അദ്ധ്യായം പതിനഞ്ച്‌

അനിയന്ത്രിതമായ, അവിശ്വസനീയമായ വേഗത്തിലുള്ള ആരോഹണമായിരുന്നു. അത്യുന്നതങ്ങളിലെ
സമതലത്തിലെത്തിപ്പെട്ടപ്പോള്‍ എന്തുമാത്രം സന്തോഷിക്കേണ്ടതായിരുന്നു.
വിശ്വസിയ്ക്കാമോ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുകൂടിയുണ്ട്‌.

എല്ലാറ്റിനും ഗുരുവിന്റെ
പിന്തുണയും ഉണ്ടായിരുന്നു. ശക്തമായൊരു മതിലുപോലെ, അചഞ്ചലയായി,
പിന്നില്‍ ഉറച്ചുനിന്നു, ഗുരു. വിദേശത്തു ജോലി
ചെയ്യുന്ന അച്ഛനമ്മമാര്‍, സഹോദരങ്ങള്‍. അവരുടെ ഒരേയൊരു മകള്‍;
സഹോദരി. എന്നിട്ടും ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എല്ലാവരും
പങ്കെടുത്ത ആര്‍ഭാടപൂര്‍വ്വമായ വിവാഹം തന്നെയായിരുന്നു; രണ്ടുപേരുടെയും
വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യുക്തമെന്നും യോജിക്കുമെന്നും
കരുതിയത്‌ ആചരിച്ചും അനുഷ്ഠിച്ചും.

സിദ്ധാര്‍ത്ഥനും നാന്‍സിയും.

അവര്‍ കമ്മ്യൂണിനു പുറത്ത്‌
നാന്‍സിയുടെ അച്ഛന്‍ നല്‍കിയ വീട്ടില്‍ത്തന്നെ ജീവിതം തുടങ്ങുകയും ചെയ്തു.

പക്ഷെ,

ഏതോ ഒരു സന്ധ്യയില്‍, ഏതോ ഒരു നിമിഷത്തില്‍, ടെറസ്സില്‍ അസ്തമനം
കണ്ടുനിന്ന നാന്‍സി കസേരയില്‍ മയങ്ങിക്കിടന്നിരുന്ന അവനരുകില്‍ എത്തി പറഞ്ഞു.

“എനിക്ക്‌
മടുത്തു…”

ഞെട്ടലോടെ അവനുണര്‍ന്നു.
പലപ്പോഴും അവളുടെ പെരുമാറ്റത്തില്‍നിന്നും തോന്നിച്ചിട്ടുള്ള ഒരു സത്യം; പലപ്പോഴും അവളോട്‌ ചോദിക്കണമെന്ന്‌ ആഗ്രഹിച്ച ഒരു സത്യം അവള്‍ അവനോട്‌
പറഞ്ഞിരിയ്ക്കുന്നു.

“സിദ്ധാര്‍ത്ഥന്‍,
നിങ്ങളെ എനിക്ക്‌ മടുത്തു……നിങ്ങളുടെ ജീവിതചര്യകള്‍….പാതകള്‍……..നാട്യങ്ങള്‍….എനിക്ക്
മടുത്തു……നിങ്ങള്‍ തീര്‍ത്തിരിയ്ക്കുന്ന ഈ മതില്‍….. എനിയ്ക്കിതിനുള്ളില്‍
നില്‍ക്കാനാവില്ല….എന്നെ പോകാനനുവദിയ്ക്കൂ…..”

“നാൻസി….?”

നാന്‍സി അവന്റെ മുഖത്ത്‌
നോക്കിയില്ല. നോക്കിയാല്‍ അവളുടെ ഉറച്ച തീരുമാനങ്ങള്‍ മണല്‍ക്കൊട്ടാരംപോലെ അടര്‍ന്നു
വീഴുമെന്ന റിയാമായിരുന്നു. അവള്‍ അവന് മുഖം കൊടുക്കാതെ അകലങ്ങളിലെവിടെയോ എന്തിനെയോ
പ്രതീക്ഷിച്ചു നോക്കിയിരുന്നു.

എന്നിട്ടും ഒരുക്കമായിരുന്നു.
എല്ലാ വിശ്വാസങ്ങളും, എല്ലാ ചട്ടങ്ങളും ത്യജിയ്ക്കാന്‍,
കമ്മ്യൂൺ വിട്ടു പോകാന്‍വരെ……പക്ഷെ അവള്‍ അതിലൊന്നും
ഒതുങ്ങി നിന്നില്ല. രണ്ടു ധുവങ്ങളിലെ വ്യക്തികളെപ്പോലെ അവര്‍ വ്യത്യസ്തരായിരുന്നു; ഉടുപ്പില്‍, എടുപ്പില്‍, നടപ്പില്‍………

ദിനചര്യയില്‍, ആഹാരരീതിയില്‍…..

സ്വപ്നാത്മകമായൊരു ലോകത്ത്‌, നാന്‍സി പറന്നുനടന്നു. അവള്‍ക്കൊരിയ്ക്കലും ഭൂമിയില്‍ ഇറങ്ങാനോ. ഭൂമിയിലെ
താഴേയ്ക്കിടയിലുള്ള ജീനുകളെ കാണാനോ, കണ്ടറിയാനോ കഴിഞ്ഞില്ല.
പക്ഷെ, സിദ്ധാര്‍ത്ഥന്‍ താഴേയ്ക്കിടയിലെ ജീനുകളില്‍നിന്നും,
ജീവിതത്തില്‍നിന്നും ഉയര്‍ന്നെത്താന്‍ ഒരുക്കമായിരുന്നു.

പക്ഷെ,

നാന്‍സി അതും
ഇഷ്ടപ്പെട്ടില്ല. അവള്‍ അവനെ വെറുത്തു. അവന്‍ അവള്‍ക്കനുയോജ്യനല്ലെ കണ്ടെത്തി, തീരുമാനിച്ചു.

കല്‍പടവുകള്‍ കയറവെ, ഉന്നതിയിലെത്തേണ്ട നിമിഷങ്ങള്‍ അടുക്കവെ, കയ്യിൽ
എല്ലാ സമ്പത്തുക്കളും സൂക്ഷിച്ചിരുന്ന ചില്ലുഗ്ലാസ് കയ്യിൽനിന്നും വഴുതി വീണ്
പടവുക്ലിൽ തട്ടിയുടഞ്ഞ്,സൂക്ഷിച്ചിരുന്ന മുത്തുകളും
പവിഴങ്ങളും പടവുകള്‍ വഴി തട്ടിമുട്ടി അടിത്തട്ടിലേയ്ക്ക്‌ തെറിച്ചു വീഴുന്നത്‌
സിദ്ധാര്‍ത്ഥന്‍ നോക്കിനിന്നു.

തേങ്ങിപ്പോയി…….

അവന്‍ തകർന്ന ചില്ലുഗ്ലാസ്‌
ചീളുകളും,
മുത്തുകളും, പവിഴങ്ങളും പെറുക്കിക്കൂട്ടാന്‍
തെല്ലൊന്ന്‌ നില്‍ക്കുമ്പോഴേയ്ക്കും, അവന്റെ ഇടതുകയ്യില്‍ പിടിച്ച്‌,
അവന്റെ തണലില്‍, കരുത്തില്‍ പടികള്‍ കയറി വന്നിരുന്ന
നാന്‍സി അവനെ വിട്ട കൂട്ടങ്ങളോടൊത്ത്‌ വീണ്ടും ഉന്നതിയിലേയ്ക്ക്‌ പടവുകള്‍
കയറിക്കഴിഞ്ഞിരിയ്ക്കുന്നു.

കോടതിയില്‍ ഒരൊറ്റ ആവശ്യമേ
ഉന്നയിച്ചുള്ളു. മകന്‍ വിവേകിനെ കാണാനുള്ള അവകാശം. പക്ഷെ, അതുംകൂടി, ഒരു നിയമത്തിനും തടുക്കാനാവാത്ത വിധം,
വിജയിക്കാനാകാത്ത വിധം അവള്‍ നേടിയെടുത്തിരിയ്ക്കുന്നു.

മുറിയുടെ ജനാല തുറന്ന്‌
സിദ്ധാര്‍ത്ഥന്‍ കിഴക്കോട്ട്‌ നോക്കി കട്ടിലില്‍ കിടന്നു. കിഴക്ക്‌ കാറ്‌
കൊണ്ടിരിയ്ക്കുന്നു. ഇരുള്‍ കയറുന്നു. രാത്രി പിറക്കുന്നു.

മഴയുണ്ടാകുമെന്ന്‌ മാനം
പറയുന്നു.

സിദ്ധാര്‍ത്ഥന്‍ പ്രതീക്ഷയോടെ
ചിന്തിച്ചുപോകുന്നു. ഈ മഴ കഴിഞ്ഞ്‌ അന്തരീക്ഷം തെളിഞ്ഞ്‌ കഴിഞ്ഞ്‌, മഴവെള്ളമെല്ലാം ഒഴുകി അകന്നു കഴിഞ്ഞ്‌ ശുദ്ധവും ശുഭ്രവുമായൊരു
ഭൂപ്രദേശത്ത്‌ കഴിയാനാവുമോ ?

ആവോ !

പ്രവിശ്യയിലെ എല്ലാ പ്രമുഖ പത്രങ്ങളുടെയും
പ്രതിനിധികള്‍…ഒന്നാംകിടയെന്നും രണ്ടാംകിടയെന്നും വ്യത്യാസമില്ലാതെ… മുഖ്യമന്ത്രിയാണ്‌
വിളിച്ചുകൂട്ടിയത്‌.

പക്ഷെ എത്തിയിരിയ്ക്കുന്ന
പ്രതിനിധികളില്‍ ഒന്നാംകിടക്കാരുടെ പ്രതിനിധികള്‍ മാത്രവും രണ്ടാംനിരക്കാരുടെ സഹ പത്രാധിപന്മാരും
മൂന്നാംകിടക്കാരുടെയും നാലാംകിടക്കാരുടെയും പ്രധാന പത്രാധിപന്മാരുമാണെന്നു മാത്രം.
അന്തസ്സും ആഭിജാത്യവും നോക്കിയാണത്രെ ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍
പങ്കെടുക്കുന്നത്‌. നാലാംകിട പത്രാധിപന്റെ ഒപ്പം ഒന്നാംകിട പത്രാധിപന്മാര്‍
പങ്കെടുത്താല്‍ അയിത്തമാകുമത്രെ.

ഗുരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌
ഫാസ്റ്റ്‌ പാസഞ്ചറിലാണ്‌ എത്തിയത്‌. ഒന്നാംകിടക്കാരും രണ്ടാംകിടക്കാരും പത്രമോഫീസ്‌
കാറുകളിലും സ്വന്തം കാറുകളിലുമൊക്കെയായിരുന്നു.

മുഖ്യമന്ത്രി പ്രസംഗിച്ചു.

“പത്രസ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യാനുള്ളതല്ല. പ്രത്യേകിച്ച് മതേതര രാജ്യമായ, അവികസിതമായ
നമ്മുടെ രാഷ്ട്രത്ത്‌, പുരോമനപരമായിട്ട്, ആവശ്യമായിട്ട്‌ എന്തെല്ലാമാണ്‌ ചെയ്യാനുള്ളത്‌, പക്ഷെ,

ഇവിടെ ചില പത്രക്കാര്‍ ഒരു പ്രത്യേക
വ്യക്തിയെ, വിശ്വാസത്തെ ധ്വംസനം ചെയ്യുത്തക്ക വിധത്തില്‍ വാര്‍ത്തകളും
ഫീച്ചറുകളും പ്രസിദ്ധീകരിക്കുന്നത്‌ ശരിയല്ലെന്ന്‌ അറിയിക്കാനും, അതിനെതിരെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനും കൂടിയാണ്‌ ഈ സമ്മേളനം
വിളിച്ചുകൂട്ടിയിരിക്കുന്നത്‌….”

“ഞാന്‍
സൂചിപ്പിക്കുന്നത്‌ ഭഗവാന്‍ സച്ചിദാനന്ദനെക്കുറിച്ചാണ്. അദ്ദേഹം ജനക്ഷേമകരമായ
പലവിധ പ്രവര്‍ത്തനങ്ങളാല്‍ നമ്മുടെ പ്രവിശ്യയുടെ ഹൃദയത്തിന്റെ തന്നെ വിശ്വാസം
നേടിയ ആളാണ്. രാഷ്ട്രത്തിന്റെ തന്നെ, പല
വിദേശരാഷ്ട്രത്തിന്റെ തന്നെ വിശ്വാസമാര്‍ജ്ജിച്ച ദേഹമാണ്‌. അദ്ദേഹത്തെപ്പറ്റി
സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും
ചെയ്യുന്നത്‌ രാഷ്ട്രനീതിയല്ല. സ്വതന്ത്രമായൊരു പത്രപ്രവര്‍ത്തനമല്ല എന്നാണ്‌ എനിക്ക്
പറയാനുള്ളത്‌… അത്‌ ഇനിയും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനു
നടപടികള്‍ സ്വീകരിക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പത്രസ്വാതന്ത്ര്യന്ത്യത്തെ
നശിപ്പിച്ചെന്നും പൌരസ്വാതന്ത്ര്യം ഹനിച്ചെന്നും പറഞ്ഞ്‌ മുറവിളി കൂട്ടേണ്ട
കാര്യമില്ലെന്നുകൂടി അറിയിക്കുനാഗ്രഹിക്കുകയാണ്‌. “

മുഖ്യന്ത്രിയുടെ പ്രസ്താവന
കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ സമ്മേളനഹാള്‍ ശബ്ദമുഖരിതമായി.

ഗുരു ശ്രദ്ധിച്ചു.

പത്രപ്രതിനിധികളുടെ
അഭിപ്രായങ്ങള്‍, ശക്തമായ വാദങ്ങള്‍. ചെറുചെറുപ്രസംഗങ്ങള്‍, പ്രസ്താവനകള്‍…… ഒന്നാംകിടക്കാര്‍ നിറമില്ലാത്തവരായിരുന്നപ്പോള്‍ ചില
ജാതിമത പത്രക്കാര്‍ മുഖ്യമന്ത്രിയെ അനുകൂലിയ്ക്കുകയും പത്രലോകത്തെ അവര്‍ണ്ണരെന്നു
ഗണിക്കപ്പെട്ടിട്ടുള്ളവരും ചില രാഷ്രീയ പാര്‍ട്ടികളുടെ പത്രങ്ങളും മുഖ്യമന്ത്രിയെ
കര്‍ശനമായി വിമര്‍ശിക്കുകയു

ചെയ്തു.  അവരില്‍ പലരും ഗുരുവിന്റെ പ്രതത്തിലെ വാര്‍ത്തകളും
ഫീച്ചറുകളും സത്യങ്ങളാണെന്നും, ആ സത്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്നും
വ്യക്തമാക്കി.

ഗുരു മനസ്സില്‍ വോട്ടെടുപ്പു
നടത്തി. അറുപതു ശതമാനത്തിലേറെ ഗുരുവിന്റെ അനുയായികളാണെന്നറിഞ്ഞു.

ഒടുവില്‍ ഗുരുവിന്റെ
ഘനഗംഭീരമായ സ്വരം സമ്മേളന ഹാളില്‍ മുഴങ്ങി.

“ഇവിടെ ഈ
സമ്മേളനത്തിന്‌ പങ്കെടുത്തിരിയ്ക്കുന്നതില്‍ അറുപതു ശതമാനം പ്രതിനിധികള്‍ക്കും
ശരിയാണെന്ന്‌ തോന്നുന്ന കാര്യങ്ങളാണ്‌ എന്റെ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍…….അതിന്റെ
നിജസ്ഥിതിയും, ഒരുപക്ഷെ, നമ്മുടെ
കഥാനായകന്‍ ഭഗവാന്‍ സച്ചിദാനന്ദനെത്തന്നെ ബഹു. മുഖ്യമന്ത്രിയ്ക്ക്‌ അറിവുള്ള
ആളുമാകാം. എന്നിട്ടും ഒരു പ്രവിശ്യയിലെ ക്രമസമാധാനം തകരുന്നെന്നു കണ്ടാല്‍ അതിനെ
തടയേണ്ടത്‌ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്‌. പക്ഷെ ആകര്‍ത്തവ്യം, അദ്ദേഹത്തിന്റെ ജനതയെ, അദ്ദേഹത്തിനെ തെരഞ്ഞെടുത്ത്‌,
ഈ സ്ഥാനത്തെത്തിച്ച അദ്ദേഹത്തില്‍നിന്നും നന്മകിട്ടുമെന്നും പ്രതീക്ഷിക്കുന്ന
ഒരു വലിയ, സാധാരണ ജനതയെ വഞ്ചിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നതാകരുതെന്ന്‌
എനിക്ക്‌ അഭ്യര്‍ത്ഥനയുണ്ട്‌. ഞാന്‍ചെയ്യുന്നത്‌ നന്മയാണെന്നാണ്‌ എന്റെ വിശ്വാസം.
എനിക്കറിയാവുന്ന ഒരു സത്യം എന്നെ കേള്‍ക്കുന്നവരെ അറിയിക്കുന്നു. അത്‌
സത്യമല്ലായെന്ന്‌ അന്വേഷിച്ച്‌ ബോദ്ധ്യമായാല്‍ സര്‍ക്കാരിന്‌ എന്റെപേരില്‍ നടപടിയെടുക്കാം.
അല്ലാതെ പരപ്രേരണയാല്‍ നിജസ്ഥിതിയ്ക്ക്‌ വിരുദ്ധമായി നടപടിയെടുക്കാന്‍
ശ്രമിക്കുന്നത്‌ പത്രസ്വാതന്ത്ര്യ ഹത്യയും ജനാധിപത്യ വിശ്വാസഹത്യയും ആകും. അങ്ങനെ
ഒരു ദുഷ്കര്‍മ്മം

എന്റെ ഒരു പഴയകാല സുഹൃത്ത്‌
കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടാകില്ലെന്നു കരുതുന്നു.”

സമ്മേളനഹാള്‍ കരഘോഷത്താല്‍
മുഖരിതമായി…..

ഗുരു മുഖ്യമന്ത്രിയുടെ മുഖം
ശ്രദ്ധിച്ചു.

വിളറിവെളുത്ത്‌, മരവിച്ച്‌…..ഗുരുവിന്റെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു.

@@@@@@@@