച്ചു, ഉടനെ പിടികൂടാനാവുമെന്നു
തോന്നുന്നു. മാനസികനില തെറ്റിയ പെരുമാറ്റങ്ങളാണ്. എത്തിയിട്ട്‌ ആഴ്ചകളായി…ഏതോ
റസ്റ്റോറന്റിലാണ്‌ താമസം. വിവരം ഭഗവാനെ അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌…….”

ദേവി മറുപടി പറഞ്ഞില്ല.
അശ്വനി പ്രസാദ്‌ വണങ്ങി, മടങ്ങി.

നീർക്കുമിളപോലെ……തറയില്‍
വീണുടയുന്ന ഗ്ലാസ്സുപോലെ….സ്വപ്നങ്ങള്‍ വീണുടയുന്നത്‌ ദേവി കണ്ടു……..

കണ്ണുകളടച്ച്‌, കസാലയില്‍ ചാരി ദേവിയിരുന്നു.

@@@@@