അദ്ധ്യായം അഞ്ച്‌

ഭഗവാന്റെ ശയനമുറിയ്ക്ക്‌
മുന്നില്‍ അടഞ്ഞ വാതില്‍ക്കല്‍ ദേവി ഒരു നിമിഷം നിന്നു.

നവവധുവിനെപ്പോലെ ചൂളി, ശരീരത്ത്‌ ഒരു ചൂട്‌ അരിച്ചുനടക്കുന്നതു പോലെ………………

കഴുത്തിലും കവിളിലും വിയര്‍പ്പ്‌
പൊടിഞ്ഞിരിക്കുന്നു.

എത്ര പുരുഷന്മാര്‍ കഴിഞ്ഞാലും
ഭഗവാന്റെ സാമിപ്യം എന്നും അങ്ങിനെയാണ്‌.

പുതുമ പോലെ,

ആദ്യബന്ധം പോലെ…..

ഭഗവാനേ…………

സംപൂര്‍ണ്ണന്‍ ഭഗവാന്‍ മാത്രമായതാണോ
കാരണം?

കൂടെ വന്ന തോഴിമാരിലൊരാള്‍
കതക്‌ തുറന്ന്‌ അകത്ത്‌ പോയിട്ട് ഉടനെ തിരിച്ചുവന്ന്‌ അറിയിച്ചു.

“അമ്മ
എഴുന്നള്ളിക്കൊള്ളു.”

ദേവി കതക്‌ തുറന്ന്‌
അകത്തേയ്ക്കു കടന്നു.

മുറിയ്ക്കുള്ളില്‍ ഉസ്മാനെയും
പ്രധാന ആചാര്യനെയും കണ്ടപ്പോള്‍ മുഖം വാടി. മനസ്സു കനത്തു, കണ്ണുകള്‍ മങ്ങി.

നവവധുവില്‍ നിന്നും ഝഡുതിയില്‍
മദ്ധയവയസ്കയായി, വികാരർഹിതയയി.

“ദേവി
വന്നോളു…….”

ഭഗവാന്റെ ശാന്തമായ സ്വരം.

 ദേവിയുടെ സാമിപ്യത്തില്‍ ഉസ്മാന്‍ മാത്രം
എഴുന്നേറ്റിരുന്നു.

അചാരങ്ങള്‍ അങ്ങിനെയാണ്‌.
പ്രധാനാചാര്യന്‌ ഭഗവാന്റെ അടുത്ത് മാത്രമേ ഉപചാരങ്ങള്‍ ആവശ്യമുള്ളു. ദേവിക്ക്‌
ഭഗവാന്റെത്തും പ്രധാനാചാര്യന്റെ അടുത്തും. ദേവി ഭഗവാനേയും, ആചാര്യനേയും വണങ്ങി. ആസനസ്ഥ ഭഗവാന്റെ ശയനമുറിയില്‍ മൂന്നു പേര്‍ക്കേ
ഇരിപ്പിടങ്ങള്‍ ഉള്ളൂ.

പ്രധാനാചാര്യന്,

ദേവിയ്ക്ക്‌,

ദളപതിയ്ക്ക്‌,

“ദേവി, കുടിക്കാന്‍ സംഭാരമാകാമല്ലൊ?”

പരിചാരകന്‍ സംഭാരവും പകര്‍ന്നുകുടിക്കാന്‍
വെള്ളി ഡവറകളുമായി എത്തി.

ഭഗവാന്‍ പരിചാരകരോട്‌ പുറത്ത്‌
പോകാന്‍ ആജ്ഞാപിച്ചു.

ഉസ്മാന്‍ കതകിന്റെ
സാക്ഷയിട്ടു.

ദേവി എല്ലാവര്‍ക്കും സംഭാരം
വിളമ്പി.

ഭഗവാന്‍ ഒരുനിമിഷം
കണ്ണടച്ചിരുന്നു. പിന്നീട പറഞ്ഞു.

ഇന്നേയ്ക്ക്‌ പതിനഞ്ചാമതുനാള്‍
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുകയാണ്‌. ഷഷ്ടിപൂര്‍ത്തിയുടെ അന്ന്‌ എന്റെ പൂര്‍ണ്ണകായ
പ്രതിമ വിശ്വസമാധാന സ്തംഭത്തിന്‌ മുന്നില്‍ സ്ഥാപിക്കപ്പെടും..:…….. ഞാനും
എന്റെ ആശയങ്ങളും ശിലയാകുമെന്ന്‌ സാരം.

“ഭഗവാന്‍…..?”

ആചാര്യ വിഷ്ണു ദേവിന്റെ
മുഖത്ത്‌ അമ്പരപ്പ്‌ നിറഞ്ഞു.

“ഞാന്‍ എന്റെ കര്‍മ്മങ്ങള്‍
ചെയ്തവസാനിപ്പിച്ചെന്നാണ്‌ വിശ്വസിക്കുന്നത്‌.”

അവരുടെ കണ്ണുകള്‍ ഭഗവാന്റെ
മുഖത്ത്‌ തറച്ചുനിന്നു.

“ഞാന്‍
അവതരിക്കുമ്പോള്‍ ഒരു കര്‍മ്മം ഏറ്റിരുന്നു. ബുദ്ധി നഷ്ടപ്പെട്ട് വിവേകം നശിച്ച്‌
അലയുന്ന മനുഷ്യനെ ബോധവല്‍ക്കരിക്കുകയെന്നത്‌. സത്യമെന്താണെന്ന്‌, സനാതനമെന്താണെന്ന്‌, കര്‍മ്മമെന്താന്ന്‌ അവരെ
പഠിപ്പിക്കുകയെന്നത്‌. വിഷ്ണുദേവ്‌ ഇന്നും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
വിഷ്ണുദേവില്‍നിന്നും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളിലൂടെ നമ്മുടെ ദര്‍ശനങ്ങള്‍
ജനഹൃദയങ്ങളിലെത്തിച്ചു. ജാതി മത മാത്സര്യങ്ങളില്ലാതെ ധന ദരിദ്രചിന്ത കൂടാതെ
സ്ഥാനമാനങ്ങളെ മറന്ന്‌ ലക്ഷങ്ങള്‍ നമ്മുടെ സന്നിധാനത്തിലെത്തി, ഒരുമിച്ച്‌ ചേരുകയും സമത്വ സാഹോദര്യത്തിലൂടെ വര്‍ത്തിക്കുകയും ചെയ്യുന്നതു
നാം

കാണുന്നു.

കാലദേശങ്ങളെ മറന്ന്‌
ദു.ഖിക്കുന്നവര്‍ ഇവിടെ എത്തിച്ചേരുന്നു ശാന്തിപുഴയിലെ ഒരു നീരാട്ടില്‍, സന്നിധാനത്തിലെത്തിയുള്ള ഒരൂ ധ്യാനത്തില്‍ അവരുടെ ദു:ഖങ്ങളെല്ലാം
അകന്നെന്നും സമാധാനം ലഭിച്ചെന്നും പറയുന്നു.

നാം കൃതാര്‍ത്ഥനായി, ധന്യനായി.

എന്റെ ജന്മ ഉദ്ദേശം തന്നെ
അതായിരുന്നു. അതിനേക്കാളൊക്കെ പ്രധാനമായി നിങ്ങളെ അറിയിക്കാനുള്ളത്‌ ഷഷ്ടിപൂര്‍ത്തി
ആഘോഷത്തോടുകുടി ട്രസ്റ്റിന്‌ പുതിയ അദ്ധ്യക്ഷന്‍ വരുന്നു എന്നതാണ്‌. ഞാന്‍
കേവലനായൊരു അവതാരമായ്‌ നില കൊള്ളും.

നിങ്ങള്‍
ആശ്ചര്യപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു ശക്തി
നിലനിന്നിരുന്നു. അവര്‍ ഒരിയ്ക്കലും രംഗത്തു വരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു മാത്രം.
പക്ഷെ,
എല്ലാത്തിന്റേയും കടിഞ്ഞാണ്‍ അവരുടെ കൈകളിലായിരുന്നു. നാം അവരുടെ
ചതുരംഗക്കളത്തിലെ കരുക്കള്‍ മാത്രമായിരുന്നു.

ചരിത്ര രേഖകളിലും കാണാന്‍
കഴിയുന്ന ഒരു സത്യമാണത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിറകില്‍,
സംരഭങ്ങള്‍ക്ക്‌ പിറകില്‍ അപ്രകാരമൊരു ശക്തിയുണ്ടെന്നുള്ളത്‌. അവര്‍
ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ എല്ലാറ്റിന്റേയും അന്തിമ ഗുണം അവര്‍ക്കായിരിക്കുകയും
ചെയ്യും. ഗുണം മാത്രം. ദോഷം ഒരിയ്ക്കലും അവരില്‍ എത്താറില്ല.

ശാന്തിഗ്രാമം ആ ധനിക വര്‍ഗ്ഗത്തിന്റെ
അധീനതയിലാളും.അവര്‍ വിതച്ച്‌ വിളയിച്ചതാണി ഭൂമി. ഇനിയും ഇവിടെനിന്നും വിളവുകള്‍
കാലാകാലങ്ങളില്‍ കൊയ്തെടുക്കല്‍ മാത്രമാണവരുടെ ലക്ഷ്യം, അതിന്‌ ഇനിയും നമ്മുടെ സഹായം അവര്‍ക്കാവശ്യമില്ല.

ഒരര്‍ത്ഥത്തില്‍ ഇവിടെയുണ്ടായ
ഐശ്വര്യം മുഴുവന്‍ അവര്‍ വഴിയാണിവിടെ എത്തിയത്‌. ഞാന്‍ ഒരു നിമിത്തം
മാത്രമായിരുന്നു.

വ്യക്തമായി പറഞ്ഞാല്‍
നാമെല്ലാം ഓരോ അവതാരങ്ങളാണ്‌.

എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്നതായ
പരമസത്യത്തില്‍ നിന്നും ഉടലെടുക്കുന്ന നാനാരൂപങ്ങള്‍ മാത്രം. കര്‍മ്മങ്ങള്‍കൊണ്ട്‌
നാം വൃത്യസ്തരാകുന്നുവെന്നും മാത്രം.

ദേഹിയും അടങ്ങിയ ഞാനും
ദേഹിമാത്രമായ ഞാനും മാത്രമായ ഞാനും വ്യത്യസ്തങ്ങളാണ്‌. പരമമായ സത്യവും പ്രകൃതിയും
പോലെ. ഒരിക്കല്‍ വേര്‍പിരിക്കപ്പെട്ടാല്‍ ഒന്നീക്കുന്നില്ല. പുനർജനിക്കുന്നില്ല.

നമ്മുടെത്‌ വിശിഷ്ടമായൊരു
സംയോഗമായിരുന്നു. ബ്രഹ്മവിഷ്ണു മഹേശ്വരന്‍മാരും ലക്ഷ്മിദേവിയും ഉള്‍ക്കൊള്ളുന്ന സംയോഗം
പോലെ.

ഞാനെന്ന ധ്യാനവും, വിഷണുദേവ്‌ എന്ന ബുദ്ധിയും ഉസ്മാനെന്ന ശക്തിയും ദേവിയാല്‍
സംയോജിക്കപ്പെടുകയായിരുന്നു. ആ സംയോജനത്തില്‍ നിന്നും ശാന്തിഗ്രാമം ഉണ്ടായി.

ഇപ്പോള്‍ നമ്മുടെ കര്‍മ്മം പൂർത്തിയായിരിക്കുന്നു.

ഏതു പ്രധാന അവതാരങ്ങളിലും
ഇപ്രകാരമൊരു സംയോജനം ദർശിക്കാനാവുന്നതാണ്‌. അല്ലാത്ത അവതാരങ്ങള്‍ കര്‍മ്മങ്ങള്‍
പൂർത്തീകരിക്കാനാവാതെ തിരോധാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

എവിടെനിന്നെല്ലാമോ, ഏതെല്ലാമോ മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ എത്തപ്പെട്ടു, ജാതി
മത വര്‍ഗ്ഗങ്ങള്‍ മറന്ന്‌ ഒന്നിച്ചു.

ഒന്നായി……

ആ ഒന്നില്‍ നിന്നും മുളകള്‍
പൊട്ടി,
പൊട്ടിയ മുളകള്‍ക്ക്‌ പല നിറങ്ങളും പല ഭാവങ്ങളും ഛായകളുമുണ്ടായി.
ഓരോനിറങ്ങളും ഭാവങ്ങളും ഓരോ ചലനങ്ങളും ഓരോ ജാതികളും മതങ്ങളും വർഗ്ഗങ്ങളുമായി
പരിണമിച്ചിരിക്കുന്നു.

ശാന്തിഗ്രാമം നിറയെ വ്യത്യസ്ത
ജാതി മത വര്‍ണ്ണങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ഇനിയും നമുക്കൊന്നും
ചെയ്യാനാവില്ല. ഇവിടെ നിന്നും തിരോധാനം ചെയ്യുക എന്നതൊഴിച്ച്‌.

അചാര്യ വിഷ്ണുദേവ്‌,

പാര്‍വ്വതിദേവി,

ദളപതി ഉസ്മാന്‍,

നിശബ്ദം എല്ലാം
കേട്ടുകൊണ്ടിരുന്നു.

ശാന്തിപുഴയിലെ പുണ്യജലത്തില്‍
തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിച്ചു. പാപങ്ങൾ കഴുകപ്പെട്ട്‌ താഴേയ്ക്കൊഴുകിയിറങ്ങി.

കിഴക്ക്‌ തിരിഞ്ഞ്‌ നിന്ന്‌
കണ്ണുകളെ പൂട്ടി ജ്യോതിര്‍മയനായ സൂര്യനെ തൊഴുതു. ജലകണങ്ങള്‍
പറ്റിപ്പിടിച്ചിരിക്കുന്ന ശരീരങ്ങളെ സൂര്യദേവന്‍ തുവര്‍ത്തിക്കൊടുത്തു. കുളിരില്‍
വിറയ്ക്കുന്ന ശരീരങ്ങളിലേയ്ക്ക്‌ ഈര്‍ജ്ജം പകര്‍ന്നു കൊടുത്തു.

അവര്‍ സച്ചിദാനന്ദ ദര്‍ശനത്തിന്‌
പടവുകള്‍ കയറി.

സിദ്ധാര്‍ത്ഥനും.

പടവുകള്‍ കയറവെ സിദ്ധാര്‍ത്ഥന്‍
വെറുതെ മനസ്സിലേയ്‌ നോക്കി.

അവിടെ, മനസ്സ്‌ ശാന്തമാണോ?

അതെ.

ആണോ?

അല്ല!

നാന്‍സിയുടെ മുഖം.

പൂച്ചക്കണ്ണുകള്‍, ലിപ്സ്റ്റിക്‌ പുരണ്ട ചുണ്ടുകള്‍, ഭംഗിയായ മൂക്ക് ചുവന്ന
കപോലങ്ങള്‍, ബോബ്‌ ചെയ്ത മുടി….

പിന്നെ അവളാകെ…………..

എന്റെ നാന്‍സി.

എന്റെ നാന്‍സി…?

വികഭ്രമകരമായ ഒരു
സ്വപ്നമായിരുന്നു.

എല്ലാ സുഗന്ധങ്ങളും ഉള്‍ക്കൊണ്ടൊരു
വസന്തമായിരുന്നു. അവളാകെ പൊതിയുകയായിരുന്നു….

എന്നിട്ടൊ….?

എന്നിട്ട് എല്ലാം ഒരു നിമിഷം
കൊണ്ട്‌ അവസാനിച്ചു.

നാന്‍സി നീ എന്തിനാണെന്നെ…..?

ഇല്ല.

ഉവ്വ്.

നാന്‍സി നീ ഒരു
സത്യമായിരുന്നോ?

അതെ.

അല്ല.

ആയിരുന്നു?

വെള്ളമാക്കോതയുടേയും
കറുത്തനാരായണിയുടേയും മകൻ ഇരുനിറക്കാരനായ സിദ്ധാര്‍ത്ഥന്‍ വലിയ മോഹങ്ങളോ പിടിയിലൊതുങ്ങാത്ത
സ്വപ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

എന്നിട്ടും ഒരു സായാഹ്നത്തില്‍
ക്യാബിന്റെ വാതില്‍ തുറന്ന് നാൻസി വന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുന്നതാണ്‌
അവളുടെ പ്രത്യേകത.

പൂച്ച കണ്ണുകളും, ലിപിസ്റ്റിക്ക്‌ പുരണ്ടചുണ്ടുകളും ബോബ്‌

മുടിയും ചുവന്ന കവിളുകളും
ഏതുനേരത്തും കുസൃതിയുള്ള

ചിരിയും.

“ഞാൻ നാന്‍സി ഫെര്‍ണാണ്ടസ്‌.
ഗുരുവിന്റെ അകന്നൊരു ബന്ധു. ഇവിടെ വിമന്‍സ്‌ കോളേജില്‍ പി.ജി. യ്ക്ക്‌ ചേര്‍ന്നിരിക്കുന്നു.”

“ഏസ്സ്‌ ഇരിയ്ക്കൂ”

കസേര വലിച്ച്‌ അലപം
അലോരസമുണ്ടാക്കിയാണ്‌ അവളിരുന്നത്. പിന്നീട്‌ മനസ്സിലായി അവള്‍ എപ്പോഴും
അങ്ങിനെതന്നെയാണെന്ന്. എപ്പോഴും അലോരസമുണ്ടാക്കുന്ന ഒരോ ശബ്ദങ്ങള്‍ അല്ലെ ങ്കിൽ
ശ്രദ്ധിക്കപ്പെടും വിധമുള്ള ഓരോ വാക്കുകള്‍, അതുമല്ലെങ്കില്‍ ഒരു
സ്പര്‍ശനമെങ്കിലും……..

അവള്‍ വ്യത്യസ്ത തന്നെയാണ്‌.

ആദ്യദിവസം തന്നെ മനസ്സില്‍
ചിത്രങ്ങള്‍ തീര്‍ത്തിരുന്നെങ്കിലും സാരമാക്കിയില്ല.

വിദേശത്തുകഴിയുന്ന
അച്ഛനമ്മമാര്‍ മകളെ ഗുരുവിന്റെ സവിധത്തിലാണ് ഏല്‍പ്പിച്ചിരുന്നത്‌. ഗുരുവിന്റെ
വസതിയില്‍ താമസമാക്കിയപ്പോൾ സന്ദര്‍ശനങ്ങള്‍ കൂടി.

ഓഫീസ്‌ ക്യാബിനില്‍, തനിയെയുള്ള വീട്ടില്‍, അപൂര്‍വ്വ സമയങ്ങളിൽ പുറത്ത്‌
റസ്റ്റോറന്റുകളില്‍.

ബന്ധത്തിന്റെ വളര്‍ച്ച
തെറ്റുന്നില്ലല്ലോയെന്ന്‌ പല ദിവസങ്ങളിലും അപഗ്രഥിക്കുകയും ചെയ്തിരുന്നു.

അന്നു വളരെ തിരക്കേറിയ
ദിവസമായിരുന്നു. ഒരു വി.ഐ.പിയുമായി അഭിമുഖം. പിന്നീട അയാളുടെ പൊതുസമ്മേളനത്തിന്റെ
റിപ്പോർട്ടുക്കള്‍, ഫോട്ടോഗ്രാഫുകള്‍ എല്ലാം ശരിയാക്കി
പ്രസ്സില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ഉരുട്ടി.

വീട്ടിലെത്തി കുളിക്കാന്‍
നില്‍ക്കാതെയാണ്‌ കട്ടിലില്‍ കിടന്നത്‌.മയക്കത്തിലേയ്ക്ക്‌ മനസ്സ്‌ ചാഞ്ഞിറങ്ങിക്കൊണ്ടിരിക്കെ
നിശബ്ദമായ ഉള്ളിലെവിടെയോ പാദചലനങ്ങള്‍ കേട്ടതുപോലെ. മനസ്സ് ഉണര്‍ന്നു. എന്നിട്ടും
കണ്ണുതുറന്നില്ല. ഉവ്വ്, പാദചലനങ്ങള്‍ ഉണ്ട്‌. അടുത്തുവരുന്നുണ്ട്‌,
തീര്‍ച്ചയായും ആ പാദചലനങ്ങള്‍ തിരിച്ചറിയാനാവുന്നു.

അതു നാന്‍സിയാണ്‌.

ഒരു നിമിഷം ഓര്‍മ്മിച്ചു എനിയ്ക്ക്‌
അവളുടെ പാദചലനങ്ങള്‍ കൂടി തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. അതിനര്‍ത്ഥം അവള്‍
ഉള്ളിന്റെ ഉള്ളില്‍ അത്രമാത്രം സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നല്ലെ?।

ആ ബന്ധം ശാശ്വതമല്ലെന്നൊ അനര്‍ഹമാണെന്നൊ
ധാരണയിലാണ്‌, എപ്പോള്‍ വിശകലനം ചെയ്താലും എത്തിച്ചേരുന്നരുന്നത്.
ആവശ്യമില്ലാത്ത പ്രകോപനാവസ്ഥയിലേയ്ക്ക്‌ എത്തിപ്പെടേണ്ട എന്ന ധാരണയിലാണ്‌
എത്തിച്ചേരുന്നത്‌. അതൊരു അപകര്‍ഷതാ ബോധമാണോ? ആകാം. എന്നിരിയ്ക്കിലും,
അവളെ ഇഷ്ടമാണ്‌ എല്ലാ അര്‍ത്ഥങ്ങളിലും, മാനങ്ങളിലും.
അവളുടെ സാമിപ്യം ചിലനേരങ്ങളില്‍, അവളുടെ കണ്ണുകളില്‍ പൂക്കുന്ന
വികാരങ്ങള്‍, അറിഞ്ഞോ അറിയാതേയോ അവളില്‍ നിന്നും ലഭിക്കുന്ന
സ്പര്‍ശനങ്ങള്‍…

ഉവ്വ്,

മനസ്സില്‍ അവളോട് മോഹമുണ്ട്‌.
പക്ഷെ ഒരിക്കല്‍ പോലും അവളുടെ അടുത്ത്‌ പ്രകടിപ്പിച്ചിട്ടില്ല.

പ്രകടിപ്പിച്ചാല്‍ അവള്‍
പ്രോത്സാഹിപ്പിക്കുമെന്നു പലപ്പോഴും മനസ്സിലാക്കിയിരുന്നിട്ടു കൂടി സംയമനം
പാലിച്ചാണ്‌ പോന്നത്‌.

പാദചലനം നിലച്ചിരിക്കുന്നു.
മുറിയിലേയ്ക്ക്‌ ഒരു നേര്‍ത്ത സുഗന്ധം എത്തിപ്പെട്ടിരിക്കുന്നു. അവള്‍
കുളികഴിഞ്ഞയുടനെയാണ്‌ എത്തിയിരിക്കുന്നത്‌. വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു. ല്‍

എന്നിട്ടും ഉറക്കം
നടിച്ചുതന്നെ കിടന്നു.

വീണ്ടും പാദചലനങ്ങള്‍……..

അവള്‍ അടുത്തു കട്ടിലിനരുകില്‍,

നെറ്റിയില്‍ കൈ സ്പര്‍ശം……….

സുഖമില്ലെന്നവള്‍
തെറ്റിദ്ധരിച്ചിരിക്കണം, നല്ല ഉറക്കമാണെന്നും.

അവളെന്നെ പുതപ്പിക്കുന്നു.
പുതപ്പ്‌ വൃത്തിയായി ഒതുക്കി വച്ചു കഴിഞ്ഞു.

മുഖത്ത്‌ അവളുടെ നിശ്വാസം,

അവളുടെ ഗന്ധം.

കുളിക്കാനുപയോഗിച്ച
സോപ്പിന്റെ ഗന്ധം.

അറിഞ്ഞിട്ടില്ലാത്ത
പറയാനാവാത്ത ഒരനുഭൂതി,

മനമാകെ,

ബോധമാകെ,

മേനിയാകെ……………..

ഒരു മര്‍മ്മരം.

“എനിയ്ക്കിഷ്ടമാണ്‌……..”

കണ്ണുകള്‍ തുറന്നുപോയി, അവള്‍ കണ്ടിരിക്കുന്നു. അവളു

പൂച്ചക്കണ്ണുകളില്‍ ഭീതി, കവിളുകള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു, കട്ടിലിനടുത്തുനിന്നും മാറി ഭിത്തിയില്‍ ചാരി അപരാധിയെപ്പോലെ…..

വേഗം തന്നെ എഴുന്നേറ്റ്‌ അവള്‍ക്കരുകിലെത്തി, ചേര്‍ന്നു. ആ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി, കണ്ണുകള്‍ വഴി അവളുടെ ഹൃദയത്തിലേയ്ക്ക്‌, ഏറ്റവും, ഏറ്റവും ഉള്ളിലേയ്ക്ക്‌
ആഴ്ന്നിറങ്ങി……………

പിറുപിറുത്തുപോയി,

“എനിയ്ക്കും……”

അവളുടെ കണ്ണുകള്‍
നിറഞ്ഞുവരുന്നതു കണ്ടു. ചുണ്ടുകള്‍

വിതുമ്പുന്നു. ചുവന്ന
കവിളുകള്‍ പുക്കളേപ്പോലെ വിരിഞ്ഞു വന്നു. ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി.

എത്രയെത്ര മുറുക്കിയിട്ടും
അവള്‍ക്ക് മതിയാകാത്തതുപോലെ……. എത്ര അടുത്തിട്ടും അടുത്തു തീര്‍ന്നില്ല എന്ന
തോന്നലുള്ളതു പേലെ…. വീണ്ടും വീണ്ടും വരിഞ്ഞ്‌ മുറുക്കി, അമര്‍ത്തിപ്പിടിച്ച്‌………..

നാന്‍സി, ഞാന്‍ നിന്നെ സ്നേഹിച്ചു, സ്നേഹിക്കുന്നു.

പക്ഷെ, നീ……….

@@@@@@